അയോധ്യ വിധി പറയുന്നു; നിര്‍ണായക നിരീക്ഷണങ്ങള്‍ ഇങ്ങനെ

ayodhya-case-now
SHARE

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പറയുന്നു. അയോധ്യക്കേസില്‍ ഏകകണ്‌ഠനെയാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞത്. വിധി ഏകകണ്ഠമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിധി പൂര്‍ണമായി വായിക്കാന്‍ 30 മിനിറ്റ് വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കും. വിശ്വാസം അംഗീകരിക്കുമെന്ന് കോടതി പറഞ്ഞു. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്കാവില്ല. 

നിര്‍ണായകനിരീക്ഷണങ്ങള്‍

1. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്കാവില്ല

2. നിര്‍മോഹി അഖാഡയുടെ ഹര്‍ജി നിലനില്‍ക്കില്ല

3. രാമജന്മഭൂമിക്ക് നിയമവ്യക്തിത്വം ഇല്ല

4. ശ്രീരാമദേവന് നിയമവ്യക്തിത്വം ഉണ്ട്

5. ആര്‍ക്കിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല

6. ഖനനത്തില്‍ ക്ഷേത്രസ്വഭാവമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ASI റിപ്പോര്‍ട്ട്

7. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല

8. അയോധ്യ രാമജന്മഭൂമിയെന്നാണ് ഹൈന്ദവവിശ്വാസമെന്ന് ചരിത്രരേഖയുണ്ട്

9. രാം ചബൂത്രയിലും സീത രസോയിലും ഹിന്ദുക്കള്‍ പൂജ നടത്തിയതിനു തെളിവുണ്ട്

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പ്രത്യേക സിറ്റിങ് ചേർന്നാണ് വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരായിരുന്നു െബഞ്ചിലെ അംഗങ്ങൾ.

അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ്  പരിഗണിച്ചത്. 

40 ദിവസം നീണ്ട അന്തിമവാദത്തിന് ശേഷം കഴിഞ്ഞമാസം പതിനാറിനാണ് കേസ് വിധി പറയാൻ മാറ്റിയത്. അതീവ ജാഗ്രതയിലാണ് രാജ്യം. വിധി എന്തുതന്നെയാണെങ്കിലും സൗഹാർദം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയമനത്തോടെയുള്ള പ്രതികരണങ്ങളെ കേരളത്തിലുണ്ടാകാവുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആഹ്വാനം ചെയ്തിട്ടുണ്ട്. സുപീം കോടതി പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്, കോടതിയിലേക്കുള്ള റോഡുകളെല്ലാം അടച്ചു. രാവിലെ ഏഴരയോടെ തന്നെ മാധ്യമപ്രവര്‍ത്തകരെ സുപ്രീം കോടതിയില്‍ പ്രവേശിപ്പിച്ചു. പതിവിലും നേരത്തെ റജിസ്ട്രാര്‍ എത്തിയതിനെത്തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടത്.  വിധി വരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടികള്‍ റദ്ദാക്കി. 10.30ന് ബിജെപി നേതൃയോഗവും ചേരും.

നാൾവഴികൾ

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തില്‍ പരമോന്നത കോടതിയുടെ അന്തിമ തീര്‍പ്പായത്. പലതലത്തില്‍ പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയൂടെ രണ്ടിരട്ടി പ്രായമുണ്ട്.  

1528ല്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നത് 1850ഓടെ. 1885 ജനുവരി 29 തര്‍ക്കം ആദ്യമായി കോടതികയറി. മഹന്ത് രഘുബര്‍ദാസ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫൈസാബാദ് സബ്കോടതി തള്ളി. 

ഇതിനെതിരെ നല്‍കിയ അപ്പീലുകള്‍ 1886 മാര്‍ച്ച് 18ന് ജില്ലാകോടതിയും നവംബര്‍ 1ന് ജുഡീഷ്യല്‍ കമ്മീഷണറും തള്ളിയതോടെ ബ്രിട്ടീഷ് കാലത്തെ നിയമപോരാട്ടം അവസാനിച്ചു.

1949 ഓഗസ്റ്റ് 22 പള്ളിയില്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. 1949 ഡിസംബര്‍ 29 തര്‍ക്കഭൂമി ജില്ലാ മജിസ്ട്രേറ്റ് ജപ്തി ചെയ്തു. ഇതിനെതിരെ 1950 ജനുവരി 16ന് ഗോപാല്‍ സിങ് വിഷാരദെന്ന ശ്രീരാമ ഭക്തന്‍ ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കി. അയോധ്യ തര്‍ക്കത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ നിയമപോരാട്ടം ഇവിടെ തുടങ്ങുന്നു. 

1959ല്‍ സുന്നി വഖഫ് ബോര്‍ഡും 1961ല്‍ നിര്‍മോഹി അഖാഡയും  ഹര്‍ജി നല്‍കി. 1986 ജനുവരി 31, പള്ളി ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ ഫൈസാബാദ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ അവസാനിച്ചത് 1992ലെ ഡിസംബര്‍ ആറിന് ബാബറി മസ്ജിദിന്‍റെ തകര്‍ക്കലില്‍. 1993 ജനുവരി 7, തര്‍ക്കഭൂമി ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നിയമം. തര്‍ക്കഭൂമിയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സുപ്രീംകോടതിക്ക് രാഷ്ട്രപതിയുടെ റഫറന്‍സും. 1994 ഒക്ടോബര്‍ 24, റഫറന്‍സിന് മറുപടി നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി വിധി. വിഷയം അലഹബാദ് ഹൈക്കോടതിയിലേക്ക്. 2010 സെപ്റ്റംബര്‍ 30, തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ ഹൈക്കോടതി വിധി. 2010 മെയ് 9  വിധിക്ക് സുപ്രീംകോടതി സ്റ്റേ.  2019 ജനുവരി 08 ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്. 2019 മാര്‍ച്ച് 08 സമവായ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്. ചര്‍ച്ച പരാജയപ്പെട്ടതോടെ 2019 ഓഗസ്റ്റ് 06 ഭരണഘടന സുപ്രീംകോടതിയില്‍ അന്തിമവാദം. 2019 ഒക്ടോബര്‍ 16 40 ദിവസത്തെ വാദംത്തിന് ശേഷം ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.

MORE IN INDIA
SHOW MORE
Loading...
Loading...