തലയുയര്‍ത്തി, നെഞ്ചുവിരിച്ച്, വെല്ലുവിളിച്ച് മുന്നോട്ടുമാത്രം നടന്നയാള്‍..!

jatmalini-lifestory
SHARE

Maverick Advocate ! 

സര്‍വതന്ത്രസ്വതന്ത്രനായ ബുദ്ധിജീവി ! റാം ജഠ്മലാനി സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. കോടതിയില്‍, പാര്‍ലമെന്റില്‍, രാഷ്ട്രീയത്തില്‍, ജീവിതത്തില്‍, എന്തിന് ശബ്ദത്തിലും ശ്വാസനിശ്വാസങ്ങളിലും വരെ അതിന്റെ അംശം നിറഞ്ഞുനിന്നു. ഭൂമിയില്‍ 96 വര്‍ഷം പൂര്‍ത്തിയാക്കാന്‍ പതിനാലുദിവസം ബാക്കിനില്‍ക്കേയാണ് മടക്കം. ചരിത്രത്തിനൊപ്പം തലയുയര്‍ത്തി, നെഞ്ചുവിരിച്ച്, വെല്ലുവിളിച്ച് മുന്നോട്ടുമാത്രം നടന്നയാള്‍ ഇനി ചരിത്രത്തിന്റെ ഭാഗം. 

സ്വന്തം അഭിപ്രായം ആരുടെ മുന്നിലും എപ്പോഴും വെട്ടിത്തുറന്നുപറയാനുള്ള സ്വാതന്ത്ര്യമാണ് റാം ജഠ്മലാനി എന്നും ആഗ്രഹിച്ചതും പൊരുതിയതും നിലനിര്‍ത്തിയതും. നിലപാടുകള്‍ക്ക് നേര്‍വഴിയുടെ കാര്‍ക്കശ്യമുണ്ടായിരുന്നതുകൊണ്ട് ആരാധകരുടെ എണ്ണത്തോളം ശത്രുക്കളുമുണ്ടായി. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ സ്വത്തായിരുന്ന ജഠ്മലാനി ഭരണപക്ഷത്തെത്തിയപ്പോഴെല്ലാം ട്രഷറി ബഞ്ചുകളില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നതും അഭിപ്രായസ്വാതന്ത്ര്യം പരമോന്നത അവകാശമാണെന്ന വിശ്വാസത്തില്‍ ഉറച്ചുനിന്ന് നിലപാടുകളെടുത്തപ്പോഴാണ്.

"മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, നിങ്ങള്‍ വേഷപ്രച്ഛന്നനായി നാട്ടിലിറങ്ങണം. ജനങ്ങള്‍ ശ്വസിക്കുന്ന വായുവും കഴിക്കുന്ന ആഹാരവും ജീവിക്കുന്ന ചുറ്റുപാടും നേരില്‍ക്കാണണം. എങ്കില്‍ മാത്രമേ ഉപദേശകരും രഹസ്യാന്വേഷകരും നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് താങ്കള്‍ക്ക് ബോധ്യപ്പെടൂ." ശക്തരില്‍ ശക്തനെന്ന് സ്വയം വിശ്വസിക്കുന്ന നരേന്ദ്രമോദിയോട് ഇങ്ങനെ ആവശ്യപ്പെടാന്‍ കഴിയുന്ന നാവുകള്‍ ഇന്ന് എത്രയെണ്ണമുണ്ടെന്നോര്‍ത്താല്‍ റാം ജഠ്മലാനിയുടെ അഭാവം സൃഷ്ടിക്കുന്ന വിടവിന്റെ ആഴം മനസിലാകും.

പ്രായത്തെ വെന്ന ബുദ്ധിവൈഭവം 

ജന്മംകൊണ്ട് പാക്കിസ്ഥാന്‍കാരനാണ് റാം. സിന്ധ് പ്രവിശ്യയിലെ ശിക്കാര്‍പൂരില്‍ ജനിച്ച് കറാച്ചി എസ്.സി.ഷഹാനി ലോ കോളജില്‍ നിന്ന് നിയമബിരുദമെടുക്കുമ്പോള്‍ പ്രായം വെറും 17. ബുദ്ധിവൈഭവത്തിന്റെ അതിപ്രസരത്തില്‍ കിട്ടിയ ട്രിപ്പിള്‍ പ്രൊമോഷനാണ് ഈ നേട്ടത്തിലെത്തിച്ചത്. അന്ന് കറാച്ചിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യണമെങ്കില്‍ 21 വയസാകണം. അവിടെയാണ് ആദ്യ നിയമയുദ്ധത്തിന്റെ തുടക്കം. പതിനെട്ടാം വയസില്‍ റാം ജെഠ്മലാനി കറാച്ചിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയപ്പോള്‍ ചരിത്രം വഴിമാറി.

