മുഴങ്ങുന്നു പോർവിളി‍‌; ഉയിര്‍ത്തെഴുന്നേല്‍ക്കുമോ പ്രതിപക്ഷം; അതോ വീണുരുളുമോ..?

maharashtreeyam-thump
SHARE

മറാഠി മനസുകളില്‍ ചൂട് പടരുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുൻപേ കടന്നുവരുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് ആർക്കനുകൂലമാകും? മോദി സുനാമിയിൽ എൻഡിഎ തൂത്തുവാരിയ മണ്ണിൽ ഫഡ്നാവിസിന് രണ്ടാമൂഴം ലഭിക്കുമോ ? നിലം കിട്ടാതെ അലയുന്ന പ്രതിപക്ഷത്തിന്റെ അവസാനപ്രതീക്ഷകൾ ഫലം കാണുമോ ? മഹാരാഷ്ട്ര പോര് തുടങ്ങുകയാണ്. മാസങ്ങള്‍ക്കകം സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. കൊടുംവേനലിൽ കരിഞ്ഞുണങ്ങുകയും അതിവർഷത്തിൽ പാതി മുങ്ങിപോവുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തിന്റെ മനസിലെന്താണ് ? ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി ‘മഹാരാഷ്ട്രീയം’ ആരംഭിക്കുന്നു. 

ചരിത്രംതിരുത്താൻ ആദിത്യ; രഥമുരുട്ടി ഫഡ്നാവിസ്

ഒരുപാട് മുഴം മുൻപേ എറിഞ്ഞുകഴിഞ്ഞിരിക്കുന്നു ഭരണത്തിലുള്ള ബിജെപി-ശിവസേന സഖ്യം. വല്യേട്ടൻതർക്കം പുറമേ സജീവമാണെങ്കിലും ഒരുമിച്ച് നിൽക്കമെന്ന ബോധ്യം ഇരുപാർട്ടികൾക്കും ഉണ്ട്; പ്രത്യേകിച്ച് ശിവസേനയ്ക്ക്. അതുകൊണ്ടുതന്നെയാണ് ചരിത്രപരമായ ഒരു തീരുമാനത്തിലേക്കവർ എത്തിച്ചേർന്നത്. താക്കറെ കുടുംബത്തിൽനിന്ന് ആദ്യമായി ഒരാൾ തിരഞ്ഞെടുപ്പ് ബലപരീക്ഷയ്ക്കിറങ്ങിയേക്കും - ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും യുവസേന അധ്യക്ഷനുമായ ആദിത്യ താക്കറെ. തിരഞ്ഞെടുപ്പ് കളത്തിലേക്കുള്ള കാൽവയ്പിന്റെ മുന്നോടിയാണ് രണ്ടാംഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുന്ന ആദിത്യയുടെ സംസ്ഥാന പര്യടനം. നിലവിലെ സർക്കാരിൽ ഉപമുഖ്യമന്ത്രി പദത്തിലേക്ക് ആദിത്യ എത്തുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. എന്നാൽ ഇത്തവണ സഖ്യം അധികാരത്തിലേത്തിയാൽ അത് യാഥാർഥ്യമായേക്കും. സേനയുടെ ചരിത്രമാകും അങ്ങനെയെങ്കിൽ മാറ്റി എഴുതപ്പെടുക. 

maharashtreeyam-two

ജനപ്രതിനിധികൾക്കും മുകളിലാണ് താക്കറെ കുടുംബമെന്ന അവരുടെതന്നെ വിശ്വാസവും, 'സ്വബോധവും' മാറ്റി എഴുതപ്പെടുകയാണ് ബാൽ താക്കറെയുടെ കൊച്ചുമക‌നിലൂടെ. നിലനിൽപ്പ് ശിവസേനയ്ക്കും ആശങ്ക നൽകുന്നുണ്ട്. 2014ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മൽസരിച്ച് ഒടുവിൽ ബിജെപിക്കൊപ്പം ചേരുകയായിരുന്നു അവർ. 

