രാജ്യത്തെ ആദ്യ വനിതാ സീരിയൽ കില്ലർ; ‘സയനൈഡ് മല്ലിക’; വധശിക്ഷ കാത്ത് ജയിലിൽ

cyanide-death-karnataka
SHARE

ഒാരോ മണിക്കൂറുകളിലും കേരളം നടുങ്ങുന്ന ക്രൂരതയുടെ പുതിയ വാർത്തകളാണ് കൂടത്തായി കൂട്ടക്കൊലയിൽ നിന്നും പുറത്തുവരുന്നത്. ദുരൂഹതകൾ ഇപ്പോഴും ഇൗ കേസിനെ പിന്തുടരുകയാണ്. ദാഹവും വിശപ്പും മാറ്റാൻ നൽകിയവയിൽ മരണം കലക്കിയിരുന്ന വിവരം ഇൗ ഇരകൾ അറിഞ്ഞിരുന്നില്ല എന്നത് ഇൗ കേസിന്റെ ക്രൂരത വ്യക്തമാക്കുന്നു. സയനൈഡ് ഉള്ളിൽച്ചെന്നു മരിച്ച ഒരാളുടെ പോസ്റ്റ്മോർട്ടം നടക്കുമ്പോൾ ആ മാരകവിഷത്തിന്റെ സാന്നിധ്യം കൃത്യമായി മനസ്സിലാക്കാനും കഴിയും. ആമാശയം തുറക്കുമ്പോഴുണ്ടാകുന്ന പ്രത്യേക ഗന്ധത്തിലൂടെയാണത്. ഇവിടെയും മരണത്തിന്റെ ഗന്ധമുള്ള സയനൈഡാണ് ജോളി കൊലനടത്താൻ ഉപയോഗിച്ചതും.

മരണവുമായി ചേർന്ന് സയനൈഡിന്റെ പേര് കുപ്രസിദ്ധമാകുന്നത് ഇതാദ്യമായല്ല. ഇന്ത്യയിലെ ആദ്യത്തെ വനിതാ സീരിയൽ കില്ലറാണ് ‘സയനൈഡ് മല്ലിക’.

കർണാടകയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആദ്യ വനിത. അന്‍പത്തിനാലുകാരിയായ കർണാടക കഗ്ഗലിപുര സ്വദേശി മല്ലിക 1999 മുതൽ 2007 വരെയുള്ള എട്ടു വർഷത്തിനിടെ ഏഴു സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. 1999 ൽ രണ്ടും 2007 ൽ അഞ്ചും. ആഡംബര ജീവിതത്തോടുള്ള ഭ്രമം കാരണം അതിനു പണം തേടിയാണ് മല്ലിക മോഷണം ആരംഭിക്കുന്നത്. പിടിക്കപ്പെട്ടതോടെ ആറു മാസം ശിക്ഷിക്കപ്പെട്ട് ജയിലഴിക്കുള്ളിലായി. അതോടെ ഭർത്താവ് അവരുമായി അകന്നു. ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയ മല്ലിക ചിട്ടി ബിസിനസ് ആരംഭിച്ചെങ്കിലും വൻ സാമ്പത്തിക നഷ്ടമായിരുന്നു ഫലം. ഇതോടെ എങ്ങനെയും പണം സമ്പാദിക്കാനുള്ള അതിയായ വ്യഗ്രത മല്ലികയെ കൊലപാതക പരമ്പരയിലേക്കു ചെന്നെത്തിക്കുകയായിരുന്നു. 

ക്ഷേത്രങ്ങളിൽ താമസിച്ചു ഭക്‌തരുമായി അടുപ്പം സ്ഥാപിച്ച ശേഷം കൂട്ടിക്കൊണ്ടുപോയി സയനൈഡ് നൽകി കൊന്നു പണവും സ്വർണവും തട്ടുകയായിരുന്നു മല്ലികയുടെ രീതി. വിവിധ പ്രശ്‌നങ്ങളുള്ളവരുമായി തന്ത്രപൂർവം ബന്ധം സ്‌ഥാപിക്കുകയാണ് മല്ലിക ആദ്യം ചെയ്തിരുന്നത്. തീവ്രഭക്തയായും മന്ത്രവാദിനിയായും അവർ അഭിനയിച്ചു. താമസസ്ഥലത്തുനിന്ന് ദൂരെയുള്ള ക്ഷേത്രങ്ങളിലാണ് ഇവർ ഇരകളെ കൊണ്ടുപോയിരുന്നത്. യാത്രയെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഫലം കിട്ടില്ലെന്നും ഇവർ ഇരയെ വിശ്വസിപ്പിച്ചിരുന്നു. അതിനാൽ ആരും മല്ലികയെ തിരിച്ചറിഞ്ഞുമില്ല. ഹൊസക്കോട്ടെ നിവാസി മമത (30), ബാനസവാടിയിലെ എലിസബത്ത് (52), യലഹങ്കയിലെ യശോദമ്മ (60), ചിക്കബൊമ്മസന്ദ്രയിലെ മുനിയമ്മ (60), ഹെബ്ബാൾ നിവാസി പിള്ളമ്മ (60), രേണുക (22), നാഗവേണി (30) എന്നിവരെയാണ് ഇത്തരത്തിൽ മല്ലിക കൊലപ്പെടുത്തിയത്.

അടുത്ത ഇരയെ തേടിയുള്ള യാത്രയ്ക്കു മുന്നോടിയായി തന്റെ കയ്യിലുള്ള സ്വർണാഭരണങ്ങൾ വിൽക്കാൻ നടത്തിയ ശ്രമമാണ് മല്ലികയ്ക്കു ജയിലിലേക്കുള്ള വഴി തെളിച്ചത്. മേദാർപേട്ടിലെ സ്വർണ പോളിഷിങ് ഷോപ്പിൽനിന്ന് 200 രൂപയ്‌ക്കാണു മല്ലിക മാരകവിഷമായ സയനൈഡ് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഇവർ വാങ്ങിയ സയനൈഡ് 2000 പേരെ കൊലപ്പെടുത്താൻ മതിയാകുമായിരുന്നെന്നാണു പൊലീസ് റിപ്പോർട്ട്. 

നാഗവേണിയെ കൊലപ്പെടുത്തിയ കേസിൽ മല്ലികയ്‌ക്ക് ഒന്നാം അഡീഷനൽ റൂറൽ കോടതി വധശിക്ഷ വിധിച്ചു. മുനിയമ്മയെ കൊലപ്പെടുത്തിയ കേസിലും ഇവരെ തൂക്കിക്കൊല്ലാൻ വിധി വന്നു. നാഗവേണി വധക്കേസിൽ പിന്നീട് ഇവരുടെ ശിക്ഷ ഇളവു ചെയ്തു ജീവപര്യന്തമാക്കി. ഇപ്പോഴും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലുണ്ട് മല്ലിക.അടുത്തിടെ മല്ലിക വീണ്ടും വാർത്തകളിൽനിറഞ്ഞു, ജയലളിതയുടെ തോഴി ശശികല ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിലെത്തിയപ്പോൾ. മല്ലികയുടെ തൊട്ടടുത്തുള്ള സെല്ലാണ് ശശികലയ്ക്ക് ലഭിച്ചത്. പിന്നീട് സുരക്ഷാ കാരണങ്ങളാൽ മല്ലികയെ ഈ സെല്ലിൽനിന്ന് മാറ്റുകയായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...