ഡാം നിറച്ച് മോദിയുടെ പിറന്നാളാഘോഷം; വെള്ളത്തിലായി ആയിരങ്ങൾ: മേധ

modi-medha-dam
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ സർദാർ സരോവർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തിയത് ഗ്രാമങ്ങളെ വെള്ളത്തിലാക്കിയെന്ന് ആരോപണം. സാമൂഹ്യപ്രവർത്തക മേധാ പട്കറാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. 2017 സെപ്റ്റംബറിൽ മോദി ഉദ്ഘാടനം ചെയ്ത അണക്കെട്ടിലെ ജലനിരപ്പ് ആദ്യമായി 138.68 മീറ്ററായി ഉയർത്തിയത് ചൊവ്വാഴ്ചയാണ്. ഗുജറാത്ത് സർക്കാർ അണക്കെട്ടിലെ ജലനിരപ്പ് കൂട്ടിയതോടെ മധ്യപ്രദേശിലെ ധർ, ബർവാനി, അലിരാജ്പുർ ജില്ലകളിലെ 192 ഗ്രാമങ്ങൾ വെള്ളപ്പൊക്കത്താൽ ഒറ്റപ്പെട്ടെന്നും മേധ പറയുന്നു.

ഒക്ടോബർ 15ന് ഡാം പൂർണമായി നിറയ്ക്കുമെന്നാണു വിജയ് രൂപാനി സർക്കാർ അറിയിച്ചത്. പിന്നെ ഇത് സെപ്റ്റംബർ 30 എന്നാക്കി. മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി 17ന് തന്നെ ഡാമിലെ ജലനിരപ്പ് പരമാവധിയാക്കി ഉയർത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ഒരാളുടെ സന്തോഷത്തിനു വേണ്ടി ഡാം നിറച്ചപ്പോൾ ആയിരക്കണക്കിനു സാധാരണക്കാർ വെള്ളപ്പൊക്കത്തിൽ വലയുകയാണെന്നും മേധ തുറന്നടിച്ചു.

.സർദാർ സരോവർ അണക്കെട്ടിലെ ജലനിരപ്പ് ആദ്യമായി പരമാവധി ഉയരമായ 138.68 മീറ്ററിലെത്തിയതുമായി ബന്ധപ്പെട്ടുള്ള ‘നമാമി നർമദ’ മഹോത്സവത്തിൽ പങ്കെടുത്തായിരുന്നു മോദി ജന്മദിനം ആഘോഷിച്ചത്. മുൻ നിശ്ചയിച്ചതിൽനിന്നു മാറി, മോദിയുടെ ജന്മദിനാഘോഷം മുൻനിർത്തിയാണ് അണക്കെട്ടിൽ ചൊവ്വാഴ്ച ജലനിരപ്പ് പരമാവധി ആക്കിയതെന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാല ബച്ചൻ ആരോപിച്ചു. ഡാം നിർമിച്ചതുമൂലമുള്ള പ്രശ്നം അനുഭവിക്കുന്നവരുടെ പുനരധിവാസം ഇതോടെ കൂടുതൽ പ്രയാസത്തിലായി. നിശ്ചയിച്ചതിലും ഒരു മാസം നേരത്തെയാണു ഡാം നിറച്ചത്. 

ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ടും ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണു സർദാർ സരോവർ. ഗുജറാത്തിലെ നർമദ ജില്ലയിലെ കേവാദിയയിൽ അര നൂറ്റാണ്ടു മുമ്പ് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു തറക്കല്ലിട്ടു. രണ്ടു വർഷം മുമ്പ് തന്റെ 67–ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത്.  

MORE IN INDIA
SHOW MORE
Loading...
Loading...