കൈകൂപ്പിയ ജഗന്റെ ‘തനിനിറം’ പുറത്ത്; ഇടിഞ്ഞ ഇമേജ്; ആന്ധ്രയെ ഇനി ആര് രക്ഷിക്കും..?

jagan-change
SHARE

കതിരിട്ടുനില്‍ക്കുന്ന നെല്‍പ്പാടങ്ങളുടെ വരമ്പത്ത് ഓന്തുകളെ ധാരാളം കണ്ടിട്ടുണ്ട് ആന്ധ്രയിലെ കര്‍ഷകര്‍. പക്ഷേ  വരമ്പത്ത് നിന്ന് കയറി വീടിന്‍റെ ഉമ്മറത്തെ കസേരയിലിരുന്ന അടുത്ത നിമിഷം നിറവും സ്വരവും ഭാവവും മാറിപ്പോകുന്ന വിദ്യ ആദ്യമായി കാണുകയാണ് ആന്ധ്ര. കൂപ്പിയ കരങ്ങളുമായി മൂവായിരം കിലോമീറ്റര്‍ നടന്ന ജനപ്രിയനായകന്‍റെ ഇമേജ് പെട്ടെന്നാണ് ഇടിഞ്ഞത്.     

കണ്ണീരുപ്പു കലര്‍ന്ന കൃഷിയിടങ്ങള്‍, വിലയില്ലാത്തതില്‍ വിളവെടുക്കാത്ത കാര്‍ഷികമേഖല, വരണ്ടുണങ്ങിയ പാടങ്ങളില്‍ മുളയ്ക്കാതെ കരിഞ്ഞ വിത്തുകള്‍, സര്‍ക്കാരിന്‍റെ പുനരധിവാസ പാക്കേജില്‍ വിശ്വാസമര്‍പ്പിച്ച് ആകെയുണ്ടായിരുന്ന സ്ഥലം വിട്ടുനല്‍കിയവര്‍, പൂട്ടിപ്പോയ ചെറുകിട കച്ചവടക്കാര്‍. ആകെയുളള സമൃദ്ധി ദാരിദ്രത്തിന് മാത്രം. എല്ലാ സങ്കടങ്ങളും മാറ്റാനെത്തുമെന്ന് കരുതിയ രക്ഷകന്‍ ആ രക്ഷാദൗത്യം വളരെപ്പെട്ടെന്ന് മറന്നുകഴിഞ്ഞു. ‌ജഗന്‍ മോഹന്‍ റെഡ്ഡിയെന്ന ആ രക്ഷകന്‍  ആന്ധ്രാമുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം തന്‍റെ സംസ്ഥാനത്ത് കഴിഞ്ഞത് വളരെ ചുരുക്കം ദിവസങ്ങള്‍ മാത്രം.  

സത്യപ്രതിജ്ഞ ചെയ്ത് പിറ്റേദിവസം തന്നെ ചന്ദ്രബാബു നായി‍ഡുവിനുള്ള കുരുക്ക് മുറുക്കാനായിരുന്നു ജഗന് തിടുക്കം. നായിഡു നിര്‍മിച്ചത് പലതും പൊളിച്ചു, നിര്‍മാണത്തിലിരിക്കുന്ന ഭൂരിഭാഗം പദ്ധതികളും അഴിമതിയാരോപിച്ച് നിര്‍ത്തിവയ്്പിച്ചു. അങ്ങനെ വന്‍ ‘ബില്‍‍ഡ് അപ്’ . ജനം കയ്യടിച്ചു മടുത്തു. ആന്ധ്ര പൊളിച്ചുപണിയുമെന്നും പട്ടിണിമാറുമെന്നും പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിച്ചായിരുന്നു നായിഡു കൊണ്ടുവന്ന ‘അണ്ണ കാന്‍റീനുകള്‍’ ഒറ്റയടിക്ക് പൂട്ടാനുള്ള ജഗന്‍റെ തീരുമാനം. പാവങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന സംസ്ഥാനത്ത് ഒട്ടേറെ ബ്രാഞ്ചുകളുള്ള പദ്ധതി അഴിമതിയാരോപിച്ച് ഒറ്റയടിക്ക് നിര്‍ത്തലാക്കി. 

ഒരുനേരമെങ്കിലും വിശപ്പടക്കിയിരുന്ന ആയിരങ്ങള്‍ ഇതോടെ മുഴുപ്പട്ടിണിയിലായി. പകരം സംവിധാനം  ഏര്‍പ്പെടുത്തിയതുമില്ല. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതുള്‍പ്പെടെ വലിയ പ്രതീക്ഷകളുമായി കാത്തിരുന്ന കര്‍ഷകര്‍ നിരാശയുടെ അങ്ങേയറ്റത്തായി. സഹായമഭ്യര്‍ഥിച്ചുള്ള ആവലാതികള്‍ക്കൊന്നും ചെവികൊടുക്കാതെ നേരെ പറന്നത് ഇസ്രയേലിലേക്കാണ്. തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയാന്‍ കുടുംബവുമൊത്തുള്ള തീര്‍ഥയാത്ര. പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യന്‍ വിശ്വാസിയായ ജഗന്‍ ഇസ്രയേലിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയത് അമേരിക്കയിലേക്ക്. പ്രമുഖ യൂണിവേഴ്സിറ്റിയില്‍ മകള്‍ക്ക് ബിരുദ പ്രവേശനം ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. ആന്ധ്രയില്‍ മടങ്ങിയെത്തിയതോടെ പുതിയ മുഖ്യമന്ത്രി  തനിനിറം പുറത്തെടുത്തു. ജഗന്‍റെ മതനിരപേക്ഷ മുഖം എങ്ങോ പോയി മറഞ്ഞു.  

തിരഞ്ഞെടുപ്പിന് മുന്‍പ് ഹിന്ദുക്ഷേത്രങ്ങളിലെല്ലാം കയറിയിറങ്ങിയ ആള്‍ പെട്ടെന്ന് അത്തരം ആചാരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അനിഷ്ടം പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്‍റെ പലഭാഗത്തും   ആധുനിക സൗകര്യത്തോടെ ഓഫിസ് സ്ജജമാക്കുന്ന തിരക്കിലാണ് ജഗന്‍. കോടികളാണ് മന്ത്രിസഭ ഇതിനായി അനുവദിച്ചിരിക്കുന്നത്. തലസ്ഥാനനഗരിയായി നായിഡു വളര്‍ത്തിക്കൊണ്ടുവന്ന അമരാവതി കെട്ടിപ്പടുക്കുക അസാധ്യമെന്ന് ജഗന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പകരം നാല് സ്ഥലങ്ങള്‍ വികസിപ്പിച്ച് കൊണ്ടുവരാനാണ് ജഗന്‍റെ പദ്ധതി. പൊതുജനസമ്മതനായിരുന്ന വൈ.എസ്.രാജശേഖരറെഡ്ഡിയുടെ മകന്‍ മുഖ്യമന്ത്രിക്കസേരയലിരുന്നപ്പോള്‍ എതിരഭിപ്രായങ്ങള്‍ക്ക്് പ്രസക്തിയില്ലെന്നതാണ് സ്ഥിതി 

ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറിയെന്ന മാറ്റം മാത്രമേ ചന്ദ്രബാബുവില്‍ നിന്ന് ജഗനിലേക്കുള്ളൂ എന്ന് ആന്ധ്രയിലെ ജനം തിരിച്ചറിഞ്ഞ് വരുന്നേയുള്ളൂ.  

MORE IN INDIA
SHOW MORE
Loading...
Loading...