സുരക്ഷാവലയത്തിൽ കശ്മീരിൽ ബലിപെരുന്നാൾ; അതിർത്തിയിൽ പാക് പോർവിമാനങ്ങൾ, ആശങ്ക

kasmir-eid12
SHARE

കനത്ത സുരക്ഷ വലയത്തില്‍ ജമ്മു കശ്മീരിലെ ബലിപെരുന്നാള്‍ ആഘോഷം സമാധാനപരം. ശ്രീനഗര്‍ ഉള്‍പ്പെടേയുള്ള സ്ഥലങ്ങളില്‍ പതിനായിരങ്ങള്‍ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തു. അതിനിടെ ലഡാക്ക് അതിര്‍ത്തിയിലെ വ്യോമതാവളത്തില്‍ പാകിസ്ഥാന്‍ പുതിയ പോര്‍ വിമാനങ്ങളെ എത്തിച്ചു. മൂന്ന് സി–വണ്‍തേര്‍ട്ടി പോര്‍ വിമാനങ്ങള്‍ ലഡാക്ക് സ്കാര്‍ഡു വ്യോമത്താവളത്തില്‍ പാകിസ്ഥാന്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജെ.എഫ് 17 പോര്‍ വിമാനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്. 

  വാഹനങ്ങളുടെ നീക്കങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ പ്രാദേശിക പള്ളികളിലും ഈദ്ഗാഹുകളിലും കാല്‍നടയായി എത്തിയായിരുന്നു വിശ്വാസികള്‍ ബലി പെരുന്നാള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചത്. ശ്രീനഗര്‍,ബാരമുല്ല,അനന്ദ്നാഗ്,ബുദ്ഗാം,ബന്തിപ്പോറ തുടങ്ങിയ ജില്ലകളിലായി പതിനായിരങ്ങള്‍ പെരുന്നാള്‍  നമസ്കാരം നിര്‍വ്വഹിച്ചതായും അനിഷ്ട സംഭവങ്ങളൊന്നും എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ശ്രീനഗറില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് മുന്നില്‍ കണ്ട്  നിരോധനാജ്ഞയില്‍ വരുത്തിയ ഇളവുകള്‍ പെരുന്നാള്‍ നമസ്കാരത്തിന് ശേഷം നീക്കം ചെയ്തു. അതോടെ പെരുന്നാള്‍ ദിനത്തിലും കശ്മീരിലെ നിരത്തുകള്‍ വിജനമായി. പെരുന്നാള്‍ നമസ്കാരത്തിനെത്തിയ വിശ്വസികളെ സുരക്ഷ ഉദ്യോഗസ്ഥര്‍ ആലിംഗനം ചെയ്തും മുധരം നല്‍കിയും സ്വീകരിച്ചത് വേറിട്ട കാഴ്ചയായി.

അതേസമയം കശ്മീരിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിന് വിരാമമില്ല. മുസ്ലീ ഭൂരിപക്ഷ പ്രദേശമായതിനാണ് ഭരണഘടനയുടെ 370ാം അനുഛേദം നീക്കം ചെയ്തതെന്ന കോണ്‍ഗ്രസ് നേതാവിന്‍റെ പി ചിദംബരത്തിന്‍റെ പ്രസ്താവന വിവാദമായി. എന്തിനെയും വര്‍ഗീയവത്കരിക്കുന്ന കോണ്‍ഗ്രസിന്‍റെ തനി നിറം പുറത്തായെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. കശ്മീരില്‍ സമാധാനം തകര്‍ന്നുവെന്ന്  പറയുന്ന രാഹുല്‍ ഗാന്ധിയെ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗവര്‍ണര്‍ സത്യാപല്‍ മലിക്ക് വെല്ലുവിളിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...