മിടിക്കുന്ന ഹൃദയത്തോടെ അവര്‍ കണ്ടു; ഈ തിരിച്ചടിയും ഐഎസ്ആര്‍ഒ അതിജയിക്കും

India Moon Mission
SHARE

ഐഎസ്ആര്‍ഓയുടെ 50 വർഷത്തെ ചരിത്രത്തിൽ മുൻപും പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാതെ പോയിട്ടുണ്ട്. വിക്ഷേപണഘട്ടത്തിലെ പാളിച്ചകൾ മൂലമായിരുന്നു ഇതിൽ ഭൂരിഭാഗവും. 1979ൽ ഇന്ത്യയുടെ ആദ്യ വിക്ഷേപണവാഹനം എസ്എൽവി 3ന്റെ ആദ്യപരീക്ഷണം തന്നെ പരാജയമായിരുന്നു. ഒരു വർഷത്തിനുള്ളിൽ ഇതേ വിക്ഷേപണവാഹനം ഉപയോഗിച്ച് രോഹിണി ആർഎസ് 1 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചാണ് ഇസ്റോ വരവറിയിച്ചത്. പിന്നീടു നിർമിച്ച എഎസ്എൽവിയുടെയും പിഎസ്എൽവിയുടെയും ആദ്യ 2 വിക്ഷേപണവും പരാജയപ്പെട്ടു. ഇതേ പിഎസ്എൽവി പിന്നീട് ഇന്ത്യയുടെ അഭിമാനമായി മാറി. ജിഎസ്എൽവിയുടെ തുടക്കകാലത്തും ഇതുപോലെ തിരിച്ചടികളുണ്ടായെങ്കിലും ഇസ്റോ കഠിനാധ്വാനത്തിലൂടെ അവയെല്ലാം മറികടന്നു. 

സാങ്കേതികരംഗത്തു മാത്രമല്ല, ചാരക്കേസ്, ആൻട്രിക്സ് അഴിമതിക്കേസ് ഉൾപ്പെടെയുള്ള ആരോപണങ്ങളുണ്ടായപ്പോഴും ശാസ്ത്രജ്ഞർ തളർന്നില്ല. ബഹിരാകാശ ദൗത്യങ്ങളുടെ ആസൂത്രണത്തെയോ നടത്തിപ്പിനെയോ ഇവയൊന്നും ബാധിച്ചതുമില്ല. ചന്ദ്രയാൻ 2 ആദ്യ വിക്ഷേപണം മാറ്റിവച്ചതിനു ശേഷം ഉറക്കം പോലുമില്ലാതെ ജോലി ചെയ്താണ് ശാസ്ത്രജ്ഞർ തകരാർ കണ്ടെത്തിയതും മണിക്കൂറുകൾക്കുള്ളിൽ പരിഹരിച്ചതും. അതീവ അപകടസാധ്യത വകവയ്ക്കാതെയായിരുന്നു ഈ ആത്മസമർപ്പണം. ഇസ്റോയുടെ ഓരോ നേട്ടത്തെയും രാജ്യം എഴുന്നേറ്റുനിന്ന് ആദരിക്കുന്നതും അതുകൊണ്ടുതന്നെ. 

വിക്രം ലാന്‍ഡറിന്റെ താഴേക്കുള്ള ഇറക്കം, പതിൻമടങ്ങ് മിടിക്കുന്ന ഹൃദയത്തോടെയാണു റൂമിനുള്ളിലുള്ള ശാസ്ത്രജ്ഞരും മറ്റുള്ളവരും കണ്ടത്. ലാൻഡിങ് പരാജയപ്പെട്ടതോടെ ഹാളിൽ നിശബ്ദത പരന്നു. ലോകമെങ്ങും നിന്നുള്ള മാധ്യമപ്രവർത്തകരുടെ സംഘം രാവിലെ മുതൽ എത്തിത്തുടങ്ങിയിരുന്നു. തത്സമയ സംപ്രേഷണത്തിനുള്ള വാഹനങ്ങളുടെ നീണ്ടനിര റോഡിൽ. കനത്ത സുരക്ഷാവലയത്തിലായിരുന്നു ഇസ്ട്രാക്കും പരിസരവും.

നൂറിലധികം ശാസ്ത്രജ്ഞർ വിക്രം ലാൻഡറിന്റെ ഓരോ പ്രവർത്തനവും ഇമചിമ്മാതെ നിരീക്ഷിച്ചു വിലയിരുത്തിക്കൊണ്ടിരുന്നു. പ്രധാനമന്ത്രിക്കൊപ്പം ചരിത്രനിമിഷങ്ങൾക്കു സാക്ഷ്യം വഹിക്കാൻ അവസരം കിട്ടിയ 70 വിദ്യാർഥികളെ രാത്രി പതിനൊന്നോടെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ എത്തിച്ചു. മലയാളി വിദ്യാർഥികളായ അഹമ്മദ് തൻവീർ, ശിവാനി എസ്.പ്രഭു എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഭൂട്ടാനിൽ നിന്നുള്ള വിദ്യാർഥികളും ദൗത്യം കാണാൻ എത്തിയിരുന്നു. പുലർച്ചെ 1.23നു പ്രധാനമന്ത്രി ഇസ്ട്രാക്കിലെത്തി.തുടർന്ന് ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളും അദ്ദേഹം വീക്ഷിച്ചു.

