മൂന്നുപേരെ വെടിവച്ച് ഭീകരൻ; ദിവസങ്ങൾക്കുള്ളിൽ വധിച്ച് സുരക്ഷാ സേന

ജമ്മുകശ്മീരിലെ സോപോറിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കറെ തയിബ നേതാവ് ആസിഫ് കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ സേനാംഗങ്ങൾക്കും പരുക്കേറ്റു. കാറിൽ സഞ്ചരിക്കുകയായിരുന്ന ആസിഫിനെ പരിശോധനയ്ക്കായി പൊലീസ് തടഞ്ഞെങ്കിലും വെടിയുതിർത്ത് കാർ നിർത്താതെ പോകുകയായിരുന്നു. തുടർന്ന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ആസിഫ് കൊല്ലപ്പെട്ടത്.

പഴക്കച്ചവടക്കാരായ ഒരു കുടുംബത്തിലെ മൂന്നു പേരെ ഏതാനും ദിവസം മുൻപ് ആക്രമിക്കുകയും വെടിയുതിർത്തു പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിനു പിന്നിൽ ആസിഫ് ആണെന്ന് അധികൃതർ പറഞ്ഞു. ആക്രമണത്തിൽ ഒരു പെൺകുട്ടിക്കു പരുക്കേറ്റിരുന്നു. സോപോറിലെ തൊഴിലാളിയായ ഷാഫി ആലമിലെ വെടിവച്ചതിനു പിന്നിലും ആസിഫ് ആണെന്ന് അധികൃതർ അറിയിച്ചു.

നാട്ടുകാരെ ഭീഷണിപ്പെടുത്തി പോസ്റ്റർ വിതരണം ചെയ്ത എട്ടു ഭീകരവാദികളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഐജാസ് മിർ, ഒമർ മിർ, തവ്സീഫ് നജർ, ഇംതിയാസ് നജർ, ഒമർ അക്ബർ, ഫൈസാൻ ലത്തീഫ്, ഡാനിഷ് ഹബീബ്, ഷൗക്കത്ത് അഹമ്മദ് മിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടലിൽ ആസിഫിനെ വധിച്ചത്.