ചീഫ് ജസ്റ്റിസില്‍ നിന്ന് സ്വര്‍ണമെഡല്‍ വാങ്ങില്ല; നിലപാടെടുത്ത് പെണ്‍കുട്ടി രാജ്യശ്രദ്ധയില്‍

ranjan-gogoi-1
SHARE

സുപ്രീംകോടതി ചീഫ് ജസ്റ്റിസില്‍ നിന്ന് പുരസ്കാരം വാങ്ങാന്‍ വിസമ്മതിച്ച് സ്വര്‍ണമെഡല്‍ ജേതാവ്. ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ എല്‍എല്‍എം ഒന്നാം റാങ്ക് ജേതാവായ സുരഭി കര്‍വ ആണ് റാങ്ക് വിതരണച്ചടങ്ങില്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയയായത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് പുരസ്കാരം സമ്മാനിക്കേണ്ടിയിരുന്നത്. ധാര്‍മികത കണക്കിലെടുത്താണ് താന്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നാണ് വിദ്യാര്‍ഥി നല്‍കിയ വിശദീകരണം. 

''മുന്‍ ജീവനക്കാരി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ഉയര്‍ത്തിയ ലൈംഗികാരോപണക്കേസില്‍ നീതിപൂര്‍വകമായ വിധിയാണ് ഉണ്ടായതെന്ന് ഞാന്‍ കരുതുന്നില്ല. അതു കൊണ്ടു തന്നെ ചീഫ് ജസ്റ്റിസില്‍ നിന്ന് ഈ പുരസ്കാരം വാങ്ങുന്നത് ധാര്‍മികതക്കു നിരക്കുന്നതാണെന്ന് ഞാന്‍ കരുതുന്നില്ല'', ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുരഭി പറഞ്ഞു. 

''അദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമണ പരാതികള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം തലവനായ സ്ഥാപനം പരാജയപ്പെട്ടു'', സുരഭി പറഞ്ഞതായി 'ദ ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു. നീതിബോധവും അഭിഭാഷകരുടെ ഉത്തരവാദിത്വവുമാണ് താന്‍ പഠിച്ചത്. അത്തരമൊരു നടപടികളും ചീഫ് ജസ്റ്റിസിനെതിരായ കേസില്‍ ഉണ്ടായില്ലെന്നും സുരഭി പറഞ്ഞു. 

ഈ വര്‍ഷം ഏപ്രിലില്‍ ആണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് അദ്ദേഹത്തിന്റെ തന്നെ ഓഫീസിലെ ജീലവനക്കാരി രംഗത്തെത്തിയത്. തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച രഞ്ജന്‍ ഗൊഗോയ് പിന്നില്‍ ഗൂഢാലോചന ഉള്ളതായാണ് പ്രതികരിച്ചത്. 

MORE IN INDIA
SHOW MORE
Loading...
Loading...