സംഭവിച്ചത്: അവസാന നിമിഷം ഭൂമിയില്‍ നിന്നുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് ദൗത്യം അനിശ്ചിതത്വത്തില്‍. വിക്രം ലാന്‍ഡറുമായുള്ള ബന്ധം ചന്ദ്രന്‍റെ ഉപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരെ വച്ച് നഷ്ടമായി. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയോ എന്ന് സംശയമുണ്ട്. വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

അവസാന നിമിഷം വരെ വിജയകരമായിരുന്ന ഇന്ത്യയുടെ രണ്ടാം ചന്ദ്രയാന്‍ ദൗത്യത്തിന് തിരിച്ചടി. ചന്ദ്രോപരിതലത്തിന് തൊട്ടരികെ 2.1 കിലോമീറ്റര്‍ മുകളില്‍ വച്ച് വിക്രം ലാന്‍ഡറിന് ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയം നഷ്ടമായി. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതാണോ എന്ന് സംശയമുണ്ട്. വിവരങ്ങള്‍ ഐഎസ്ആര്‍ഒ പരിശോധിച്ച് വരികയാണ്. ചന്ദ്രനെ ഭ്രമണം ചെയ്തിരുന്ന വിക്രം ലാന്‍ഡര്‍ നേരത്തെ നിശ്ചയിച്ചത് പോലെ പുലര്‍ച്ചെ 1.37 നാണ് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കം തുടങ്ങിയത്. വേഗത കുറയ്ക്കാനായി നാല് എന്‍ജിനുകളും പ്രവര്‍ത്തിപ്പിച്ചു. 

ഈ ഘട്ടവും വിജയകരമായിരുന്നു,. ചന്ദ്രനോട് ഏറെ അടുത്തെത്തിയതോടെ ഫൈന്‍ ബ്രൈക്കിങ് എന്ന ഘട്ടം തുടങ്ങി. പേടകം ചന്ദ്രോപരിതലത്തിന് അടുത്തേക്ക് എത്തി. ഇവിടെയാണ് അപ്രതീക്ഷിതമായത് സംഭവിച്ചത്. 

ഇപ്പോഴും ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്ററിന് വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്. ഇതിനാണ് ഐഎസ്ആര്‍ഒയുടെ ഇപ്പോഴത്തെ ശ്രമം. അവസാന നിമിഷത്തെ ഡാറ്റകള്‍ പരിശോധിച്ചാല്‍ മാത്രമേ ബന്ധം നഷ്ടപ്പെടാനുള്ള കാരണം കണ്ടെത്താനാകൂ. 

ഉദ്വേഗത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിമിഷങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്ക് ധൈര്യംപകര്‍ന്നും ആശ്വാസമായും പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ചന്ദ്രയാന്‍ ദൗത്യത്തിന്റെ നിര്‍ണായക ഘട്ടങ്ങള്‍ ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ ശാസത്രജ്ഞര്‍ക്കൊപ്പമിരുന്നാണ് പ്രധാനമന്ത്രി നിരീക്ഷിച്ചത്.  പ്രതീക്ഷ തുടരുന്നുവെന്നും ഐ.എസ്.ആര്‍.ഒയെക്കുറിച്ച് രാജ്യം അഭിമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.ആര്‍.ഒയില്‍ രാജ്യത്തിന് അഭിമാനമുണ്ടെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദും ട്വീറ്റ് ചെയ്തു.

രാത്രി ഒന്‍പതരയോടെ പീനിയയിലെ ഐ.എസ്.ആര്‍.ഒ ടെലിമെട്രി ട്രാക്കിങ് അന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് സെന്ററിലെത്തിയ  പ്രധാനമന്ത്രിയെ ചെയര്‍മാന്‍ കെ.ശിവന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സോഫ്റ്റ് ലാന്‍ഡിങ്ങിനെക്കുറിച്ച് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാരോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തി. വിക്രം ലാന്‍ഡര്‍ ഭ്രമണംപഥത്തില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയതു മുതലുള്ള ഓരോഘട്ടം വിജയമായപ്പോഴും അദ്ദേഹം ശാസ്ത്രജ്ഞരുടെ അഹ്ലാദ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. 

ആരവങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുമ്പോഴാണ് ലാന്‍ഡറില്‍നിന്ന് ഭൂമിയിലേക്കുള്ള ആശയവിനിമയം നഷ്ടമായത്. ചെയര്‍മാന്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെ പുറത്തേക്കുപോയ പ്രധാനമന്ത്രി  അല്‍പ്പസമയത്തിനകം തിരിച്ചെത്തി. ധൈര്യമായിരിക്കാനും രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് പറഞ്ഞു. 

പ്രത്യേക ക്ഷണിതാക്കളായി എത്തിയ കുട്ടികളുമായി ആശയവിനിമയവും നടത്തിയാണ് പ്രധാനമന്ത്രി മടങ്ങിയത്. രാജ്യം ശാസ്ത്രജ്ഞരെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് പിന്നാലെ ട്വീറ്റുമെത്തി.  

MORE IN INDIA
SHOW MORE
Loading...
Loading...