‘നിങ്ങൾ പാക്കിസ്ഥാനിൽ ജനിച്ചിരുന്നെങ്കിലെന്ന് മോഹം’; സുഷമയ്ക്ക് വിട നൽകി പാക് ജനത

sushma-pak-tweet
SHARE

‘നിങ്ങൾ പാക്കിസ്ഥാനിൽ ജനിച്ചിരുന്നെങ്കിൽ, ഇവിടുത്തെ രാഷ്ട്രീയ നേതാവിയിരുന്നെങ്കിലെന്ന് വല്ലാതെ ആഗ്രഹിച്ചുപോകുന്നു.’ പാക്കിസ്ഥാനിലെ സൈബർ ഇടങ്ങളിൽ ഒട്ടേറെ പേർ സുഷമ സ്വരാജിന്റെ വേർപാടിൽ കണ്ണീരണിഞ്ഞ് നടത്തിയ പ്രതികരണങ്ങളിലൊന്നാണിത്. ഇത്തരത്തിൽ ഹൃദയം നിറയ്ക്കുന്ന കുറിപ്പുകളോടെയാണ് പാക്കിസ്ഥാൻ ജനത സുഷമ എന്ന എക്കാലത്തെയും മികച്ച ഇന്ത്യൻ നേതാവിന് വിട ചൊല്ലുന്നത്. 

വിദേശകാര്യമന്ത്രാലയം കാരുണ്യത്തിന്‍റെ മുഖമാണെന്ന് തെളിയിച്ചത് സുഷമാസ്വരാജ് വിദേശകാര്യമന്ത്രി കസേരയിലിരുന്നപ്പോഴാണ്. വിദേശത്ത് പ്രശ്നങ്ങളില്‍പ്പെടുന്ന ഇന്ത്യക്കാര്‍ക്ക് ആദ്യം ആശ്രയിക്കാവുന്ന അടുപ്പമുള്ള ബന്ധുവിന്‍റെ സ്ഥാനമായിരുന്നു സുഷമാ സ്വരാജിന്. കലുഷിതമായ ഇറാഖില്‍ നിന്ന് 46 മലയാളി നഴ്സുമാരെ രക്ഷിച്ചെടുത്ത ഈ വനിത വിദേശരാജ്യങ്ങളുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്രവും നെയ്തെടുത്തു . 

നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിപ്പോയാലും അവിടെ ഇന്ത്യന്‍ എംബസി സഹായത്തിനുണ്ടാകും – 987 ദിവസമായി ചൊവ്വയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരനാണ് എന്നാണ് മംഗള്‍യാന്‍ പുറപ്പെടുക എന്ന തമാശ ട്വീറ്റ് ചെയ്ത യുവാവിന് സുഷമാസ്വരാജിന്‍റെ മറുപടിയായിരുന്നു ഇത്. പക്ഷേ സുഷമാസ്വരാജ് വിദേശകാര്യമന്ത്രിയായിരുന്നപ്പോള്‍ ഇതിന് വെറുംവാക്കിന്‍റെ  നിറമായിരുന്നില്ല, ഉറപ്പിന്‍റെ കരുത്തായിരുന്നു. 

ഇറാഖില്‍ ഐഎസ് ആക്രമണം രൂക്ഷമായ പ്രദേശത്ത് മലയാളികള്‍ ഉള്‍പ്പെടെ 46 നഴ്സുമാരെ രക്ഷിച്ചുകൊണ്ടുവന്നത് സുഷമസ്വരാജിന്‍റെ നയതന്ത്രനീക്കത്തിന്‍റെ വിജയമായിരുന്നു. ഒന്‍പതാം വയസില്‍ ട്രെയിന്‍മാറിക്കയറി പാക്കിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഗീത എന്ന പെണ്‍കുട്ടി 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തി തന്‍റെ മാതാപിതാക്കളെ തിരഞ്ഞപ്പോള്‍, കുടുംബത്തെ കണ്ടെത്തിയില്ലെങ്കില്‍ അവളെ സംരക്ഷിക്കുമെന്ന് പറഞ്ഞ സുഷമാസ്വരാജ് മാനവികതയുടെ മുഖമായി.

6 വര്‍ഷം പാക്ക് ജയിലില്‍ കഴിഞ്ഞ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഹമീദ് നിഹാല്‍ അന്‍സാരിയുടെയുടെയും  സൗദിയില്‍ തൊഴിലുടമ അടിമയാക്കിയ പഞ്ചാബി പെണ്‍കുട്ടിയുടെ മോചനം സുഷമയ്ക്ക് കൈയ്യടി വാങ്ങിക്കൊടുത്തു. ഒരു വയസുള്ള പാക്ക് ബാലികയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്താന്‍ ഇന്ത്യയിലേക്ക് വരാന്‍  മണിക്കൂറുകള്‍ക്കകം വീസ നല്‍കിയും സുഷമ ജനകീയയായി. വീസ ഏജന്‍റുമാര്‍ മൂന്നുലക്ഷം രൂപയ്ക്ക് സ്പോണ്‍സര്ക്ക് വിറ്റ ഇന്ത്യന്‍ യുവതി സല്‍മാബീഗത്തെ രക്ഷിച്ചതും പാക്ക് പൗരന്‍ തോക്ക് ചൂണ്ടി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് തടവിലായ ഇന്ത്യക്കാരി ഉസ്മ അഹമ്മദ് തിരിച്ചെത്തിയതും സുഷമാസ്വരാജിന്‍റെ കരങ്ങളിലെ സഹായത്താലാണ്. 

ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ത്യന്‍ വിസ ആവശ്യമുള്ളപ്പോള്‍ പാക്കിസ്ഥാന്‍കാര്‍ക്ക് മുന്നിലും സുഷമ കരുണ ചൊരിഞ്ഞു. ഒരു വയസുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ മുതല്‍ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വരെ സുഷമ വിസ അനുവദിച്ച് നല്‍കാന്‍ ഇടപ്പെട്ടിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...