ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികവിന്യാസം നടത്താന്‍ പാകിസ്ഥാന്‍ നീക്കം

soldiers
SHARE

കശ്മീര്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനയെ പിന്‍വലിക്കുമെന്ന് പാകിസ്ഥാന്‍‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികവിന്യാസം നടത്താനാണിതെന്ന് യുഎസിലെ പാക് അംബാസിഡര്‍ അസാദ് മജീദ് ഖാന്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ നീക്കം അഫ്ഗാനിസ്ഥാനില്‍ സമാധാന സ്ഥാപനത്തിനുള്ള അമേരിക്കന്‍ നീക്കത്തെ ബാധിക്കും.  അതേസമയം കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയെ സമീപിക്കാനുള്ള പാക് നീക്കം പൊളിഞ്ഞു. 

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയെക്കാള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികവിന്യാസം ആവശ്യമായി വന്നിരിക്കുകയാണെന്ന് അംബാസിഡര്‍ അസാദ് മജീദ് ഖാന്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. അഫ്ഗാനും കശ്മീരും വ്യത്യസ്ഥ വിഷയങ്ങളെങ്കിലും സൈനിക വിന്യാസത്തിന്‍റെ കാര്യത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇസ്ലമാബാദിന്‍റെ നിലപാട്. ഈ നിലപാട് അമേരിക്കയെ കൂടുതല്‍ സമ്മര്‍ദ ത്തിലാക്കും. താലിബാനുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് അയ്യായിരത്തിലേറെ സൈനികരെ പിന്‍വലിക്കാനിരിക്കുകയാണ് വാഷിങ്ടണ്‍. താലിബാനുമായി ചര്‍ച്ചകള്‍ നടത്തി രണ്ട് ദശാബ്ധം നീണ്ട അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാനായിരുന്നു ട്രംപ് സര്‍ക്കാരിന്‍റെ പദ്ധതി.

എന്നാല്‍ പാക് സൈന്യം കൂടി പിന്‍വാങ്ങുന്നത് മേഖലയില്‍ താലിബാന്‍റെ ശക്തി വര്‍ധിപ്പിക്കും. കശ്മീര്‍ വിഷയത്തില്‍ അമേരിക്കയെ സമ്മര്‍ദത്തിലാക്കാനും ഇതുവഴി പാക്കിസ്ഥാന്‍ സാധിക്കും.  ഇന്ത്യയുമായുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അസാദ് മജീദ് ഖാന്‍ പറഞ്ഞു. രണ്ട് വലിയ ആണവശക്തികള്‍ തമ്മിലുള്ള ബന്ധം വഷളായാല്‍ സംഭവിക്കാവുന്നത് എന്താണെന്ന് ഉൗഹിക്കാമല്ലോയെന്നും ഖാന്‍ പറഞ്ഞു. അതേസമയം ജമ്മുകശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയെ സമീപിക്കാനുള്ള  പാക്കിസ്ഥാന്‍ നീക്കം സുരക്ഷസമിതി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന പോളണ്ട് തള്ളി. അഭിപ്രായഭിന്നതകള്‍ ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് പോളണ്ട് ആവശ്യപ്പെട്ടു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന് പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ പോളണ്ട് വിദേശകാര്യമന്ത്രിയുമായി ആശയവിനിമയം നടത്തിയിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...