അയോധ്യ തര്‍ക്കഭൂമിയുടെ കൈവശാവകാശം: തെളിവ് ആവശ്യപ്പെട്ട് സുപ്രീംകോടതി

ayodhya
SHARE

അയോധ്യയിലെ തര്‍ക്കഭൂമിയുടെ കൈവശാവകാശത്തിന് തെളിവുകള്‍ സമര്‍പ്പിക്കാന്‍ നിര്‍മോഹി അഖാഡയോട് സുപ്രീം കോടതി. രേഖീയമായ തെളിവുകളില്ലെങ്കില്‍ വാക്കാലുള്ള തെളിവുകളെങ്കിലും നല്‍കണം. തെളിവുകള്‍ നല്‍കുന്നത് വരെ നിര്‍മോഹി അഖാഡയുടെ വാദം കോടതി നിര്‍ത്തിവച്ചു. ശ്രീരാമന്‍ തര്‍ക്കഭൂമിയിലാണ് ജനിച്ചതെന്ന കോടിക്കണക്കിന് ഭക്തര്‍ വിശ്വസിക്കുന്നു. ഇതുതന്നെയാണ് തെളിവെന്ന് രാം ലല്ലക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കെ പരാശരന്‍ വാദിച്ചു.

തര്‍ക്കഭൂമിയുടെ കൈവശാവകാശം തങ്ങള്‍ക്കാണെന്ന വാദമായിരുന്നു രണ്ട് ദിവസത്തെ കോടതി നടപടികളില്‍ നിര്‍മോഹി അഖാഡ് പ്രധാനമായും ഉന്നയിച്ചത്.  ഇത് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഉണ്ടോയെന്ന് കോടതി ചോദിച്ചു. രേഖളില്‍ പലതും മോഷ്ടിക്കപ്പെട്ടുവെന്ന് അഭിഭാഷകന്‍ എസ്.കെ ജെയ്നിന്‍റെ മറുപടി. അനുബന്ധ രേഖളെങ്കിലും നല്‍കണമെന്നായി കോടതി. ഭൂമിക്ക് മേലുള്ള അവകാശവാദത്തിന് റവന്യൂ രേഖകളോ വാക്കാലുള്ള തെളിവുകളോ വേണമെന്ന് കോടതി ആവര്‍ത്തിച്ചതോടെ എസ്.കെ ജെയ്നിന് മറുപടിയുണ്ടായില്ല. തുടര്‍ന്ന് തെളിവുകള്‍ സമര്‍പ്പിക്കാന്‍ സാവകാശം അനുവദിച്ച് നിര്‍മോഹി അഖാഡയുടെ വാദം തല്‍ക്കാലം നിര്‍ത്തിവച്ചു. രാംലല്ലയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.പരാശരനോട് വാദം ആരംഭിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രാമന്‍ ജനിച്ചത് അയോധ്യയിലെ തര്‍ക്ക ഭൂമിയിലാണെന്നും അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും കോടിക്കണക്കിന് ജനങ്ങള്‍ വിശ്വസിക്കുന്നു. ഇതിന് ചരിത്രത്തിന്‍റെ പിന്‍ബലമുണ്ട്. അതിനപ്പുറത്ത് തെളിവുകള്‍ വേണ്ടെന്നും പരാശരന്‍ വാദിച്ചു.  യേശുക്രിസ്തു ബത്ഹലേമില്‍ തന്നെയാണോ ജനിച്ചതെന്ന ചോദ്യം ഏതെങ്കിലും കോടതിക്ക് മുന്‍പാകെ ഉന്നയിക്കപ്പെട്ടിടുണ്ടോയെന്ന് വാദത്തിനിടെ ജസ്റ്റിസ് എസ്.എ ബോബ്ഡെ ചോദിച്ചു. പരിശോധിച്ച് പറയാമെന്നായിരുന്നു പരാശരന്‍റെ മറുപടി. രാം ലല്ലയുടെ വാദം നാളെയും തുടരും. 

MORE IN INDIA
SHOW MORE
Loading...
Loading...