മകൻ മരിച്ചു; തകർന്നു പോയ മരുമകളുടെ കല്യാണം നടത്തി അമ്മായിഅമ്മ

mariiage-web
SHARE

20–ാം വയസ്സിൽ ഭർത്താവിനെ നഷ്ടപ്പെട്ട മരുമകളുടെ പുനർ വിവാഹം നടത്തി അമ്മായിയമ്മ. ഒഡിഷയിലെ അംഗുൽ ജില്ലയിലാണ് സംഭവം. പ്രതിമ ബിഹേര എന്ന സ്ത്രീയാണ് മകന്റെ മരണത്തെത്തുടർന്ന് ചെറുപ്പത്തിലേ വിധേയയാകേണ്ടി വന്ന മരുമകളുടെ പുനർ വിവാഹം നടത്തി മാതൃകയായത്. മകന്റെ മരണത്തോടെ ആകെത്തകർന്നു പോയ മരുമകളെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും മാത്രമല്ല. വീണ്ടും ഒരു വിവാഹം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കൂടി പറഞ്ഞു മനസ്സിലാക്കുകയും അവൾക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തി വിവാഹം കഴിപ്പിക്കുകയും ചെയ്തു പ്രതിമ. സെപ്റ്റംബർ 11നാണ് ഗ്രാമവാസികളുടെ സാന്നിധ്യത്തിൽ ഗ്രാമത്തിലെ ജഗന്നാഥ ക്ഷേത്രത്തിൽ വച്ച് മരുകൾ ലിലിയുടെ വിവാഹം പ്രതിമ നടത്തിയത്.

 ഫെബ്രുവരിയിലായിരുന്നു പ്രതിമയുടെ ഇളയമകൻ രശ്മിരഞ്ചനും ലിലിയും തമ്മിലുള്ള വിവാഹം.  ജൂലൈയിൽ ഭരത്പൂരിലെ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ രശ്മിരഞ്ചൻ മരിച്ചു. ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിൽ ആരോടും സംസാരിക്കാതെയായ ലിലിയെ പ്രതിമ ആശ്വസിപ്പിച്ചു. നിരന്തരമായ കൗൺസിലിങ്ങിലൂടെ ആ പെൺകുട്ടിയുടെ തകർന്നു പോയ മനസ്സിനെ തിരികെപ്പിടിച്ചു. ഇനിയും ജീവിതമുണ്ടെന്നും ഇനിയുമൊരു വിവാഹത്തിനായി മാനസികമായി തയാറെടുക്കണമെന്നും ലിലിയോടു പറഞ്ഞുകൊണ്ടിരുന്നു. പറഞ്ഞു പറഞ്ഞ് തന്റെ വാക്കുകൾ ലിലി അനുസരിക്കുമെന്നും പുനർ വിവാഹത്തിന് അവൾ മാനസികമായി തയാറെടുത്തെന്നും ബോധ്യപ്പെട്ടതോടെ പ്രതിമ മരുമകൾക്ക് അനുയോജ്യനായ വരനെ തിരഞ്ഞു.

പ്രതിമ ഈ വിഷയം കുടുംബത്തിൽ അവതരിപ്പിക്കുകയും സഹോദര പുത്രനുവേണ്ടി ലിലിയെ വിവാഹം  ആലോചിക്കുകയും ചെയ്തു. എന്റെ മകൻ ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നെനിക്കറിയാം. ആ നഷ്ടം നികത്താനാവാത്തതാണെന്നും. പക്ഷേ കേവലം 20 വയസ്സുള്ള എന്റെ മരുമകളുടെ സങ്കടം കണ്ടില്ലെന്നു നടിക്കാനെനിക്കാവില്ല. തുടർന്നും സന്തോഷകരമായ ജീവിതം നയിക്കാനുള്ള എല്ലാ അവകാശങ്ങളും അവൾക്കുണ്ട്. അതുകൊണ്ടു തന്നെയാണ് അവളെ പുനർ വിവാഹം ചെയ്തയ്ക്കാൻ ഞാൻ തീരുമാനിച്ചതെന്ന് പറയുന്നു പ്രതിമ.

MORE IN INDIA
SHOW MORE
Loading...
Loading...