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെയാണ് ബിജെപിയുടെ തുറുപ്പുച്ചീട്ട്. ചെറുപ്പക്കാരനായ, ചുറുചുറുക്കുള്ള മുഖ്യമന്ത്രിയിൽ ജനം പ്രതീക്ഷവയ്ക്കുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം. സംസ്ഥാന സർക്കാരിന് അനുകൂലമായ പൊതുജനപ്രതികരണം. മെച്ചപ്പെട്ട  ബിജെപി-ശിവസേന ബന്ധം.  കാര്യങ്ങൾ എൻഡിഎക്ക് അനുകൂലമാണ്. നരേന്ദ്ര മോദി-അമിത് ഷാ അധികാരകേന്ദ്രങ്ങളുടെ ഗുഡ് ബുക്കിലുള്ള ഫഡ്നാവിസിന് എല്ലാ വിധത്തിലും കാറ്റ് അനുകൂലം.

മഹായാത്രകൾ

മാറാഠ മണ്ണിൽ മാഹായാത്രകളുടെ കാലമാണ്. തുടക്കമിട്ടത് ശിവസേനയുടെ യുവരക്തം ആദിത്യ താക്കറെ. ഗ്രാമങ്ങളിലൂടെയാണ് ആദ്യഘട്ട പര്യടനം. അതിനുപിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ രഥം ഉരുണ്ടുതുടങ്ങി - മഹാജനദേശ് യാത്ര എന്ന പേരിൽ. ഇരുപാർട്ടികളുടെയും പോസ്റ്റർ ബോയ്സ് സമാന്തരമായി നടത്തുന്ന യാത്രകൾ ബിജെപി-സേന ബന്ധം ഉലയുന്നുവെന്നതിന്റെ സൂചനകളാണ് എന്ന ശ്രുതിക്ക് ശക്തി പകർന്നിരുന്നു. എന്നാൽ സേനയുമായി നല്ല ബന്ധമാണ് ഉള്ളതെന്ന ഫഡ്നാവിസിന്റെ പ്രസ്താവന അഭ്യൂഹങ്ങളെ തള്ളുന്നു. വിദർഭയിലെ അമരാവതിയിൽ നിന്നു തന്റെ സംസ്ഥാന പര്യടനം തുടങ്ങുന്നതിന് മുൻപ്, നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും ഒരുമിച്ചായിരിക്കും മൽസരിക്കുകയെന്നും ഫഡ്നാവിസ് പ്രഖ്യാപിച്ചു. ബിജെപിയും സേനയും ചെറു സഖ്യകക്ഷികളും ചേർന്ന് മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരിക്കും നേടുകയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഫഡ്നാവിസിന്റെ പര്യടനം ഉത്തര മഹാരാഷ്ട്രയിലെ നാസിക്കിൽ ഇൗ മാസം 31ന് സമാപിക്കും. 

മഹാരാഷ്ട്രയിലെ കുതിരകൾ

ഇന്ത്യൻ രാഷ്ട്രീയത്തില്‍ ഇത് കുതിരകളുടെ കാലമാണല്ലോ?‌ കുതിരക്കച്ചവടത്തിന്റെയും‌ം..! ഉടുപ്പ് മാറുന്നതുപോലെ പാർട്ടിമാറുന്ന പ്രതിഭാസം മുൻപെങ്ങുമില്ലാത്ത രീതിയിൽ രാജ്യത്ത് വ്യാപകമാണ്. ബിജെപിയാണ് കുതിരക്കച്ചവടത്തിന് മൊത്തവ്യാപാരികളെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഗോവയും  കർണാടകയും അതിനവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്രയിലും ഇതേ പ്രവണത ആവർത്തിക്കുകയാണ്. മുൻ പ്രതിപക്ഷനേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീൽ ഉൾപ്പടെ അഞ്ച് കോൺഗ്രസ്-എൻസിപി നിയമസഭാ സമാജികരാണ് എംഎൽഎ സ്ഥാനം രാജിവച്ച് ബിജെപി പാളയത്തിലെത്തിയത്. പ്രതിപക്ഷത്തിന്റെ കഴിവുകേടെന്നത് യാഥാർഥ്യമാണെങ്കിലും ബിജെപിയുടെ തെറ്റായ രാഷ്ട്രീയ പ്രവണതയും വ്യക്തമാണ്. ദുർബലമായ പ്രതിപക്ഷത്തെ വീണ്ടും വീണ്ടും ഇത് അശക്തരാക്കുന്നു. 

