അന്ന് വിശ്വാസത്തെ തള്ളി; ഇന്ന് റഫാലിൽ പൂജ; മോദിയുടെ പ്രസംഗം പങ്കിട്ട് രാജേഷ്; വിഡിയോ

rafale-pooja-13
SHARE

ഇക്കഴിഞ്ഞ വിജയദശമി ദിനത്തിലാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആദ്യ റഫാൽ വിമാനം ഫ്രാൻസിൽ നിന്ന് ഏറ്റുവാങ്ങിയത്. വിമാനത്തിൽ ഓം എന്നെഴുതി ആയുധപൂജ നടത്തിയതും ചക്രത്തിന് മുന്നിൽ നാരങ്ങ വെച്ചതും വലിയ ചർച്ചയായിരുന്നു. വിശ്വാസത്തിന്റെ ഭാഗം എന്നായിരുന്നു രാജ്നാഥ്സിങ്ങിന്റെ പ്രതികരണം. ഇപ്പോഴിതാ 2017ൽ മോദി നടത്തിയ പ്രസംഗം പങ്കുവെച്ച് കേന്ദ്രസർക്കാരിനെ വിമർശിക്കുകയാണ് മുൻ എംപി എംബി രാജേഷ്. 

പുതുതായി വാങ്ങിയ കാറിന്റെ മുകളിൽ പച്ചമുളകും നാരങ്ങയും കൊണ്ടുവെച്ച ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വിമർശിക്കുയാണ് മോദി പ്രസംഗത്തിൽ. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇവർ രാജ്യത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് മോദി ചോദിക്കുന്നു. 'വിശ്വാസങ്ങളുടെ കൂട്ടിലകപ്പെട്ടാൽ ഒരു സമൂഹത്തിനും പുരോഗതിയുണ്ടാകില്ല. സാങ്കേതിക വിദ്യയുടെയും ശാസ്ത്രത്തിന്റെയും യുഗത്തിലാണ് നാം ജീവിക്കുന്നത്. വിശ്വാസത്തിന് അതിന്റേതായ സ്ഥാനമുണ്ട്, പക്ഷേ അന്ധവിശ്വാസങ്ങൾക്ക് ഇവിടെ യാതൊരു സ്ഥാനവുമില്ല''- അന്ന് മോദി പറഞ്ഞു. 

''ഇതേ മോദിയുടെ പ്രതിരോധ മന്ത്രി റാഫേൽ വിമാനത്തെ സ്വീകരിക്കാൻ മോദി കളിയാക്കിയ അന്ധവിശ്വാസകൈ ക്രിയകൾ ചെയ്യുന്നതും വീഡിയോയിൽ കാണാം. മോദി ചോദിച്ചത് തിരിച്ചു ചോദിക്കട്ടെ. നിങ്ങളൊക്കെ എന്ത് സന്ദേശമാണ് രാജ്യത്തിന് നൽകുന്നത്? ഒട്ടും സത്യസന്ധതയില്ലാത്ത വാക്കും പ്രവൃത്തിയുമുണ്ടല്ലോ. അതാണ് ഇന്നലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ സ്വകാര്യ ബീച്ച് വൃത്തിയാക്കിയ മോദിയുടെ പരിഹാസ്യ നാടകത്തിലുമുള്ളത്''- രാജേഷ് വിമർശിച്ചു. 

വിമാനത്തിൽ ആയുധപൂജ നടത്തിയതിനെ വിമർശിച്ച പ്രതിപക്ഷത്തോടുള്ള രാജ്നാഥ് സിങ്ങിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''നമുക്ക് പുതിയൊരു ഫൈറ്റർ വിമാനം ലഭിച്ചിരിക്കുന്നു. അതുപയോഗിക്കും മുൻപ് പൂജ ചെയ്യേണ്ടിയിരുന്നു. വിമാനത്തിൽ ഞാൻ ഓം എന്നെഴുതി. എന്നാൽ കോൺഗ്രസ് നേതാക്കൾ വിവാദത്തിന് തിരികൊളുത്തി. ഓം എന്ന വാക്കിനെയാണോ നിങ്ങൾ എതിർക്കുന്നത്? വീടുകളിൽ നാം ഓം എന്ന് പറയാറില്ലേ? ക്രിസ്ത്യൻ വിശ്വാസികൾ ആമേൻ എന്നും മുസ്‌ലിം വിശ്വാസികൾ ആമീൻ എന്നും പറയാറില്ലേ? അവർക്ക് റഫാലിന്റെ വരവിനെ സ്വീകരിക്കാമായിരുന്നു. അതിനുപകരം അവർ വിമർശിക്കുകയാണ് ചെയ്തത്. കോൺഗ്രസ് നേതാക്കളുടെ വിമർശനം പാക്കിസ്ഥാനെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുക''

ആയുധപൂജയെ കേന്ദ്രസർക്കാർ ന്യായീകരിച്ചതിന് പിന്നാലെയാണ് ഇത്തരം വിശ്വാസങ്ങൾക്കെതിരെ പ്രധാനമന്ത്രി തന്നെ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ പലരും പങ്കുവെച്ചത്. 

MORE IN INDIA
SHOW MORE
Loading...
Loading...