അയോധ്യക്കേസ്; വിധി പറയാനിരിക്കെ കേന്ദ്ര മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടവുമായി ബിജെപി

modi-ayodhya
SHARE

അയോധ്യക്കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ കേന്ദ്ര മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ബിജെപി പെരുമാറ്റച്ചട്ടം തയ്യാറാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിധിയെക്കുറിച്ച് പ്രതികരിക്കും മുന്‍പ് നേതാക്കളാരും വായ തുറക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. ആര്‍എസ്എസിന്‍റെ പരിപാടികള്‍ റദ്ദാക്കി. അതിനിടെ, യുപിയില്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.

ബിജെപി വര്‍ക്കിങ് പ്രസിഡന്‍റ് ജെ.പി നഡ്ഡ വിളിച്ചുചേര്‍ത്ത ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് പെരുമാറ്റച്ചട്ടം തയ്യാറാക്കിയത്. ബെംഗളുരു, കൊല്‍ക്കത്ത, മുംബൈ എന്നിങ്ങിനെ മേഖലകള്‍ തിരിച്ച് യോഗം ചേരുകയും നിര്‍ദേശങ്ങള്‍ നേതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.  പ്രകോപനപരമായ പ്രസ്താവനകള്‍ വിലക്കി. സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. വിധി എന്തായാലും അഭിപ്രായപ്രകടനങ്ങള്‍ പാടില്ല. വിധിക്ക് ശേഷം കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നിലപാട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ കൂടിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കും. അതിന് മുന്‍പ് ആരും പ്രതികരിക്കരുത്. ആര്‍എസ്എസിന്‍റെ ഈ മാസം 10 നും 20നും ഇടയിലുള്ള പരിപാടികള്‍ റദ്ദാക്കി. 40 കമ്പനി കേന്ദ്രസേനയെ ഉടന്‍ യുപിയില്‍ വിന്യസിക്കാനാണ് തീരുമാനം. ഈ മാസം 18വരെ കേന്ദ്ര സേന യുപിയില്‍ തുടരും. 10 കമ്പനി ദ്രുത കര്‍മസേന ഇതിനോടകം യുപിയില്‍ എത്തിക്കഴിഞ്ഞു. അയോധ്യയും അസംഗഡും ഉള്‍പ്പെടെ 12 പ്രശ്നബാധിത മേഖലകളിലാകും കേന്ദ്ര സേനയെ പ്രധാനമായും വിന്യസിക്കുക. 

വിധിയും തുടര്‍ന്നുള്ള  സാഹചര്യങ്ങളും രാജ്യത്തിനകത്തും വിദേശത്തും ഏറെ ഉറ്റുനോക്കുന്നതിനാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ കരുതലോടെയാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...