വിധി വിശ്വാസത്തിന് മുന്‍തൂക്കം നല്‍കി; ‘പള്ളി നിന്നയിടം രാമന്‍റെ ജന്മസ്ഥലം’

ayodhya
SHARE

ശ്രീരാമന്‍റെ ജന്മഭൂമിയാണെന്ന ഹിന്ദുക്കളുടെ വിശ്വാസത്തിന് മുന്‍തൂക്കം നല്‍കിയാണ് തര്‍ക്കഭൂമി ക്ഷേത്രനിര്‍മാണത്തിനായി നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് തന്നെയാണ് ശ്രീരാമന്‍ ജനിച്ചതെന്ന വിശ്വാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭക്തരുടെ വിശ്വാസത്തെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും വിധിയില്‍ പറയുന്നു. ബാബറി മസ്ജിദ് രാമന്‍റെ ജന്മസ്ഥലമാണെന്ന് തെളിയിക്കപ്പെട്ടതായി വിധിയോടൊപ്പം ഉള്ള അനുബന്ധം വിശദീകരിക്കുന്നു.

അയോധ്യയിലെ ചരിത്ര വിധിയിലേക്ക് സുപ്രീംകോടതിയെ നയിച്ചത് രേഖകളും തെളിവുകളും മാത്രമല്ല. വിശ്വാസം കൂടിയാണ്. ബാബറി മസ്ജിദിന്‍റെ പുറംപ്രദേശത്തുണ്ടായിരുന്ന രാം ചബൂത്രയിലും സീതാ റസോയിയിലും ബ്രിട്ടീഷ് കാലത്തിന് മുമ്പ് തന്നെ ഹിന്ദുക്കള്‍ ആരാധന നിര്‍വ്വഹിച്ചിരുന്നു. ആ ഭൂമി കൈവശം വച്ചിരുന്നതും ഹിന്ദുക്കളായിരുന്നു. എന്നാല്‍ പള്ളി നിലനിന്ന ഭൂമിയുടെ കൈവശാവകാശം ഹിന്ദുക്കള്‍ക്കുണ്ടായിരുന്ന് വിധിയില്‍ പറയുന്നില്ല.

എന്നിട്ടും ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കുന്നത് വിശ്വസം പരിഗണിച്ചാണ്. പള്ളി നിലനിന്ന ഭൂമി രാമന്‍റെ ജന്മസ്ഥലമാണെന്ന വിശ്വാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരുമ്പ് മതില്‍ കെട്ടി ഭൂമി രണ്ടായി തിരിച്ചപ്പോഴും, പള്ളിക്കത്തേക്ക് പ്രവേശനം പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ടപ്പോഴും ഈ വിശ്വാസം ഹിന്ദുക്കള്‍ കൈവിടാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല ആരാധനയും തുടര്‍ന്നു. രാമനവമി പോലുള്ള മതപരമായ ആഘോഷ സമയങ്ങളില്‍ നൂറുകണക്കിന് ഭക്തര്‍ തര്‍ക്കഭൂമിയില്‍ എത്തുകയും പൂജകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. 

വിദേശ യാത്രികരുടെ വിവരണങ്ങളി‍ല്‍ ഇക്കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇത് സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളുമുണ്ടെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ തന്നെയാണ് ശ്രീരാമന്‍ ജനിച്ചതെന്ന വിശ്വാസം രേഖകളുടെ അടിസ്ഥാനത്തിലും വാമൊഴികളാലും തെളിയിക്കപ്പെട്ടതായി വിധിക്കൊപ്പമുള്ള അനുബന്ധം വിശദീകരിക്കുന്നു. അ‍ഞ്ച് ജഡ്ജിമാരില്‍ ഒരാളാണ് ഈ അനുബന്ധം എഴുതിയത്. അത് ആരാണെന്ന് വിധിയിപ്പകര്‍പ്പില്‍ വ്യക്തമാക്കുന്നില്ല

MORE IN INDIA
SHOW MORE
Loading...
Loading...