യോഗിയുടെ വീടിന് മുന്നിലെ റോഡും ‘ഒഴിപ്പിച്ചു’; 3 മണിക്കൂറിൽ ഡൽഹിയിൽ; വമ്പൻ സന്നാഹം

unna-girl-delhi
SHARE

രാജ്യം ചർച്ചചെയ്യുന്ന ഉന്നാവോ പെൺകുട്ടിയെ ചികിൽസയ്ക്കായി ഡൽഹിയിലേക്ക് മാറ്റി. വലിയ സന്നാഹമാണ് പെൺകുട്ടിയെ കൊണ്ടുപോകാനായി ഇന്നലെ ഒരുക്കിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു സമീപത്തു കൂടിയാണു പെൺകുട്ടിയെ ഡൽഹി എയിംസിലേക്ക് ആംബുലൻസിൽ കൊണ്ടുപോയത്. ഇൗ സമയം യോഗിയുടെ വീടിന് സമീപത്തുകൂടി കടന്നുപോകുന്ന ലോഹ്യപഥ് എന്ന ആറുവരിപ്പാതയിലെ ഗതാഗതം നിയന്ത്രിച്ചു.

റെക്കോർഡ് വേഗമായ മൂന്നു മണിക്കൂർ കൊണ്ടാണു ലക്നൗവിൽനിന്നു പെൺകുട്ടിയെ റോഡ്, ആകാശ മാർഗങ്ങളിലൂടെ ഡൽഹിയിൽ എത്തിച്ചത്. ലക്നൗവിലെയും ഡൽഹിയിലെയും താൽക്കാലിക അടിയന്തര പാതകളാണു ദൗത്യത്തിനു സഹായകരമായത്. മുന്നിൽ സൈറൺ മുഴക്കി പൊലീസ് വാഹനം. പിന്നാലെ ആംബുലൻസ്. മൂന്നു സുരക്ഷാ വാഹനങ്ങളുടെ അകമ്പടി. ഇങ്ങനെയായിരുന്നു യാത്ര. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണു കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നു പെൺകുട്ടിയുമായി ആംബുലൻസ് പുറപ്പെട്ടത്. സാധാരണയായി ഒരു മണിക്കൂറിലേറെ എടുക്കുന്ന 33 കിലോമീറ്റർ ദൂരം ഇന്നലെ പിന്നിട്ടത് 39 മിനിറ്റിൽ. 7.03ന് വാഹനം ലക്നൗ വിമാനത്താവളത്തിൽ എത്തി. 

പെൺകുട്ടിയെ കൊണ്ടുപോകുന്നതിനായി പ്രത്യേക ‘ഗ്രീൻ ഇടനാഴി’യാണു ലക്നൗ പൊലീസ് ഒരുക്കിയത്. 22 പ്രധാന ട്രാഫിക് പോയിന്റുകളാണു മറികടക്കേണ്ടിയിരുന്നത്. 12 മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും 142 കോൺസ്റ്റബിൾമാരുമാണ് 33 കിലോമീറ്ററിലെ യാത്രാപഥം പിഴവില്ലാതെ തയാറാക്കിയത്. കുറഞ്ഞ ദൂരം, മികച്ച റോഡ്, തിരക്ക് കുറവ് എന്നീ കാര്യങ്ങൾ പരിഗണിച്ചാണു ലോഹ്യപഥ് തിരഞ്ഞെടുത്തത്. എയർ ആംബുലൻസിൽ ലക്നൗ വിമാനത്താവളത്തിൽനിന്നു പെൺകുട്ടിയെ ഡൽഹി വിമാനത്താവളത്തിലേക്ക്. രാത്രി 9 മണിയോടെ വിമാനം അവിടെ ലാൻഡ് ചെയ്തു.

ലക്നൗവിലെ പോലെ ‘പച്ച ഇടനാഴി’ ഡൽഹിയിലും ഒരുക്കി. വിമാനത്താവളത്തിൽനിന്ന് എയിംസിലേക്കുള്ള 15 കിലോമീറ്റർ ദൂരം വാഹനങ്ങൾ നിയന്ത്രിച്ചു. 18 മിനിറ്റിനകം എയിംസിൽ ആംബുലൻസ് എത്തി. സാധാരണഗതിയിൽ ചുരുങ്ങിയത് 35 മിനിറ്റ് എടുക്കുന്ന യാത്രയാണു അതിന്റെ പകുതി സമയത്തിൽ തീർന്നത്. എംഎൽഎയ്ക്കെതിരെ പീഡനപരാതി ഉന്നയിച്ചതിനു തുടർച്ചയായ വേട്ടയാടലുകൾക്ക് ഇരയാക്കപ്പെട്ട ഉന്നാവ് പെൺകുട്ടി‌ക്ക് ഇനി ഡൽഹി എയിംസിലാണു ചികിൽസ. 

എയർ ആംബുലൻസിൽ ആദ്യം പെൺകുട്ടിയെയും അർധരാത്രിയോടെ അഭിഭാഷകനെയും ഇവിടേക്ക് എത്തിച്ചു. 

സുപ്രീംകോടതി നിർദേശപ്രകാരം ഉന്നാവിൽ നിന്നു ഡൽഹിയിലേക്കു മാറ്റിയ ‌പീഡനക്കേസിൽ വിചാരണ തുടങ്ങി. മുഖ്യപ്രതിയായ കുൽദീപ് സിങ് സെൻഗറിന്റെ സ്വാധീനവും പെൺകുട്ടിയുടെ സുരക്ഷിതത്വവും പരിഗണിച്ചാണ് ആശുപത്രിയും വിചാരണയും ഡൽഹ‌ിയിലേക്കു മാറ്റിയത്. ആശുപത്രി മാറ്റത്തിനു പെൺകുട്ടിയുടെയും അഭിഭാഷകന്റെയും ശാരീരികാവസ്ഥ അനുവദിക്കുമെങ്കിൽ ഇരുവരെയും ഇന്നലെത്തന്നെ എയിംസിലെത്തിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ദിവസങ്ങളായി അബോധാവസ്ഥയിൽ തുടരുന്ന പെൺകുട്ടി കണ്ണുതുറന്നതായി ഡോക്ടർമാർ അറിയിച്ചു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...