‘2029ൽ മോദി രാഷ്ട്രീയജീവിതം അവസാനിപ്പിക്കും; ശേഷം ഹിമാലയത്തിൽ സന്ന്യാസം’

modi-himalayan-new
SHARE

2029ൽ നരേന്ദ്രമോദി തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് ഹിമാലയത്തിൽ സന്ന്യസിക്കാൻ പോകുമെന്ന് സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ മിൻഹാൻസ് മർച്ചന്റ്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘പതിനെട്ടാം വയസിൽ ഹിമാലയത്തിലേക്ക് പോയ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് വീണ്ടും എൺപതാം വയസിൽ ഹിമാലയത്തിലേക്ക് പോകുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു. രാഷ്ട്രീയത്തിൽ കടിച്ച് തൂങ്ങാൻ ആഗ്രഹിക്കാത്ത അദ്ദേഹം 11 വർഷത്തിന് ശേഷം ഹിമാലയത്തിലേക്ക് പോകും. ലളിത ജീവിതം നയിക്കാനാണ് മോദി ആഗ്രഹിക്കുന്നത്.’ അദ്ദേഹം പറയുന്നു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം രചിച്ചയാളാണ് മിൻഹാൻസ് മർച്ചന്റ്. 

ആത്മീയ ജീവിതത്തെ കുറിച്ച് ഇതിന് മുൻപും മോദി തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ ആദ്യകാല ജീവിതവും കഷ്ടപ്പാടുകളും ഓര്‍ത്തെടുത്ത അദ്ദേഹത്തിന്റെ അഭിമുഖം വലിയ ചർച്ചയായിരുന്നു. ‘ഞാൻ എന്നെത്തന്നെ ദൈവത്തിൽ അർപ്പിച്ചു. 17–ാം വയസ്സിലായിരുന്നു ഇത്. മാതാപിതാക്കളെവിട്ട് അങ്ങനെയാണ് ഹിമാലയത്തിലേക്കു പോകുന്നത്. പുലർച്ചെ 3നും 3.45നും ഇടയിൽ ബ്രാഹ്മ മുഹൂർത്തത്തിലാണ് ഉണരുക. കൊടുംതണുപ്പില്‍ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളി. 

അതിന്റെ തീക്ഷ്ണത ഇപ്പോഴുമുണ്ട്. ജലപാതത്തിന്റെ നേർത്ത ശബ്ദത്തിൽനിന്നു പോലും ശാന്തത, ഏകത്വം, ധ്യാനം എന്നിവ കണ്ടെത്താൻ ഞാൻ പഠിച്ചു. പ്രപഞ്ചത്തിന്റെ താളത്തിനൊപ്പം പൊരുത്തപ്പെടാൻ എനിക്കൊപ്പം ജീവിച്ച സന്യാസിമാർ പഠിപ്പിച്ചു. ചിന്തകളിലും പരിമിതികളിലും നമ്മളെല്ലാം കെട്ടിയിടപ്പെട്ടിരിക്കുകയാണ്. വിശാലതയ്ക്കു മുന്നിൽ നിൽക്കുമ്പോള്‍ ഈ പ്രപഞ്ചത്തിൽ ഒന്നുമല്ലെന്നു ബോധ്യമാകും. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയശേഷമാണു വീട്ടിലേക്കു തിരികെപോയത്.’ അന്ന് മോദി പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...