74-ാം വയസിൽ കൃത്രിമ ഗർഭധാരണം: ധാർമികതയ്ക്ക് എതിരെന്ന് ഡോക്ടർമാർ

mangayamma-2
SHARE

കൃത്രിമ ഗർഭധാരണത്തിലൂടെ 74 വയസുകാരി മങ്കയമ്മ ഇരട്ട പെൺകുഞ്ഞുങ്ങളെ പ്രസവിച്ചത് വാർത്തയായിരുന്നു. ഇരട്ടപ്രസവത്തിലൂടെ ആന്ധ്രാസ്വദേശിനിയായ മങ്കയമ്മ ഗിന്നസ് ബുക്കിലും ഇടം നേടി. എന്നാൽ ഇത്രയും പ്രായാധിക്യമുള്ള സ്ത്രീയ്ക്ക് കൃത്രിമ ഗർഭധാരണ മാർഗമായ ഇൻവിട്രോ ഫെർട്ടിലൈസേഷൻ ചികിൽസ നൽകിയത് ധാർമികമായി ശരിയല്ലെന്ന വാദവുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം ഡോക്ടർമാർ. 

പ്രായം കൂടുന്നതിന് അനുസരിച്ച് പ്രസവത്തിലും ഗർഭധാരണത്തിലും സങ്കീർണതകളുണ്ടാകാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് വൈദ്യശാസ്ത്രത്തിന്റെ ധാർമികതയ്ക്ക് നിരക്കാത്തതാണെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ടീവ് സംഘടനയുടെ പ്രസിഡന്റ് ഡോക്ടർ ജയദീപ് മൽഹോത്ര ആരോപിച്ചത്.

42 വയസുവരെയാണ് ഒരു സ്ത്രീയിൽ അണ്ഡത്തിന്റെ സംഭരണശേഷി. 52 വയസാകുന്നതോടെ ആർത്തവവിരാമം സംഭവിക്കുന്നു. 74 വയസുള്ള സ്ത്രീയുടെ ശരീരത്തിൽ അണ്ഡോത്പാദനം നടത്തി, അണ്ഡം പുറത്തെടുത്ത് കൃത്രിമ ബീജസങ്കലനം നടത്തി നിക്ഷേപിക്കുന്നത് ഹൃദയാഘാതമുൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ഗർഭധാരണ സമയത്തും കടുത്ത രക്തസ്രാവത്തിനുള്ള സാധ്യതയും കൂടുതലാണ്. രോഗിയിൽ കുത്തിവെയ്ക്കുന്ന ഹോർമോൺ ഇൻജക്ഷനുകൾ ഗർഭപാത്രത്തെ കട്ടിയാക്കുന്നു. ഇത് വാർധക്യമായവരിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കും. മങ്കയമ്മ ഈ സങ്കീർണ്ണ ചികിത്സ അതിജീവിച്ചത് ഭാഗ്യം കൊണ്ടാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി റഗുലേഷൻ ബില്ല് (2015-16) അനുസരിച്ച് 52 വയസ് വരെ മാത്രമേ ഐവിഎഫ് ചെയ്യാവൂ എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. 

56 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മങ്കയമ്മ– രാജാറാവു ദമ്പതികളെത്തേടി ഇരട്ട സൗഭാഗ്യമെത്തിയത്. ഗുണ്ടൂരിലെ അഹല്യ നഴ്സിങ് ഹോമിൽ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നു.

55 വയസ്സുകാരിയായ അയൽക്കാരിക്ക് കൃത്രിമ ഗർഭധാരണ മാർഗമായ ഇൻവിട്രോ ഫെർട്ടിലൈസേഷൻ വഴി കുഞ്ഞു പിറന്നതോടെയാണ് മങ്കയമ്മ, ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന ഡോ. അരുണയെ സമീപിച്ചത്. ജനുവരിയിൽ ഗർഭം ധരിച്ച മങ്കയമ്മ 10 ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു ഇക്കാലമത്രയും.

MORE IN INDIA
SHOW MORE
Loading...
Loading...