1947 ല്‍ ഇന്ത്യാവിഭജനം റാം ജഠ്മലാനിയേയും കുടുംബത്തേയും അഭയാര്‍ഥികളാക്കി മുംബൈയിലെത്തിച്ചു. പലായനത്തിന്റെ യാതനകളും മുറിപ്പാടുകളും നല്‍കിയ ഉള്‍ക്കരുത്തിന്റെ ബലത്തില്‍ ഇരുപത്തിനാലാം വയസില്‍ പുതുജീവിതം. മുംബൈയിലെ എണ്ണപ്പെട്ട അഭിഭാഷകനാകാന്‍ അധികനാളുകളെടുത്തില്ല. നിലപാടുകള്‍ നിയമത്തിലും കോടതികളിലുമൊതുങ്ങില്ലെന്നുറപ്പായപ്പോള്‍ അടുത്ത ഇടം സ്വാഭാവികമായും രാഷ്ട്രീയമായി. അടിയന്തരാവസ്ഥയ്ക്ക് മുന്‍പുള്ള ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യം റാം ജഠ്മലാനിയെപ്പോലുള്ള സ്വാതന്ത്ര്യവാദികള്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായിരുന്നു. 1971 ല്‍ ജനസംഘത്തിന്റേയും ശിവസേനയുടേയും പിന്തുണയില്‍ ഉല്ലാസ് നഗര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.

അറസ്റ്റ് വാറണ്ട് കേരളത്തില്‍ നിന്ന് 

1976. അടിയന്തരാവസ്ഥ അതിന്റെ പൈശാചികതീവ്രതയില്‍ കത്തിനില്‍ക്കുന്ന കാലം. പക്ഷേ റാമിന്റെ ശബ്ദം ഉച്ചത്തിലും വ്യക്തമായും കേള്‍ക്കാമായിരുന്നു. പാലക്കാട്ടുനടന്ന കേരള ബാര്‍ അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം. സഞ്ജയ് ഗാന്ധിയെ ഇന്ത്യയുടെ ഏകാധിപതിയാക്കാനാണ് അടിയന്തരാവസ്ഥയെന്ന് ഉദ്ഘാടകനായ റാം ജഠ്മലാനി ആഞ്ഞടിച്ചു. ഇന്ദിര ഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും തൊലിയുരിച്ച പ്രസംഗത്തിനുപിന്നാലെ കലക്ടര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പൊലീസ് എത്തുംമുന്‍പ് ജഠ്മലാനി സ്ഥലം വിട്ടു. പാലക്കാട് പൊലീസിന്റെ വാറണ്ട് നടപ്പാക്കുന്നത് തടയാന്‍ നാനി പല്‍ക്കിവാലയുടെ നേതൃത്വത്തില്‍ 300 അഭിഭാഷകരാണ് റാം ജഠ്മലാനിക്കുവേണ്ടി ബോംബെ ഹൈക്കോടതിയില്‍ അണിനിരന്നത്. സ്റ്റേ കിട്ടിയെങ്കിലും സുപ്രീംകോടതി ഭരണഘടനാബഞ്ച് പുറപ്പെടുവിച്ച 'ഹേബിയസ് കോര്‍പസ് ' വിധിയോടെ അത് റദ്ദായി. തുടര്‍ന്ന് വിദേശത്തേക്ക് കടന്ന റാം ജഠ്മലാനി 10 മാസം കഴിഞ്ഞ് അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോഴാണ് കാനഡയില്‍ നിന്ന് മടങ്ങിയെത്തിയത്. 

അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയുടെ നിയമമന്ത്രി എച്ച്.ആര്‍.ഗോഖലെയെ ബോംബെയില്‍ തറപറ്റിച്ചാണ് ജഠ്മലാനി ലോക്സഭയില്‍ അരങ്ങേറിയത്. 1980 ല്‍ വിജയം ബോംബെ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചെങ്കിലും സുനില്‍ ദത്തിനോട് തോറ്റു. പിന്നീട് ആറുവട്ടവും റാം ജഠ്മലാനി പാര്‍ലമെന്റിലെത്തിയത് രാജ്യസഭാംഗമായാണ്. അഞ്ചുതവണ ബിജെപി അംഗമായും ഏറ്റവും ഒടുവില്‍ 2017ല്‍ ആര്‍ജെഡി ടിക്കറ്റിലും. 

