സർക്കാർ വക ബംഗ്ലാവുകളിൽ ഉണ്ടുറങ്ങി മുൻമുഖ്യൻമാർ; കിടപ്പാടവും പോകും; കശ്മീരിൽ ഇനി?

kashmir-home
SHARE

കശ്മീരിൽ ഇനി എന്ത് എന്ന ചോദ്യമാണ് ഇപ്പോൾ രാജ്യത്ത് ഉയരുന്നത്. പാക്കിസ്ഥാൻ ഇൗ വിഷയം അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചയാക്കാൻ രംഗത്തിറങ്ങുകയാണ്. ഇതിനൊപ്പമാണ് സർവപ്രൗഢിയോടും കൂടി ഔദ്യോഗിക വസതികളിൽ താമസമാക്കിയ മുൻ മുഖ്യമന്ത്രിമാരുടെ ഭാവിയും. 370–ാം വകുപ്പിന്റെ പരിരക്ഷയോടെ സുപ്രീം കോടതിക്കു പോലും ഇടപെടാനാകാതെയായിരുന്നു സർക്കാർ ബംഗ്ലാവുകളിൽ മുൻ മുഖ്യമന്ത്രിമാരുടെ സുഖവാസം. നാഷനൽ കോൺ‌ഫ്രൻ‌സ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, മകൻ ഒമർ അബ്ദുല്ല, പിഡിപി നേതാവ് മെഹബൂബ മുഫ്തി എന്നിവരെല്ലാം ശ്രീനഗറിലെ ഗുപ്കാർ വീഥിയിലെ ഈ‌‌ ബംഗ്ലാവുകളിൽ താമസിക്കുന്നവരിൽ ഉൾപ്പെടുന്നു.

ജമ്മു കശ്മീരിനു പ്രത്യേക പദവിയും ഭരണഘടനയും അനുവദിക്കുന്ന 370–ാം വകുപ്പ് നീക്കുകയും ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി പുനഃസംഘടിപ്പിക്കുകയും ചെയ്തതോടെ മുൻ മുഖ്യമന്ത്രിമാരുടെ ഈ വസതികളും ‘ഭീഷണി’ നേരിടുകയാണ്. സുരക്ഷാ ഭീഷണിയുണ്ടെന്ന കാരണത്താലാണ് എല്ലാവരും ഊഴം കഴിഞ്ഞിട്ടും ഔദ്യോഗിക വസതികളിൽ തുടരുന്നത്. ഭരണഘടനാ പദവി വഹിക്കാത്തവർ ഔദ്യോഗിക വസതികൾ ഉപയോഗിക്കരുതെന്ന സുപ്രീം കോടതി വിധിയും ജമ്മു കശ്മീരിന് ബാധകമായിരുന്നില്ല. മുഖ്യമന്ത്രിയായിരിക്കെ ലഭിച്ച ബംഗ്ലാവുകളിൽ തുടരുകയാണ് എല്ലാവരും ചെയ്യുന്നത്.

ബംഗ്ലാവുകൾ മോടി പിടിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമായി കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും ഓരോരുത്തരും ചെലവാക്കുന്നത്. കണക്കുകൾ അനുസരിച്ച് ഒമർ അബ്ദുല്ലയും മെഹബൂബ മുഫ്തിയും അധികാരത്തിലിരിക്കെ ഏകദേശം 50 കോടി രൂപയ്ക്കടുത്താണ് ഔദ്യോഗിക വസതികൾ നവീകരിക്കുന്നതിനായി ചെലവാക്കിയത്. റോഡ്സ് ആൻഡ് ബിൽഡിങ് വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് അന്തരിച്ച പിഡിപി നേതാവും മെഹബൂബ മുഫ്തിയുടെ പിതാവുമായ മുഫ്തി മുഹമ്മദ് സെയീദിന്റെ സ്വകാര്യ വസതിയുടെ നവീകരണത്തിനായി വരെ വൻ തുകയാണു സർക്കാർ ചെലവാക്കിയിരിക്കുന്നത്.

