അഞ്ച് മിനിറ്റിൽ മൂന്നു കൊലപാതകം; കലങ്ങി മറിഞ്ഞ് ബംഗാൾ രാഷ്ട്രീയം

bengal-murder
SHARE

ഒക്ടോബർ 8, ദുർഗാപൂജയുടെ അവസാന ദിനം. കോളിങ് ബെൽ കേട്ടാണ് കുടുംബനാഥൻ ബാന്ധു പ്രകാശ് പാൽ(35) വാതിൽ തുറന്നത്. പിന്നീടുള്ള അ‍ഞ്ച് മിനിറ്റിൽ ആ വീട് സാക്ഷ്യം വഹിച്ചത് നിഷ്ഠൂരമായ കൊലപാതകങ്ങൾക്ക്. ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ബാന്ധു പ്രകാശ് പാൽ, എട്ടു മാസം ഗർഭിണിയായ ഭാര്യ ബ്യൂട്ടി പാൽ(28), ആറു വയസുകാരനായ മകൻ ആര്യ എന്നിവരാണ് അ‍ഞ്ച് മിനിറ്റിനുള്ളിൽ കൊല്ലപ്പെട്ടത്. 12.06 നും 12.11 നുമിടയിലായിരുന്നു ഈ കൂട്ടക്കുരുതി.

രാഷ്ട്രീയ കാരണങ്ങളാലാണ് കൊലപാതകമെന്നു സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. രക്തത്തിൽ‌ കുളിച്ചുകിടന്ന മൂവരുടെയും വിഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടു. കൊല്ലപ്പെട്ട ബാന്ധു പ്രകാശ് പാൽ ആർഎസ്എസ് അംഗമാണെന്ന് കാട്ടി ബിജെപി രംഗത്തെത്തിയെങ്കിലും അദ്ദേഹത്തിന് ഒരു  രാഷ്ട്രീയ കക്ഷിയുമായും ബന്ധമില്ലെന്നു കുടുംബാംഗങ്ങൾ വ്യക്തമാക്കി. കൊലപാതകം സംസ്ഥാനത്ത് ചർച്ചാവിഷയമായതോടെ അന്വേഷണം ആവശ്യപ്പെട്ട് ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറും ഇടപെട്ടു. കേസ് ഒതുക്കിത്തീർക്കാവില്ലെന്നു പറഞ്ഞ ഗവർണർ, സംഭവത്തിൽ മമത ബാനർജി സർക്കാരിന്റെ നിശബ്ദതയിൽ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

12.06 ന് ബ്യൂട്ടി ഒരു സുഹൃത്തുമായി ഫോണിൽ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. 12.11ന് വീടിനു മുന്നിലെത്തിയപ്പോൾ ഒരാൾ അവിടെ നിന്നും ഓടിമറയുന്നതു കണ്ടതായി വീട്ടിൽ പാൽ നൽകാനെത്തിയയാളും പൊലീസിനു മൊഴി നൽകി. 

അന്വേഷത്തിനൊടുവിൽ ബാന്ധു പ്രകാശ് പാലിൽ നിന്ന് ഒരു വർഷം മുൻപ് ഇൻഷുറൻസ് പോളിസിയെടുത്ത ഉത്പൽ ബെഹ്റയെ പൊലീസ് പിടികൂടി. പ്രീമിയം അടച്ചതിന്റെ രസീത് ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ചോദിച്ചെന്നും എന്നാൽ ബാന്ധുവിന്റെ മോശം പ്രതികരണത്തിൽ അപമാനിതനായതോടെ തിരിച്ചടി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് നിർമാണ തൊഴിലാളിയായ ഉത്പൽ പൊലീസിനു നൽകിയ മൊഴി.

വാതിൽ തുറന്ന നിമിഷം തന്നെ വടിവാളുമായി വീടിനുള്ളിലേക്ക് കയറി ആദ്യം ബാന്ധു പ്രകാശ് പാലിനെയും പിന്നാലെ ഭാര്യയെയും മകനെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. ഭാര്യയും മകനും തിരിച്ചറിയുമെന്നു കരുതിയതിനാലാണ് അവരെയും കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

ആരോപണപ്രത്യാരോപണങ്ങളുമായി ഈ കൊലപാതകം ബംഗാളിൽ ചർച്ചാവിഷയമാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള തയ്യാറെടുപ്പിലായ തൃണമൂൽ കോൺഗ്രസ് – ബിജെപി നേതൃതങ്ങൾ ഈ കൂട്ടക്കൊലയെചൊല്ലി ആരോപണങ്ങൾ തുടരുന്നതിനിടെയാണ് ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്ന പൊലീസിന്റെ വിശദീകരണം.

വെള്ളിയാഴ്ചത്തെ ദുർഗാപൂജ ആഘോഷത്തിൽ ഗവർണർ ജഗ്ദീപ് ധൻകറിനു വേദിയിൽ ഇരിപ്പിടം നൽകിയിരുന്നില്ല. 

അതേസമയം മുഖ്യമന്ത്രി മമത ബാനർജിയും മറ്റ് വിശിഷ്ടാതിഥികളും വേദിയിലായിരുന്നു ഇരുന്നത്.  ആദ്യാവസാനം ആഘോഷത്തിൽ പങ്കെടുത്തെങ്കിലും സംസ്ഥാന സർക്കാർ നിയോഗിച്ച ഏജൻസി ചിത്രീകരിച്ച ദൃശ്യങ്ങളിൽ ഒരിക്കൽ പോലും തന്നെ ഉൾപ്പെടുത്തിയില്ലെന്നും ഗവർണർ ആരോപിച്ചു. മുർഷിദബാദ് കൂട്ടക്കൊല സംബന്ധിച്ച് ഗവർണർ സർക്കാരിനെതിരെ നടത്തിയ പ്രസ്താവനയാണ് ഈ നടപടിക്കു പിന്നിലെന്ന് ആക്ഷേപമുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...