പ്രതിഭാഗം വക്കീല്‍

'കള്ളക്കടത്തുകാരുടെ വക്കീല്‍' എന്നാണ് ഒരുകാലത്ത് റാം ജഠ്മലാനി അറിയപ്പെട്ടിരുന്നത്. വെറുതേയല്ല, ഹാജി മസ്താന്‍ മുതല്‍ മുംബൈ അധോലോകത്തെ കുപ്രസിദ്ധ കുറ്റവാളികളായിരുന്നു കക്ഷികളില്‍ പലരും. അഴിമതിക്കാരായ രാഷ്ട്രീയക്കാരും കൊലക്കേസ് പ്രതികളും മുതല്‍ ഓഹരി കുംഭകോണം പോലുള്ള വന്‍ സാമ്പത്തിക തട്ടിപ്പുകേസുകളുടെ സൂത്രധാരന്മാര്‍ വരെ രക്ഷതേടി ജഠ്മലാനിക്കുമുന്നിലെത്തി. ഹര്‍ഷദ് മേഹ്ത, കേതന്‍ പരേഖ്, ലാലുപ്രസാദ് യാദവ്, ജയലളിത, കനിമൊഴി, ബി.എസ്.യെഡിയൂരപ്പ, അമിത് ഷാ, ആസാറാം ബാപ്പു, എല്‍.കെ.അദ്വാനി, അരവിന്ദ് കേജ്‍രിവാള്‍, അങ്ങനെ നീളുന്നു പട്ടിക. അരുണ്‍ ജെയ്റ്റ്‍ലി നല്‍കിയ മാനനഷ്ടക്കേസിലാണ് ജഠ്മലാനി കേജ്‍രിവാളിനെ പ്രതിരോധിച്ചത്. 

ഇന്ദിരാഗാന്ധി വധക്കേസിലും രാജീവ് ഗാന്ധി വധക്കേസിലും പാര്‍ലമെന്റ് ആക്രമണക്കേസിലും പ്രതികള്‍ക്കുവേണ്ടി ഹാജരായത് വന്‍ പ്രതിഷേധം വകവയ്ക്കാതെയാണ്. ഇന്ദിര വധക്കേസിലെ പ്രതി സത്‍വന്ത് സിങ്ങിന്റെ വധശിക്ഷ കോടതി ഇളവുചെയ്തു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ നിന്ന് എസ്.എ.ആര്‍.ഗീലാനിയെ മോചിപ്പിച്ചതും ജഠ്മലാനിയുടെ വാദങ്ങളാണ്. ഇതേ കേസിലെ പ്രതി അഫ്സല്‍ ഗുരുവിനുവേണ്ടിയും ജഠ്മലാനി രംഗത്തുണ്ടായിരുന്നു. കുപ്രസിദ്ധമായ ജസിക്ക ലാല്‍ വധക്കേസ് പ്രതി മനു ശര്‍മയ്ക്കുവേണ്ടി ഹാജരായതും മറ്റാരുമല്ല.

ക്രിമിനല്‍ കേസുകളിലെ പ്രാഗല്‍ഭ്യം അദ്ദേഹത്തെ രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള അഭിഭാഷകനാക്കി. എന്നാല്‍ പൊതുതാല്‍പര്യസംരക്ഷണത്തിനുള്ള കേസുകളില്‍ പലതിനും ജഠ്മലാനി പ്രതിഫലം പറ്റാതെ രംഗത്തുവന്നു. സ്വന്തമായി ഒട്ടേറെ പൊതുതാല്‍പര്യഹര്‍ജികളും അദ്ദേഹം നേരിട്ട് ഫയല്‍ ചെയ്തു. ഉന്നതങ്ങളിലെ അഴിമതി തുറന്നുകാട്ടുന്നതും വിളിച്ചുപറയുന്നതും  ശീലമാക്കിയ ജഠ്മലാനി വിദേശത്തെ ഇന്ത്യന്‍ കള്ളപ്പണ നിക്ഷേപം തിരിച്ചെത്തിക്കാനുള്ള മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയവരില്‍ മുന്‍പനാണ്.

