ഇന്ത്യ കര്‍ഷക ആത്മഹത്യകളുടെ തലസ്ഥാനമായി മാറും; മുന്നറിയിപ്പ്

chingam-farmer
SHARE

ഇന്ത്യ വൈകാതെ കര്‍ഷക ആത്മഹത്യകളുടെ ലോകതലസ്ഥാനമായി മാറുമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക ഉപദേഷ്ടാവിന്‍റെ മുന്നറിയിപ്പ്. 2015ന് ശേഷം എഴുത്തിരണ്ടായിരത്തോളം കര്‍ഷകര്‍ ജീവനൊടുക്കിയെന്ന കണക്കും പി.സി ബോധ് മുന്നോട്ടുവയ്ക്കുന്നു. 2015-ന് ശേഷമുള്ള കര്‍ഷക ആത്മഹത്യകളുടെ കണക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാതിരിക്കുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥന്‍റെ നിര്‍ണായകമായ ഈ വെളിപ്പെടുത്തല്‍. 

കേന്ദ്ര കൃഷി മന്ത്രാലയ ഉപദേഷ്ടാവായ പി.സി ബോധിന്‍റെ 'ഫാര്‍മേഴ്സ് സൂയിസൈഡ് ഇന്‍ ഇന്ത്യ: എ പോളിസി മാലിഗ്‍നന്‍സി' എന്ന പുതിയ പുസ്തകം രാജ്യത്തിന്‍റെ വിശപ്പുമാറ്റാന്‍ സ്വയം ഇല്ലാതാകുന്നവര്‍ നേരിടുന്ന നെറികേടുകളുടെ നേര്‍ക്കാഴ്ച്ചയാണ്. കാര്‍ഷിക രാജ്യമാണ് ഇന്ത്യയെന്ന് വാഴ്ത്തുമ്പോഴും ഭരണനേതൃത്വവും ഉദ്യോഗസ്ഥരും പൊതുസമൂഹവും കഴിഞ്ഞ ആറുപതിറ്റാണ്ടായി കര്‍ഷകരോട് വഞ്ചനാപരമായ നിലപാടുകളാണ് സ്വീകരിച്ചുവരുന്നതെന്ന് പുസ്തകം കുറ്റപ്പെടുത്തുന്നു. ഇങ്ങിനെ പോയാല്‍ ഇന്ത്യ കര്‍ഷക ആത്മഹത്യകളുടെ ലോകതലസ്ഥാനമായി മാറും. 1995 മുതലുള്ള കണക്കെടുത്താല്‍ 3,92,705 കര്‍ഷകര്‍ ജീവനൊടുക്കി. 1995 മുതല്‍ 2007വരെ ആത്മഹത്യ ചെയ്തത് 2,07,385 കര്‍ഷകര്‍. 2015ന് ശേഷമുള്ള കര്‍ഷക ആത്മഹത്യകളുടെ കണക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 71,277 കര്‍ഷകര്‍ ജീവനൊടുക്കിയെന്നാണ് പി.സി ബോധ് വ്യക്തമാക്കുന്നത്. കേരളത്തില്‍ 1995 മുതല്‍ 2007വരെ 1,358 കര്‍ഷക ആത്മഹത്യകള്‍. 2008 മുതല്‍ 2015വരെ 6,511 കര്‍ഷക ആത്മഹത്യകള്‍. 

1995 മുതല്‍ ഇതുവരെ കേരളത്തില്‍ 26,876 കര്‍ഷകര്‍ ജീവനൊടുക്കി. 2014–15 കാലയളവില്‍ കര്‍ഷക ആത്മഹത്യകള്‍ വീണ്ടും പെരുകിയത് ഇന്ത്യയുടെ കാര്‍ഷികരംഗം തിരിച്ചുവരവിന്‍റെ പാതയിലാണെന്ന അവകാശവാദം പൊളിക്കുന്നതായിരുന്നു. 2007ലെ ദേശീയ കര്‍ഷക നയത്തിന്‍റെ പോരായ്മകള്‍ തുറന്നുകാട്ടുന്നതായിരുന്നു. ജനസംഖ്യാനുപാതികമായി പരിശോധിച്ചാല്‍ കര്‍ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞു. 40 ശതമാനം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ രണ്ട് പതിറ്റാണ്ടുമാത്രമാണ് കൃഷിക്ക് പരിഗണന നല്‍കിയതെന്നും പുസ്തകം പറയുന്നു. 1987 ബാച്ച് ഇന്ത്യന്‍ ഇക്ണോമിക് സര്‍വീസ് ഉദ്യോഗസ്ഥനാണ് പി.സി ബോധ്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...