മഹാരാഷ്ട്ര ബിജെപിയില്‍ പൊട്ടിത്തെറി; പിളർപ്പിലേക്ക്?

pankaj-fadnavis
SHARE

സര്‍ക്കാര്‍‌ രൂപീകരണം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ബിജെപിയില്‍ പൊട്ടിത്തെറി. പിളര്‍പ്പുണ്ടാകുമെന്ന സൂചന നല്‍കി മുന്‍മന്ത്രി പങ്കജ മുണ്ടെ അനുയായികളുടെ യോഗം വിളിച്ചു. 12 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് അവകാശപ്പെടുന്ന പങ്കജ ശിവസേനയുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ പാതിരാനാടകമായിരുന്നുവെന്ന ബിജെപി എംപിയുടെ പരാമര്‍ശം വിവാദമായി.  നിയമസഭ കൗൺസിലിലേക്ക് നാമനിര്‍ദേശം ചെയ്യുകയോ സംസ്ഥാന അധ്യക്ഷ പദവി നല്‍കുകയോ ചെയ്തില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് പങ്കജ മുണ്ടെ ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മുന്‍കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയില്‍ ബിജെപിക്ക് അടിത്തറ നല്‍കിയ നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ 12 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഗോപിനാഥ് മുണ്ടെയുടെ 60ാം ജന്മവാര്‍ഷികമായ ഈമാസം 12-നാണ് ഭാവി പരിപാടികള്‍ ആലോചിക്കാന്‍ പങ്കജ യോഗം വിളിച്ചിരിക്കുന്നത്. 

അതേസമയം, ഇന്ന് പുറത്തിറങ്ങിയ ശിവസേന മുഖപത്രമായ സാമ്നയില്‍ മഹാസഖ്യ സര്‍ക്കാരിന് 182 പേരുടെ പിന്തുണയുണ്ടാകുമെന്ന സഞ്ജയ് റാവുത്തിന്റെ ലേഖനം പങ്കജയുടെ വിമത ഭീഷണിയോടെ ചര്‍ച്ചയാകുന്നുണ്ട്. ട്വിറ്ററില്‍ ബിജെപി നേതാവെന്ന വിശേഷണം പങ്കജ നീക്കം ചെയ്തു. അതേസമയം, അജിത് പവാറുമൊത്തുള്ള ഫഡ്നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം നാടകമായിരുന്നുവെന്ന് കര്‍ണാടകത്തിലെ ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞു. 40000 കോടിയുടെ കേന്ദ്ര ഫണ്ട്‌ ത്രികക്ഷി സഖ്യം ദുരുപയോഗം ചെയ്യുന്നത് തടയാനായിരുന്നു ഇത്‌. മുഖ്യമന്ത്രിയായി മണിക്കൂറുകൾക്കുള്ളിൽ ഫഡ്‌നാവിസ് ഈ തുക കേന്ദ്രത്തിനു തിരികെ നൽകിയെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന വിവാദമായതോടെ ഹെഗ്ഡെയെ തള്ളി ഫഡ്നാവിസ് തന്നെ രംഗത്തെത്തി. 

MORE IN INDIA
SHOW MORE
Loading...
Loading...