കമൽ തിളങ്ങുന്നു; നീക്കങ്ങൾ വേഗത്തിലാക്കി രജനി; മൻട്രത്തിൽ 60 ലക്ഷം അംഗങ്ങൾ

kamal-rajani-party-tn
SHARE

തമിഴകത്തെ ആവേശത്തിലാക്കി അധികാരം പിടിക്കാൻ രജനികാന്ത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ടു ഉടൻ  രസികർ മൻട്രം പ്രതിനിധികളുമായി ചർച്ച നടത്തും. എന്നാൽ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം അദ്ദേഹത്തിനോട് അടുത്ത് നിൽക്കുന്ന കേന്ദ്രങ്ങൾ തള്ളുകയാണ്. കമൽഹാസന്റെ മക്കൾ നീതി മയ്യം തിരഞ്ഞെടുപ്പിൽ നടത്തിയ ഗംഭീര പ്രകടനമാണ് രജനിയുടെ നീക്കങ്ങൾ വേഗത്തിലാക്കുന്നത്. എല്ലാ  ജില്ലകളിലും രസികർ മൻട്രത്തിനു ഭാരവാഹികളെ തിരഞ്ഞെടുത്തു. മൻട്രത്തിൽ ഇതിനകം 60 ലക്ഷം പേർ അംഗങ്ങളായെന്നാണ് അവകാശവാദം. അടുത്ത വർഷമാദ്യം രജനീകാന്ത് പാർട്ടി പ്രഖ്യാപനം നടത്തുമെന്നാണു സൂചന.

ബിജെപി ആശയങ്ങളോടു ചേർന്നു നിൽക്കുമ്പോഴും ആ പാർട്ടിയിൽ ചേരാനില്ലെന്ന വ്യക്തമായ സന്ദേശം രജനീകാന്ത് അടുത്ത അനുയായികൾക്കു നൽകിക്കഴിഞ്ഞു.പാർട്ടിയിലെ സാധാരണ അംഗം പോലുമല്ലാത്തയാൾ  എങ്ങിനെ സംസ്ഥാന പ്രസിഡന്റാകും എന്നാണ് ഇതുമായി ബന്ധപ്പെട്ട വാർത്തകളോട് അടുപ്പക്കാരുടെ പ്രതികരണം.എന്നാൽ, പാർട്ടി രൂപീകരണ ശേഷം ബിജെപിയുമായി സഖ്യത്തിലാകാനുള്ള സാധ്യത തള്ളുന്നില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യത്തിന്റെ പ്രകടനം ആകാംക്ഷയോടെയാണു രജനി സംഘം വിലയിരുത്തിയത്. നഗര പ്രദേശങ്ങളിൽ കമലിന്റെ പാർട്ടി കാഴ്ചവച്ച പ്രകടനം, സംസ്ഥാനത്തു പുതിയ രാഷ്ട്രീയത്തിനു സാധ്യതയുണ്ടെന്നതിന്റെ സൂചനയായി അവർ വിലയിരുത്തുന്നു. ഗ്രാമപ്രദേശങ്ങളിൽ രജനിയുടെ താരമൂല്യം വോട്ടായി മാറുമെന്നാണു  കണക്കുകൂട്ടൽ. ജയലളിതയുടെ മരണശേഷം അണ്ണാഡിഎംകെയ്ക്കുണ്ടായ ശക്തിക്ഷയം അനൂകൂല ഘടകമാകാം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരിയെങ്കിലും കരുണാനിധിയുടെ കാലത്തെ പോലെ ഡിഎംകെ സംഘടനാപരമായി ശക്തരല്ലെന്നാണു രജനി സംഘത്തിന്റെ നിഗമനം. നിയമസഭാ ഉപതിരഞ്ഞെടുപ്പു ഫലമാണു അതിനുള്ള തെളിവായി ചൂണ്ടിക്കാട്ടുന്നത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...