സ്നേഹിച്ച് വീഴ്ത്തും; ആദ്യരാത്രിക്കു ശേഷം ‘ഗുളിക’; സയനൈഡ് മോഹൻ കൊന്നത് 20 യുവതികളെ; നടുക്കം

cyanide-mohan-karnataka
SHARE

ജോളി നടത്തിയ കൂട്ടക്കൊല കേരളത്തെ അമ്പരപ്പിക്കുമ്പോൾ സയനൈഡ് കൊണ്ടു കൂട്ടക്കുരുതി നടത്തിയ മറ്റ് സംഭവങ്ങളും ചർച്ചയാവുകയാണ്. ഇക്കൂട്ടത്തിൽ സയനൈഡ് മല്ലികയ്ക്ക് പിന്നാലെ രാജ്യം നടുങ്ങിയ ക്രൂരതയുടെ മുഖമാണ് സയനൈഡ് മോഹന്റേത്.  കർണാടകയിലെ മംഗളൂരു സ്വദേശി മോഹൻകുമാർ എന്ന സയനൈഡ് മോഹൻ  2003–2009 കാലയളവിൽ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണു സയനൈഡ് നൽകി അതിക്രൂരമായി കൊന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകങ്ങൾ. ഗർഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നൽകി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന് ഒളിവിൽ പോവുകയായിരുന്നു ഇയാളുടെ രീതി.  20 കൊലക്കേസുകളുടെയും വിചാരണ നടക്കുന്നു. 16 എണ്ണത്തിലും മോഹൻ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി.

2010ൽ മറ്റൊരു കേസിൽ അറസ്റ്റിലായ മോഹൻ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ്  20 കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. 2007 ഏപ്രിലിൽ ഉപ്പള ബസ് സ്റ്റാൻഡിലാണ് കാസർകോട് ഉപ്പള സ്വദേശിനിയായ സംഗീത അധ്യാപിക പൂർണിമയെ പരിചയപ്പെടുന്നത്. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥൻ സുധാകർ ആചാര്യ എന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്. അടുപ്പം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി. സംഗീതം റെക്കോഡ് ചെയ്യാനെന്നു പറഞ്ഞ് ഇവരെ ബെംഗളൂരുവിൽ എത്തിച്ചു. ഹോട്ടലിൽ തങ്ങിയ ശേഷം പിറ്റേന്നു രാവിലെ പൂജയ്ക്കു പങ്കെടുക്കാൻ പോകണമെന്നും ആഭരണങ്ങൾ അഴിച്ചു മുറിയിലെ അലമാരയിൽ വയ്ക്കാനും മോഹൻ നിർദേശിച്ചു.

പൂജയ്ക്കെന്നു പറഞ്ഞു മുറിയിൽ നിന്നിറങ്ങി. ഗർഭ നിരോധന ഗുളിക എന്ന പേരിൽ നൽകിയതു സയനൈഡ് ഗുളിക. ഛർദിയും ക്ഷീണവും ഉണ്ടാകാൻ ഇടയുള്ളതിനാൽ വിശ്രമമുറിയിൽ പോയി കഴിക്കാൻ ആവശ്യപ്പെട്ടു. ബസ് സ്റ്റാൻഡിലെ വിശ്രമ മുറിയിൽ ചെന്നു ഗുളിക കഴിച്ച ഉടൻ ഇവർ കുഴഞ്ഞുവീണു മരിച്ചു. പിന്നാലെ മോഹൻ ഹോട്ടലിലെത്തി ആഭരണങ്ങളെടുത്തു നാട്ടിലേക്കു മടങ്ങി. ഈ കേസിലാണ് ഏറ്റവുമൊടുവിൽ കുറ്റക്കാരനായി കണ്ടെത്തിയത്. മംഗളൂരുവിലെ പ്രത്യേക വിചാരണ കോടതി കേസുകളുടെ കാഠിന്യമനുസരിച്ചു വധശിക്ഷയും ജീവപര്യന്തവും മാറിമാറി വിധിച്ചിട്ടുണ്ട്. കേസുകൾ ഒറ്റയ്ക്കു വാദിക്കുന്ന മോഹൻ, ചില വധശിക്ഷകൾ പിന്നീടു ജീവപര്യന്തമാക്കി മാറ്റിയെടുത്തു. സമാന രീതിയിലാണ് ഇയാൾ യുവതികളെ കൊന്നൊടുക്കിയത്.

നിർധന കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് ഇയാൾ വലയിലാക്കിയിരുന്നത്. സ്‌നേഹം നടിച്ചു വലയിലാക്കിയ ശേഷം ക്ഷേത്രത്തിൽ കൊണ്ടുപോയി താലി കെട്ടും. തുടർന്നു നഗരത്തിലെ ഹോട്ടലിലോ ലോഡ്‌ജിലോ മുറിയെടുത്തു താമസിച്ച് ഇവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടും. എന്തെങ്കിലും നുണപറഞ്ഞ് ആഭരണങ്ങൾ കൈക്കലാക്കും. ഇരകളെല്ലാം 20–30 പ്രായത്തിൽ ഉള്ളവരായിരുന്നു. പിറ്റേന്നു സമീപത്തെ ബസ് സ്റ്റേഷനിൽ കൊണ്ടുപോയശേഷം ഗർഭനിരോധന ഗുളിക കഴിക്കാൻ നിർബന്ധിക്കും. ശുചിമുറിയിൽ കയറുന്ന യുവതികൾക്കു വെള്ളത്തിനു പകരം സയനൈഡ് കലർന്ന ലായനിയാകും ചിലപ്പോൾ നൽകുക. സയനൈഡ് പുരട്ടിയ ഗുളികയും കൊടുക്കാറുണ്ട്.

മൈസൂർ, ബെംഗളൂരു ഉൾപ്പെടെ വിവിധ നഗരങ്ങളിലെ ബസ്‌സ്റ്റാൻഡ് ശുചിമുറികളിൽ നിന്നാണ് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയത്. ഇവയിൽ പലതും അസ്വാഭാവിക മരണവും ആത്‌മഹത്യയുമായി എഴുതിത്തള്ളിയതായിരുന്നു. എന്നാൽ രണ്ടുപേരുടെ രക്തം ലാബിൽ പരിശോധന നടത്തിയതിൽ മരണകാരണം സയനൈഡ് ആണെന്നു കണ്ടെത്തി. പിടിയിലായ മോഹൻകുമാർ 32 യുവതികളെ കൊലപ്പെടുത്തിയെന്ന് ആദ്യം മൊഴി നൽകിയെങ്കിലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 20 കൊലക്കേസുകളിലാണു വിചാരണ നടക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...