ഇണങ്ങിയും പിണങ്ങിയും ബിജെപിയില്‍

ബിജെപിയുടെ വലതുപക്ഷരാഷ്ട്രീയമാണ് റാം ജഠ്മലാനിയെ കൈപിടിച്ചുയര്‍ത്തിയതും അധികാരത്തിന്റെ ഭാഗമാക്കിയതും. പക്ഷേ അവിടേയും അഭിപ്രായസ്വാതന്ത്ര്യം അടിയറ വയ്ക്കാന്‍ തയാറായിരുന്നില്ല. വിവരാവകാശനിയമം പ്രാബല്യത്തില്‍ വരുംമുന്‍പ് 1998ല്‍ മന്ത്രിയെന്ന അധികാരം ഉപയോഗിച്ച് കേന്ദ്ര നഗരകാര്യവകുപ്പിന്റെ ഫയലുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത് ഈ കാഴ്ചപ്പാടിന്റെ ഭാഗമാണ്. 1999ല്‍ രണ്ടാം വാജ്പേയ് മന്ത്രിസഭയില്‍ നിയമമന്ത്രിയായിരിക്കേ അന്നത്തെ ചീഫ് ജസ്റ്റിസ് എ.എസ്.ആനന്ദ്, സോളിസിറ്റര്‍ ജനറല്‍ സോളി സൊറാബ്ജി എന്നിവരുമായി ഇടഞ്ഞു. വിവാദം മുറുകിയപ്പോള്‍ രാജി. വിമര്‍ശനങ്ങള്‍ തുടര്‍ന്നതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്തായി. ഒടുവില്‍ 2004 ലോക്സഭാതിരഞ്ഞെടുപ്പില്‍ ലക്നൗവില്‍ എ.ബി.വാജ്പേയ്ക്കെതിരെ മല്‍സരിച്ച് പ്രതിഷേധം. 2010 ല്‍ നിതിന്‍ ഗഡ‍്കരി അധ്യക്ഷനായിരിക്കേ വീണ്ടും ബിജെപിയില്‍. സുഷമ സ്വരാജിനും അരുണ്‍ ജെയ്റ്റ്ലിക്കും ഗ‍ഡ്കരിക്കുമെതിരെ പരസ്യവിമര്‍ശനത്തിന് മുതിര്‍ന്നതോടെ മൂന്നുവര്‍ഷത്തിനുശേഷം വീണ്ടും പാര്‍ട്ടി കൈവിട്ടു. പിന്നീട് ആര്‍ജെഡി ടിക്കറ്റിലാണ് രാജ്യസഭ കണ്ടത്. 

"ഒരു നല്ല രാഷ്ട്രീയക്കാരന്‍ ഒരിക്കലും താന്‍ പറയുന്നതില്‍ വിശ്വസിക്കില്ല. എന്നാല്‍ തന്നെ മറ്റുള്ളവര്‍ വിശ്വസിക്കുന്നു എന്നുകാണുമ്പോള്‍ അയാള്‍ അസ്വസ്ഥനാകുകയും ചെയ്യും". ഫ്രാന്‍സിന്റെ വിഖ്യാതനായ പ്രസിഡന്റ് ഷാള്‍ ദ് ഗോളിന്റെ ഈ നിര്‍വചനത്തില്‍ ജഠ്മലാനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. പറയുന്നത് വിശ്വസിക്കുകയും മറ്റുള്ളവരുടെ വിശ്വാസത്തില്‍ സന്തോഷിക്കുകയും ചെയ്യുന്നയാളായതുകൊണ്ടാകണം പ്രായോഗിക രാഷ്ട്രീയത്തില്‍ റാം ജഠ്മലാനിക്ക് ഇത്രയേറെ തിരിച്ചടികളുണ്ടായത്. പക്ഷേ ആ ഗണത്തില്‍പ്പെട്ട രാഷ്ട്രീയക്കാരുടെ സംഖ്യ ചുരുങ്ങിച്ചുരുങ്ങി വിരലെണ്ണത്തോളമെത്തുന്ന കാലത്ത്, അഭിപ്രായസ്വാതന്ത്ര്യം മരണവാറണ്ടാകുന്ന കാലത്ത് ജഠ്മലാനി അവശേഷിപ്പിക്കുന്ന വിടവ് അതിബൃഹത്താണ്. ചിന്തിക്കാവുന്നതിലും വലിയ വിടവ്.

MORE IN INDIA
SHOW MORE
Loading...
Loading...