തനി തമിഴനായി മുണ്ടുടുത്ത് മോദി; മാമല്ലപുരത്തിന്റെ ആത്മാവ് തൊട്ട് നേതാക്കൾ; വിഡിയോ

modi-tn-china
SHARE

ലോകം ഒറ്റുനോക്കുന്ന കൂടിക്കാഴ്ച. തമിഴന്റെ ആത്മാവ് തൊടുന്ന വേഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാബലിപുരത്തിന്റെ ചരിത്രം പറഞ്ഞുകൊടുത്ത് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് പറഞ്ഞുകൊടുത്ത്, ഒാരോ കാഴ്ചകളും കാട്ടിക്കൊടുത്ത് മോദി സൗഹൃദം ഉറപ്പിക്കുന്നു. ഹൃദ്യ കാഴ്ചകളാണ് ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിയില്‍ നിന്നും പുറത്തുവരുന്നത്.

വ്യാപാരം, പ്രതിരോധം, അതിര്‍ത്തി പ്രശ്‌നങ്ങള്‍ എന്നിവയും ഇരുനേതാക്കളും ചര്‍ച്ചചെയ്യും. കശ്മീര്‍ വിഷയത്തില്‍ ചൈന നടത്തിയ മലക്കം മറിച്ചില്‍ ഉച്ചകോടിയെ ബാധിക്കില്ലെന്നും ഉഭയകക്ഷി ബന്ധം പരമാവധി സുഗമമാകേണ്ടത് ഇരുരാജ്യങ്ങളുടെയും ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ഉച്ചകോടിയില്‍ കരാറുകളോ സംയുക്ത പ്രസ്താവനയോ ഉദ്ദേശിച്ചിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും വ്യാപാരമുള്‍പ്പെടെയുള്ള മേഖലകളില്‍ ബന്ധം മെച്ചപ്പെടുത്തുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.

അതിശക്തമായ സുരക്ഷയാണു മാമല്ലപുരം എന്ന് ഇപ്പോൾ അറിയപ്പെടുന്ന മഹാബലിപുരത്ത് ഉച്ചകോടിക്കായി ഒരുക്കിയിട്ടുള്ളത്. ചെന്നൈ നഗരത്തിൽനിന്ന് 50 കിലോമീറ്റർ ദൂരെയുള്ള മഹാബലിപുരത്ത് അയ്യായിരത്തിലേറെ പൊലീസുകാർ നിതാന്ത ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുന്നു. തീരത്തോടു ചേർന്നു നാവികസേനയും തീരസംരക്ഷണ സേനയും യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കി. യുനെസ്കോയുടെ പൈതൃക സ്മാരക പട്ടികയിലുള്ള കേന്ദ്രങ്ങളിൽ ഉൾപ്പെടെ എണ്ണൂറോളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.

മോദി– ഷി കൂ‌ടിക്കാഴ്ചയ്ക്കു വേദിയാകുന്ന മഹാബലിപുരത്തിനു ചൈനയുമായി ‌നൂറ്റാണ്ടുകളിലേക്കു നീളുന്ന ബന്ധമാണുള്ളത്. കിഴക്കൻ ചൈന നഗരമായ ഫൂജിയനുമായി ‌ഏഴാം നൂറ്റാണ്ടിൽ വ്യാപാരബന്ധമുണ്ടായിരുന്ന പല്ലവ രാജാ‌ക്കന്മാരുടെ രാജധാനിയായിരുന്നു മഹാബലിപുരം. ഷി ചിൻപിങ് നേരത്തേ ഫൂ‌ജിയൻ ഗവർണറായിരുന്നു. മഹാബലിപുരത്തു നിന്നു കപ്പലേറി പോയ തമി‌ഴ് രാ‌ജകുമാരൻ ബോധിരാമനാണു സെൻ ബുദ്ധിസം ചൈനയിൽ പ്രചരിപ്പിച്ചത്.

ബോ‌ധിരാമന്റെ പേരിൽ കാന്റൻ പ്രവിശ്യയിൽ ക്ഷേത്രമുണ്ട്. ഏഴാം നൂറ്റാണ്ടിൽ മഹാ‌ബലിപുരം സന്ദർശിച്ച ചൈനീസ് സഞ്ചാരി ഹുവാൻ സാങ് യാത്രയെക്കുറിച്ചു വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതുച്ചേരിയിലെ ആരോവില്ലിൽ ഏറെക്കാലം താമസിച്ചിട്ടുള്ള ചൈനീസ് ഉപവിദേശകാര്യമന്ത്രി ലുവ സാഹുയ് ആണു മഹാബലിപുരത്തിന്റെ പേര് ഉച്ചകോടിക്കായി നിർദേശിച്ചതെന്നാണു സൂചന. കല്ലിൽ കൊത്തിവച്ച ചരിത്രമെന്ന വിശേഷണമായിരിക്കും മഹാബലിപുരത്തിനു ചേരുക. ബംഗാൾ ഉൾക്കടലിനോടു ചേർന്നു കിടക്കുന്ന ൈപതൃക നഗരമാണിത്.

MORE IN INDIA
SHOW MORE
Loading...
Loading...