ചന്ദ്രയാൻ 2; വില്ലനായത് ഇടിച്ചിറക്കം? ഏറെ നിർണായക ഘടകം

chandrayann-09
SHARE

വിക്രം ലാൻഡറിന്റെ ആശയവിനിമയം നഷ്ടമായതിനെപ്പറ്റി ബെംഗളൂരുവിൽ പ്രതികരിച്ച ഇസ്റോ ചെയർമാൻ ഡോ. കെ.ശിവൻ, ‘ഹാർഡ് ലാൻഡിങ്’ ചെയ്തതായിരിക്കാം ദൗത്യപരാജയത്തിനു കാരണമായതെന്നു പറഞ്ഞു. ഇടിച്ചിറക്കം എന്നു പറയാവുന്ന ഹാർഡ് ലാൻഡിങ് പല ദൗത്യങ്ങളിലും വില്ലനായിരുന്നു. 

ചില ദൗത്യങ്ങൾ രൂപകൽപന ചെയ്യുന്നത് ഹാർഡ് ലാൻഡിങ്ങിനു വേണ്ടിയാണ്. ചന്ദ്രയാൻ 1ലെ മൂൺ ഇംപാക്ടർ പ്രോബ് ഇത്തരത്തിലൊന്നായിരുന്നു. പ്രത്യേകിച്ച് ഉപകരണ സംവിധാനങ്ങളൊന്നുമില്ലാത്ത ഇതിന്റെ പ്രധാന ലക്ഷ്യം ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുക എന്നതായിരുന്നു.

എന്നാൽ 3 ഉപകരണങ്ങളും ഒരു റോവറും അടങ്ങിയ വിക്രം ലാൻഡർ സോഫ്റ്റ്ലാൻഡിങ് ചെയ്യേണ്ട ദൗത്യമാണ്. റൺവേയിലൂടെ ഓടി വേഗം കുറച്ച് ഒരു വിമാനം സുരക്ഷിതമായി യാത്ര അവസാനിപ്പിക്കുന്നതു പോലെ. ലാൻഡറിന്റെ 4 കാലുകളിലും നടുക്കുമായി സ്ഥിതി ചെയ്യുന്ന 5 ത്രസ്റ്റർ റോക്കറ്റ് എൻജിനുകളുടെ ഘട്ടം ഘട്ടമായുള്ള ജ്വലനം ലാൻഡറിന്റെ വേഗം പതിയെക്കുറച്ചാണ് സോഫ്റ്റ്ലാൻഡിങ് നടത്തുന്നത്. 

30 കിലോമീറ്റ‍ർ ഉയരത്തിൽ നിന്ന് 5 കിലോമീറ്റർ വരെ വരുന്ന ഘട്ടം (റഫ് ബ്രേക്കിങ്) ലാൻഡർ വിജയകരമായി പിന്നിട്ടിരുന്നു. തുടർന്ന് ഫൈൻ ബ്രേക്കിങ് ഘട്ടമായിരുന്നു. ലാൻഡറിന്റെ നടുക്കുള്ള ഒറ്റ ത്രസ്റ്റർ മാത്രമാണ് ഈ ഘട്ടത്തിൽ പ്രവർത്തിക്കുക. വേഗം സെക്കൻഡിൽ 146 മീറ്റർ എന്ന രീതിയിൽ കുറയും. ഈ ഘട്ടത്തിനു ശേഷം 2.1 കിലോമീറ്റർ ഉയരത്തിൽ ആശയവിനിമയം നഷ്ടമായെന്നാണു കരുതപ്പെടുന്നത്. ഈ ഘട്ടത്തിനു ശേഷം പോകേണ്ട പഥത്തിൽ നിന്നു വ്യതിയാനവും ലാൻഡറിനു സംഭവിച്ചിരുന്നു.

നടുവിലെ ത്രസ്റ്റർ ജ്വലിക്കാതിരുന്നതു മൂലം ഇടിച്ചിറങ്ങിയിരിക്കാമെന്നത് ഒരു സാധ്യതയാണ്. അതുപോലെ തന്നെ ത്രസ്റ്റർ കൂടുതൽ ഊർജം നൽകിയതുമൂലം 4 കാലുകളിലല്ലാതെ മറിഞ്ഞ് ഇടിച്ചിറങ്ങിയിരിക്കാനും സാധ്യതയുണ്ട്. ഇടിച്ചിറക്കം ലാൻഡറിലെ ആശയവിനിമയ സംവിധാനങ്ങളെ ബാധിച്ചതിനാൽ  ബന്ധം നഷ്ടപ്പെട്ടിരിക്കാം.

MORE IN INDIA
SHOW MORE
Loading...
Loading...