‘എല്ലാം ചെയ്തത് അമിത് ഷാ’; യെഡിയൂരപ്പയുടെ ഒാഡിയോ ക്ലിപ്; ബിജെപി വെട്ടിൽ

amit-shah-bjp-karnataka
SHARE

വിവാദമൊഴിയാതെ മുന്നോട്ടുപോവുകയാണ് കർണാടക രാഷ്ട്രീയം. ഒടുവിലായി കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ ഒരു ഒാഡിയോ ക്ലിപ്പാണ് ചർച്ചയാവുന്നത്. 

കോണ്‍ഗ്രസ്– ജെഡിഎസ് സഖ്യ സർക്കാരിനെ പുറത്താക്കാന്‍ കരുനീക്കങ്ങളെല്ലാം നടത്തിയത് ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായാണെന്നു വ്യക്തമാക്കുന്നതാണ് ഇൗ ഓഡിയോ ക്ലിപ്. ഇതിലുള്ളത് യെഡിയൂരപ്പയുടെ ശബ്ദമാണ്.

എന്നാൽ പാർട്ടിയുടെ താല്‍പര്യങ്ങൾ ബിജെപി പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നെന്നാണു മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ഇതേക്കുറിച്ചു പ്രതികരിച്ചത്. ശബ്ദരേഖയുടെ ആധികാരികത അദ്ദേഹം ചോദ്യം ചെയ്തില്ലെന്നതും ശ്രദ്ധേയമാണ്. കർണാടകയിലെ സർക്കാരിനെ താഴെയിറക്കാൻ കാരണക്കാരായ 17 എംഎല്‍എമാരോടും നല്ല രീതിയിൽ പെരുമാറണമെന്നും ബിജെപി പ്രവർത്തകരോട് യെഡിയൂരപ്പ പറയുന്നതായി രേഖയിലുണ്ട്.

‘എച്ച്.ഡി. കുമാരസ്വാമി സർക്കാരിനു നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടിവന്ന സാഹചര്യത്തിൽ, വിമത എംഎൽഎമാർ മുംബൈയിലെ നക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്നു. ഇവരെവച്ചുള്ള ആസൂത്രണങ്ങളെക്കുറിച്ച് അമിത് ഷായ്ക്ക് അറിയാം. യെഡിയൂരപ്പയല്ല ഇതെല്ലാം ചെയ്തതെന്നു നിങ്ങൾക്ക് അറിയില്ലേ? ദേശീയ അധ്യക്ഷനാണ് ഇതിനെല്ലാം നേതൃത്വം നൽകിയത്. അവർ നമ്മളെ സഹായിച്ചു. ബിജെപിയെ ഭരണകക്ഷിയാക്കുന്നതിനായിരുന്നു സഹായിച്ചത്. സുപ്രീം കോടതി വരെ പോയി. നമ്മളെല്ലാം അവരുടെ കൂടെ നിൽക്കണം’– ശബ്ദരേഖയിൽ പറയുന്നു.

ഓഡിയോ ക്ലിപ്പിന്റെ പേരിൽ കർണാടക സർക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഓപറേഷൻ കമലയെക്കുറിച്ചുള്ള യെഡിയൂരപ്പയുടെ കുറ്റസമ്മതമാണു പുറത്തുവന്നിരിക്കുന്നതെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു പ്രതികരിച്ചു. കൂറുമാറിയ നിയമസഭാംഗങ്ങളെ രണ്ടു മാസത്തിലധികം മുംബൈയിൽ സംരക്ഷിച്ചത് അമിത്ഷായാണെന്ന് യെഡിയൂരപ്പ വ്യക്തമായി പറയുന്നുണ്ട്. സർക്കാരിനെ താഴെയിടുന്നതിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് ബിജെപിയാണെന്നു വ്യക്തമാകാൻ ഇനിയെന്തു തെളിവു വേണം– കോണ്‍ഗ്രസ് അധ്യക്ഷൻ ട്വിറ്ററിൽ കുറിച്ചു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...