പാക്കിസ്ഥാൻ ‘വെടിവച്ചിട്ടെന്ന്’ അവകാശപ്പെട്ട വിമാനം; അതേ പോർവിമാനം പറപ്പിച്ച് ഇന്ത്യ; വാദം പൊളിഞ്ഞു

india-rply-pak
SHARE

ഇന്ത്യന്‍ വ്യോമസേനയുടെ 87–ാം വ്യോമസേനാ ദിനം ആചരിക്കുന്നതിനിടെ വലിയ പരേഡാണ് ഡൽഹിയിൽ നടന്നത്. ഡൽഹിയിലെ ഹിന്‍ഡ്സണ്‍ വ്യോമസേനാ താവളത്തില്‍ നടന്ന വ്യോമസേനാ ആഘോഷങ്ങളില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ നയിച്ചു. സോവിയറ്റ് കാലത്തെ ഫൈറ്റര്‍ ജെറ്റിന്റെ വികസിത രൂപമാണ് മിഗ് 21 ബൈസണ്‍. ഇതോടൊപ്പം പാക്കിസ്ഥാൻ വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട റഷ്യൻ നിര്‍മിത സുഖോയ് പോർവിമാനവും എയര്‍ ഷോയില്‍ അണിനിരന്നു.

സുഖോയ് -30 എം‌കെ‌ഐയുടെ എയർ ഷോയിലെ പ്രദർശനം ഇന്ത്യക്കാരെ ആനന്ദിപ്പിച്ചപ്പോൾ ആറ് മാസം മുൻപ് ഇതേ വിമാനം വെടിവച്ചിട്ടതായി അവകാശപ്പെടുന്ന പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം നാണക്കേടായിരുന്നു. വ്യോമസേനയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി റഷ്യൻ നിർമിത രണ്ട് പോർവിമാനങ്ങൾ ഹിൻഡൺ എയർ ബേസിനു മുകളിലുള്ള ആകാശത്ത് പറന്നു. കഴിഞ്ഞ ഫെബ്രുവരിയിലെ ഏറ്റുമുട്ടലിൽ നശിപ്പിച്ചെന്ന് പാക്കിസ്ഥാൻ വീമ്പിളക്കിയ അതേ ജെറ്റാണ് ‘അവഞ്ചർ -1’ ഇന്ന് പ്രദർശിപ്പിച്ചത്.

ഫെബ്രുവരി 27 ന് നടന്ന ഡോഗ്ഫൈറ്റിൽ സുഖോയ് -30 ആകാശത്ത് നിന്ന് വീണു എന്നായിരുന്നു പാക്ക് വാദം. ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ഭീകരരുടെ ക്യാംപിൽ ബോംബെറിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് ഡോഗ്ഫൈറ്റ് നടന്നത്. ഡോഗ് ഫൈറ്റിൽ അമേരിക്ക നിർമിച്ച എഫ് -16 ഇന്ത്യ വെടിവച്ചിട്ടു. എന്നാൽ അന്ന് ഇന്ത്യക്ക് ഒരു മിഗ് -21 നഷ്ടപ്പെട്ടു. എന്നാൽ അമേരിക്കൻ യുദ്ധവിമാനത്തിന്റെ നഷ്ടം നികത്താൻ പാക്കിസ്ഥാൻ അന്ന് തയാറാക്കിയ കഥയിൽ സുഖോയ് -30 വിമാനങ്ങളിൽ ഒന്ന് നശിപ്പിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ടിരുന്നു.

വ്യോമസേന ദിനാഘോഷത്തിൽ പാക്കിസ്ഥാനു മറ്റൊരു തിരിച്ചടി കൂടി നൽകിയിട്ടുണ്ട്. പാക്കിസ്ഥാന്റെ എഫ് -16 വെടിവച്ചിട്ടതിന്റെ ബഹുമതി നേടിയ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ മിഗ് -21 ബൈസണ്‍ നയിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...