മുഖത്തോട് മുഖം നോക്കുന്ന എൻസിപിയും കോൺഗ്രസും

കോൺഗ്രസിന് രാജ്യവ്യാപകമായി നിലനിൽക്കുന്ന നേതൃത്വ അസ്ഥിരത മഹാരാഷ്ട്രയിൽ അതിരൂക്ഷമാണ്. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കാര്യം നേതൃത്വം അറിഞ്ഞിട്ടുണ്ടോ എന്ന് സംശയിച്ചാലും അൽഭുതപ്പെടേണ്ടതില്ല. എം.പി.സി.സിയെ നിയന്ത്രിക്കന്ന മുംബൈ ജില്ലാ കോൺഗ്രസിലും അവസ്ഥ പരിതാപകരമാണ്. മഹാരാഷ്ട്രിയിലെ എക്കാലത്തെയും വലിയ കോൺഗ്രസ് നേതാക്കളിലൊരാളായ മുരളി ദേവ്റെയുടെ മകൻ മിലിന്ദ് മുംബൈ കോൺ‌ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത് രാഹുലിന്റെ രാജി ചൂണ്ടിക്കാട്ടിയാണ്. എന്നാൽ സംഘടാസംവിധാനത്തിലെ അതിരൂക്ഷമായ പോരായ്മകളാണ് മിലിന്ദിനെ രക്ഷപെടാൻ പ്രേരിപ്പിച്ചതെന്ന പരിഹാസം സജീവമാണ്. ഒരുപരിധിവരെ സത്യവും. 

കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുൽ ബാധിച്ചിരിക്കുന്ന എൻസിപിയുടെ അടിത്തറ കൂടുതൽ ദുർബലമായിക്കൊണ്ടിരിക്കുന്നു. പവാ‍ർ പരിവാറിന്റെ പ്രതാപകാലം മങ്ങുകയാണ്. 

സമാന്തര ചിന്തകൾക്കാകുമോ ?

പ്രാകാശ് അംബേദ്ക്കറുൾപ്പെടെ സമാന്തരകക്ഷികളും രാഷ്ട്രീയ മണ്ഡലത്തില്‍ സജീവമാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ വോട്ടു ഭിന്നിപ്പിച്ച ബിജെപിയുടെ ബി ടീമാണ് അവരെന്ന് കോൺഗ്രസും എൻസിപിയും  ആരോപിച്ചിരുന്നു. എന്നാല്‍ ഒരുമച്ചുനിൽക്കാതെ നിലനിൽപ്പില്ല എന്ന തിരിച്ചറിവ്  ചെറുകക്ഷികൾക്കുൾപ്പടെ വന്നിട്ടുണ്ട് എന്നാണ് സമീപകാല നീക്കങ്ങൾ സൂചിപ്പിക്കുന്നത്. പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജൻ അഘാഡിയും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയും പ്രതിപക്ഷ സഖ്യത്തോട് കൈച്ചേർത്തുപിടിക്കുമോയെന്നാണ് ഇനി അറിയേണ്ടത്?. കഴിഞ്ഞ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലും എത്ര ശക്തരാണ് ബിജെപി എന്നതിരിച്ചറിവ് പ്രതിപക്ഷത്തിന് വ്യക്തമായി ഉണ്ട്. ശിവസേനയുടെ ഇളമുറക്കാരും ചേരുമ്പോൾ അത് ഭരണമുന്നണിക്ക് മറ്റൊരുണർവാകും. അതിനാൽ, പിടിച്ചുനിൽക്കാൻ ഒരുമയല്ലാതെ മറ്റൊരു വഴിയില്ല. 

'മഹാ'രാഷ്ട്രീയപോരാട്ടത്തിന്റെ ദിനങ്ങളാണ് വരാനിരിക്കുന്നത്. കാത്തിരുന്ന് കാണുക തന്നെ. 

MORE IN INDIA
SHOW MORE
Loading...
Loading...