ജാതി വിലക്ക്; ദലിതന്റെ മൃതദേഹം പാലത്തിൽ നിന്നും കയറിലൂടെ കെട്ടിയിറക്കി

creamtion-caste
SHARE

ഉന്നതജാതിക്കാർ പറമ്പിൽ പ്രവേശിക്കാൻ സമ്മതിക്കാത്തതിനാൽ ദലിത് വയോധികന്റെ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചതു പാലത്തിൽനിന്നും കയറിലൂടെ കെട്ടിയിറക്കി. തമിഴ്നാട്ടിലെ വെല്ലൂർ‌ നാരായണപുരത്ത് അപകടത്തിൽ മരിച്ച കുപ്പൻ (65) ആണ് ജാതീയ വിവേചനത്തിന് ഇരയായത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

വാണിയമ്പാടി പ്രദേശത്ത് അമ്പതോളം ദലിത് കുടുംബങ്ങളുണ്ടെന്നും ആരു മരിച്ചാലും ഇതേ അവസ്ഥയായതിനാലാണു വിഡിയോ എടുത്തതെന്നും നാട്ടുകാരനായ യുവാവ് പറഞ്ഞു. ‘പത്തു വർഷം മുമ്പാണ് ഈ സ്ഥലം ഉന്നത ജാതിക്കാർ സ്വന്തമാക്കിയതും വേലി കെട്ടി തിരിച്ചതും. അതിലൂടെ കടന്നുവേണം പുഴക്കരയിലെ പൊതുശ്മശാനത്തിലെത്താൻ. ഞങ്ങൾക്കൊരു റോഡോ ശ്മശാനമോ വേണം’– കുപ്പന്റെ അനന്തരവൻ വിജയ് ആവശ്യപ്പെട്ടു.

വെള്ളാള ഗൗണ്ടർമാരാണു മൃതദേഹം തടഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 17ന് നടന്ന സംഭവത്തിന്റെ വിഡിയോ ബുധനാഴ്ചയോടെയാണു വൈറലായത്. 16ന് ആണ് കുപ്പൻ മരിച്ചത്. കാലങ്ങളായി ശ്മശാനമായി ഉപയോഗിക്കുന്ന പ്രദേശം ഉന്നത ജാതിക്കാർ സ്വന്തമാക്കിയതോടെ മൃതദേഹവുമായി വരുന്നതു തടയാൻ തുടങ്ങി. 15 വർഷം മുമ്പ് പാലം ഇല്ലാതിരുന്നപ്പോൾ മൃതദേഹം വെള്ളത്തിൽ ഒഴുക്കിവിടുകയാണു ചെയ്തിരുന്നത്. 

പാലം വന്നപ്പോഴാണ് അതിലൂടെ കയറുകെട്ടിയിറക്കി മൃതദേഹം സംസ്കരിക്കാനുള്ള സാഹചര്യമുണ്ടായതെന്നും വിജയ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി എസ്ഐ ബി.പ്രിയങ്ക അറിയിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...