ഉന്നാവിന്റെ കണ്ണീരായ പെൺകുട്ടിക്ക് ജന്മനാട്ടിൽ അന്ത്യവിശ്രമം; മൃതദേഹം സംസ്കരിച്ചു

unnao-rape-victim
SHARE

ഉന്നാവില്‍ ബലാത്സംഘക്കേസിലെ പ്രതികള്‍ ചുട്ട് കൊന്ന പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച്  മൃതദേഹം സംസ്കരിക്കാന്‍ കുടുംബം വിസമ്മതിച്ചിരുന്നു. യു.പി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കലക്ടറും നടത്തിയ ചര്‍ച്ചയിലാണ് സംസ്കാരം സംബന്ധിച്ചുള്ള അനിശ്ചിതത്വം നീങ്ങിയത്.

ഉന്നാവിന്‍റെ കണ്ണീരായ 23 വയസ്സുകാരിക്ക് ജന്മനാട്ടില്‍ അന്ത്യവിശ്രമം. മണിക്കൂറുകള്‍ നീണ്ടുനിന്ന പ്രതിഷേധങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ഉന്നാവിലെ ജന്മഗ്രാമത്തിന് സമീപമുള്ള കുടുംബ ഭൂമിയില്‍ മൃതദേഹം മറവ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹംപോസ്റ്റ്മോര്‍ട്ടത്തിന് ശേഷം  ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ജന്മനാട്ടിലേക്ക് കൊണ്ടുപോയത്. രാത്രിവൈകിയതിനാല്‍ ഇന്ന് രാവിലെ പത്ത് മണിക്ക് സംസാകാരം നടത്താന്‍ നിശ്ചയിച്ചു. രാവിലെ ആയതോടെ കുടുംബാംഗങ്ങള്‍ നിലപാട് കടുപ്പിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്താതെ സംസ്കാരം നടത്തില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഇതോടെയാണ് അനുനയചര്‍ച്ചകള്‍ക്കായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വീട്ടിലേക്ക് അയച്ചത്. എസ്.പി കമ്മീഷണര്‍ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ കലക്ടറുമെത്തി കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി. കേസില്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കുമെന്നും കുടുംബത്തിന് സുരക്ഷ നല്‍കുമെന്നും കുടുംബത്തിന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. തുടര്‍ന്നാണ് പന്ത്രണ്ട് മണിയോടെ മൃതദേഹം സംസാകരത്തിനായി കൊണ്ടുപോയത്.

സംസാകരത്തില്‍ യു.പി തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ യോഗി ആദിത്യനാഥിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. പെണ്‍കുട്ടിയുടെ ദാരുണ മരണത്തിലുള്ള പ്രതിഷേധം തുടരുകയാണ്. ദുഖ: സൂചകമായി നാളത്തെ പിറന്നാള്‍ ആഘോഷങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒഴിവാക്കി. സംഭവത്തില്‍ നാളെ പാര്‍ലമെന്‍റില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്താനാണ് തീരുമാനം. ഇതിനായി കോണ്‍ഗ്രസ് ഉന്നതതല യോഗം ഇന്ന് ചേരും. യു.പിയിലുടനീളം ശോകസഭകള്‍ നടത്തിയാണ് സമാജുവാദി പാര്‍ട്ടിയുടെ പ്രതിഷേധം. 

MORE IN INDIA
SHOW MORE
Loading...
Loading...