‘വിലപ്പെട്ട ആ ഒരു രൂപ ഫീസ് വാങ്ങാന്‍ വരൂ..’; മരണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ആ വിളി

salve-swaraj07
SHARE

'നാളെ വൈകുന്നേരം ആറ് മണിക്ക് വീട്ടിലേക്ക് വരൂ, വിലപ്പെട്ട ഒരു രൂപ ഫീസ് നിങ്ങളെ കാത്തിരിക്കുന്നു', മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് സുഷമാ സ്വരാജ് ഹരീഷ് സാൽവേയോട് ഫോണിൽ സംസാരിച്ച വാചകങ്ങളാണിത്. ഒരുപക്ഷേ അവർ നടത്തിയ അവസാനത്തെ ഫോൺ സംഭാഷണവും ഇതാവാം. കുൽഭൂഷൺ ജാദവിന്റെ കേസിൽ അന്താരാഷ്ട്ര കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചതിന് സാൽവെയെ അഭിനന്ദിച്ചു കൊണ്ടാണ് സുഷമ ഇക്കാര്യം പറഞ്ഞത്. 

നാളെ വൈകുന്നേരം ആറ് മണിക്ക് വീട്ടിലേക്ക് വരൂ. ജയിച്ച കേസിന് ഫീസായി വിലമതിക്കാനാവാത്ത ഒരു രൂപ തരുന്നുണ്ട് എന്ന് അവർ പറഞ്ഞപ്പോൾ തീർച്ചയായും അഭിമാനകരമായ ആ ഒരു രൂപ വാങ്ങുന്നതിനായി  എത്തിയിരിക്കുമെന്ന് ഉറപ്പ് നൽകിയെന്നും സാൽവെ പറയുന്നു. വളരെ ഇമോഷണലായാണ് രാത്രി 8.50 ഓടെ വിളിച്ചപ്പോൾ സുഷമാ സ്വരാജ് സംസാരിച്ചതെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാൽവെ വ്യക്തമാക്കി. 

രാത്രി 9.30 ഓടെ ഹൃദയാഘാതം അനുഭവപ്പെട്ട സുഷമാ സ്വരാജിനെ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 10.50 ഓടെ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സുഷമാ സ്വരാജിന്റെ ഭൗതികശരീരം  ബി.ജെ.പി ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. മന്ത്രിപദം ഒഴിഞ്ഞ ശേഷം വിവിഐപി പരിവേഷങ്ങളോട് പുറംതിരിഞ്ഞ് നിന്ന് സാധാരണക്കാരിലൊരാളായി കഴിയാൻ സുഷമ സ്വരാജ് തിരഞ്ഞെടുത്ത ഡൽഹി ജന്ദർമന്തർ റോഡിലെ ഫ്ലാറ്റിലേയ്ക്ക്  രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കം പ്രതിപക്ഷ നേതാക്കൾ, കേന്ദ്ര മന്ത്രിമാർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, മുഖ്യമന്ത്രിമാർ തുടങ്ങി ഡൽഹിയിലെ ആയിരക്കണക്കിന് സാധാരണ മനുഷ്യർവരെ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ ഡൽഹി സർക്കാർ രണ്ടു ദിവസത്തെയും ബി ജെ പി ഒരാഴ്ച്ചത്തെയും ദു:ഖാചരണം പ്രഖ്യാപിച്ചു. രാജ്യസഭ അനുശോചിച്ചു.കേന്ദ്ര സർക്കാർ പരിപാടികൾ മാറ്റിവെച്ചിട്ടുണ്ട്.വൈകീട്ട് ലോധി റോഡ് ശ്മശാനത്തിലാണ് സംസ്ക്കാരം. 

MORE IN INDIA
SHOW MORE
Loading...
Loading...