കോയമ്പത്തൂരിൽ കനത്ത മഴ; വീടുകൾക്കുമേൽ മതിലിടിഞ്ഞുവീണ് 17 മരണം

rain
SHARE

കനത്ത മഴയിൽ കോയമ്പത്തൂർ മേട്ടുപ്പാളയത്ത് വീടുകൾക്കുമേൽ മതിലിടിഞ്ഞുവീണ് 17 മരണം. അനധികൃതമായി  നിർമിച്ച  മതിലാണ്  അപകടമുണ്ടാക്കിയതെന്നാരോപിച്ചു നാട്ടുകാർ മേട്ടുപ്പാളയം ടൗൺ ഉപരോധിച്ചു. രണ്ടു ദിവസത്തിനിടെ 22 പേരാണ് തമിഴ്നാട്ടിൽ മഴക്കെടുതികളിൽ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. 

വടക്കു കിഴക്കൻ മൻസൂണിനൊപ്പം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും  ഒരേ സമയം ന്യൂനമർദം രൂപപ്പെട്ടതോടെയാണ്  2015-ലെ മഹാപ്രളയത്തിനു ശേഷം സംസ്ഥാനം കണ്ട കനത്ത മഴയ്ക്ക് തുടക്കമായത്.  

പുലര്‍ച്ചെയാണ് മേട്ടുപ്പാളയത്തെ വിറങ്ങലിപ്പിച്ച് ദുരന്തമുണ്ടായത്. ചെരിഞ്ഞ പ്രദേശത്തെ 15അടിയിലേറെ  ഉയരമുള്ള മതിൽ വീടുകൾക്ക് മുകളിലേക്കു  തകർന്നു  വീഴുകയായിരുന്നു. മൂന്ന് തട്ടുകളായി കിടന്നിരുന്ന 4 വീടുകൾ മിനിട്ടുകൾക്കുളിൽ മൺകൂമ്പാരമായി.ഉറങ്ങിക്കിടന്ന 17 പേർ മരിച്ചു. ഇതിൽ 12 പേർ സ്ത്രീകളും രണ്ടു പേർ കുട്ടികളുമാണ്. നാലു വീടുകള്‍ പൂര്‍ണമായി തകർന്നു. അനധികൃതമായി മതിൽ നിർമിച്ച  കെട്ടിട ഉടമയ്ക്കെതിരെ  കേസ് എടുത്തതായി  കോയമ്പത്തൂർ കലക്ടർ അറിയിച്ചു. 

തിരുവണ്ണാമലൈ, വെല്ലൂർ, രാമനാഥപുരം, തിരുനൽവേലി, തൂത്തുക്കുടി, തിരുവള്ളൂർ  ജില്ലകളിൽ റെഡ്  അലെർട് തുടരുകയാണ്. ചെന്നൈ ഉൾപ്പെടെ ഒൻപത്  ജില്ലകളിൽ  ഓറഞ്ച് അലേർട്ടും  പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ  തുടർന്ന് ഊട്ടി  മേട്ടുപ്പാളയം മലയോര ട്രെയിൻ സർവീസ്  നിർത്തി. മുഖ്യമന്ത്രിയുടെ  അധ്യക്ഷതയിൽ  ചേർന്ന അടിയന്തിര യോഗം  സ്ഥിതി വിലയിരുത്തി. വെള്ളം കയറാൻ  സാധ്യതയുള്ള പ്രദേശങ്ങളിൽ  നിന്ന്  ആളുകളെ  മാറ്റിപ്പാർപ്പിക്കാൻ  കലക്‌ടർമാർക്ക്  നിർദേശം നൽകി. ചെന്നൈ നഗരത്തിൽ  മാത്രം 60 താല്‍ക്കാലിക ക്യാംപുകൾ സജ്ജമാക്കിയിട്ടുണ്ട്. അതിനിടെ ചെന്നൈ ഉൾപ്പെടെയുള്ള  വടക്കൻ  തമിഴ്നാടിൽ മഴയ്ക്ക്  കുറവുണ്ട്. നാളെ വൈകിട്ടുവരെ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ്  കാലാവസ്ഥാ കേന്ദ്രത്തിന്റെ  മുന്നറിയിപ്പ്. 

MORE IN INDIA
SHOW MORE
Loading...
Loading...