പിഴത്തുകയിൽ ഇളവ് പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ; ഹെൽമറ്റില്ലെങ്കിൽ 500 രൂപ

gujarat-fine-traffic
SHARE

ഗതാഗത നിയമ ലംഘനങ്ങൾക്ക്  വലിയ പിഴ ഇൗടാക്കാൻ തുടങ്ങിയതോടെ വലിയ രോഷമാണ് ഉയരുന്നത്. ഇതിന് പിന്നാലെയാണ് പിഴത്തുകയിൽ ഇളവു വരുത്തി ഗുജറാത്ത് സർക്കാർ രംഗത്തെത്തിയത്. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് പിഴ കുറയ്ക്കാന്‍ തീരുമാനിച്ചതെന്നു മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. മോട്ടർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഈ മാസം ഒന്നു മുതൽ നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമാകുന്നതിനു പുറമേ പിഴത്തുകയിൽ വൻ വർധനയും വന്നിരുന്നു. ഇതിനെത്തുടർന്നു ജനങ്ങൾക്കിടയിൽ നിന്നു വ്യാപക പരാതി ഉയർന്നതിനാലാണ് ഗുജറാത്ത് സർക്കാരിന്റെ തീരുമാനം. 

മോട്ടർ വാഹന നിയമ ഭേദഗതി പ്രകാരം ഹെൽമറ്റ് വയ്ക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവർക്കും സീറ്റ് ബെൽറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കും 1000 രൂപയായിരുന്നു പിഴ. എന്നാൽ ഗുജറാത്തിൽ ഇനിമുതൽ ഇതു 500 രൂപയായിരിക്കും. ലൈസൻസില്ലാതെ ഇരുചക്രവാഹനമോടിക്കുന്നവരിൽ നിന്ന് 2000 രൂപയും കാർ ഉൾപ്പെടെ എൽഎംവി വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾ ഓടിക്കുന്നവരിൽ നിന്ന് 3000 രൂപയും ഈടാക്കിയാൽ മതിയെന്നും സർക്കാർ നിർദേശിച്ചു. ഇതു നേരത്തെ 5000 രൂപ വീതമായിരുന്നു. സമാനരീതിയിൽ എല്ലാം പിഴത്തുകകളിലും ഇളവ് വരുത്തിയിട്ടുണ്ട്.

എന്നാൽ പിഴ കുറച്ചതുകൊണ്ട് ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ആളുകളോടു സർക്കാർ സൗമ്യത പുലർത്താൻ ശ്രമിക്കുന്നതായി കാണേണ്ടതില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. മുൻപു ചുമത്തിയതിന്റെ പത്തിരട്ടി വരെ പിഴത്തുക പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം ഈടാക്കുന്നതിനാലാണ് സർക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...