പതിവ് നിറപ്പകിട്ടില്ലാതെ ബലിപെരുന്നാളാഘോഷം; കശ്മീർ കനത്ത സുരക്ഷയിൽ

bakreed-kashmir
SHARE

പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്ത പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ വലയത്തിലും നിയന്ത്രണങ്ങളിലുമാണ് ജമ്മു കശ്മീര്‍ ഇത്തവണ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് നിരോധനാജ്ഞയില്‍ ഇളവുകളുണ്ടാകുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം പെരുന്നാള്‍ നമസ്കാരത്തിന് ശേഷം പ്രതിഷേധ പ്രകടനങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് സുരക്ഷ ഉദ്യോഗസ്ഥര്‍.

കശ്മീര്‍ താഴ്‌വരയിലെ ബലിപെരുന്നാള്‍ ആഘോഷത്തിന് ഇത്തവണ പതിവ് നിറപ്പകിട്ടില്ല. കമ്പോളങ്ങളിലും തെരുവുകളിലും പെരുന്നാള്‍ തലേദിവസത്തെ തിരക്കോ ആവേശമോ ഇന്നലെ കാണാനില്ലായിരുന്നു. നിരോധനാജ്ഞയില്‍ ഇളവുവരുത്തിയതായി അധികൃതര്‍ അറിയിച്ചെങ്കിലും ജനജീവിതം സാധാരണ നിലയിലേക്കെത്തിയിട്ടില്ല. നിരോധനാജ്ഞയുടെ ഫലമായി കടുത്ത കറന്‍സി ക്ഷാമം താഴ്‌വര നേരിടുന്നുണ്ട്. എ.ടി.എമ്മുകളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചെങ്കിലും ആവശ്യത്തിന് പണമില്ലെന്ന പരാതികള്‍ വ്യാപകം.  ബലി പെരുന്നാളിന്‍റെപ്രധാന കര്‍മ്മമായ ബലിക്ക് വേണ്ടിയുള്ള മൃഗങ്ങളെ വിപണിയില്‍ ലഭിക്കാത്ത സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ആവശ്യത്തിന് ബലിമൃഗങ്ങളെ സര്‍ക്കാര്‍ തന്നെ നേരിട്ടെത്തിച്ചതായി ഗവര്‍ണര്‍ സത്യപാല്‍ മലിക്ക് അറിയിച്ചു. പെരുന്നാള്‍ നമസ്കാരത്തിനായി പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കും  പോകുന്നതിനായി ജനങ്ങളുടെ സ‍ഞ്ചാരത്തിനുള്ള നിയന്ത്രണങ്ങള്‍ ഇന്നുണ്ടാകില്ല. എങ്കിലും ശ്രീനഗറുള്‍പ്പെടേയുള്ള പ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമായി തുടരും. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം ചിലയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. സമാന സാഹചര്യം ഇന്നത്തെ പെരുന്നാള്‍ നമസ്കാരത്തിന് ശേഷവും ഉണ്ടായേക്കുമെന്ന ആശങ്ക അധികൃതര്‍ക്കുണ്ട്. ഇന്‍റര്‍നെറ്റ്,മൊബൈല്‍ സേവനങ്ങള്‍ക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...