ഗുപ്കാർ റോഡിൽ ഫാറൂഖ് അബ്ദുല്ലയ്ക്ക് രണ്ടു വസതികളാണ് അനുവദിച്ചിരിക്കുന്നത്. സർക്കാർ ബംഗ്ലാവുകളിൽ ഏറ്റവും ‘പിടിയുള്ള’ ഒന്നാം നമ്പർ ബംഗ്ലാവിൽ ഒമർ അബ്ദുല്ലയാണ് താമസിക്കുന്നത്. വൻതുക മുടക്കി നവീകരിച്ച് ബംഗ്ലാവിൽ ജിംനേഷ്യം ഉൾപ്പെടെ ആത്യാധുനിക സൗകര്യങ്ങളാണുള്ളത്. ഒമർ മുഖ്യമന്ത്രിയായിരിക്കെ 2009 മുതൽ 2014 വരെ 20 കോടി രുപയാണ് വീട് പുതുക്കിപണിയുന്നതിനായി മുടക്കിയതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഫാറൂഖ് അബ്ദുല്ല സ്വകാര്യ വസതിയിലാണ് താമസിക്കുന്നതെങ്കിലും ഔദ്യോഗിക വസതി വാടകയ്ക്കു നൽകി ആ തുക കൈപ്പറ്റുന്നുണ്ട്.

ഗുപ്കാർ റോഡിലെ ‘ഫെയർവ്യൂ’ എന്ന ബംഗ്ലാവിലാണ് 2005 മുതൽ മെഹബൂബ മുഫ്തി താമസിക്കുന്നത്. മുഫ്തി മുഹമ്മദ് സെയീദ് മുഖ്യമന്ത്രിയായിരിക്കെ അനുവദിച്ച വസതിയാണ് ഇത്. ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് മാത്രമാണ് ഇപ്പോൾ ഔദ്യോഗിക വസതി ഉപയോഗിക്കാത്ത ഏക ആൾ. ഗുപ്കർ റോഡിലെ ബാങ്ക്സ് ഗസ്റ്റ് ഹൗസ് പാർട്ടി പ്രവർത്തകരെ കാണുന്നതിനു വേണ്ടി മാത്രമാണ് ഗുലാം നബി ആസാദ് ഉപയോഗിക്കുന്നത്. ശ്രീനഗറിലെ ഹൈദർപോറയിലുള്ള സ്വകാര്യ വസതിയിലാണ് അദ്ദേഹത്തിന്റെ സ്ഥിരതാമസം. അതേസമയം, മുൻ മുഖ്യമന്ത്രി ഗുലാം മുഹമ്മദ് സാദിഖിന്റെ ഔദ്യോഗിക വസതി, കൊച്ചുമകൻ ഇഫ്തിഖർ സാദിഖ് വിൽക്കാൻ ശ്രമിച്ചതായി വരെ ആരോപണമുണ്ട്.

മുൻമുഖ്യമന്ത്രിമാർക്ക് ആജീവനാന്തം ഔദ്യോഗിക വസതി അനുവദിച്ച ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി കഴിഞ്ഞ വർഷം മേയിൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അതിനു ശേഷം ജമ്മു കശ്മീരിൽ മാത്രമാണ് മുൻ മുഖ്യമന്ത്രിമാർ ഔദ്യോഗിക വസതികൾ ഉപയോഗിക്കുന്നത്. അതും വാടക പോലും നൽകാതെ. വസതി കൂടാതെ ബുള്ളറ്റ് പ്രൂഫ് വാഹനം, സർക്കാർ ശമ്പളത്തോടു കൂടിയ ഓഫിസ് സ്റ്റാഫുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ഇവർ കൈപ്പറ്റുന്നു. എന്നാൽ കേന്ദ്രഭരണത്തിനു കീഴിൽ ഇത് എത്രനാൾ തുടരുമെന്നു കണ്ടുതന്നെ അറിയണം.

MORE IN INDIA
SHOW MORE
Loading...
Loading...