ബിരിയാണിയിൽ പല്ലിയെ പിടിച്ചിട്ടു; കുടുങ്ങിയപ്പോൾ മാപ്പ്, കയ്യോടെ പിടിച്ച് റെയിൽവേ

lizard-man23
SHARE

ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണം സൗജന്യമായി ലഭിക്കുന്നതിനായി ഭക്ഷണത്തിൽ പല്ലിയെ പിടിച്ചിട്ടിരുന്നയാളെ റെയിൽവേ പൊലീസ് കൈയ്യോടെ പിടികൂടി. ജബൽപൂർ സ്വദേശിയായ സുരേന്ദർ പാലാണ് പിടിയിലായത്. ഗുഡ്കലിലേക്കുള്ള യാത്രയ്ക്കിടയിൽ ബിരിയാണിയിൽ നിന്ന് പല്ലിയെ കിട്ടിയെന്ന് പരാതിപ്പെട്ടതോടെയാണ് ഇതേ 'പല്ലിപ്പരാതി', കുറച്ച് ദിവസം മുൻപും കിട്ടിയിട്ടുണ്ടല്ലോയെന്ന് റെയിൽവേ ഉദ്യോഗസ്ഥന് സംശയം തോന്നിയത്. ഉടൻ തന്നെ ജബൽപൂരിലെ റെയിൽവേ ഉദ്യോഗസ്ഥന് ഇദ്ദേഹത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തു. ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞതോടെ റെയിൽവേ പൊലീസിനെ വിളിക്കുകയായിരുന്നു.

പൊലീസെത്തി ചോദ്യം ചെയ്തതോടെ സുരേന്ദർ പാൽ സത്യം മണി മണിയായി പറഞ്ഞു. രക്താർബുദ ബാധിതനാണെന്നും മാനസിക രോഗം മാറുന്നതിനായി പ്രത്യേക മത്സ്യം കഴിക്കുന്നുണ്ടെന്നും പാൽ വെളിപ്പെടുത്തി.

റെയിൽവേ പോലെ രാജ്യത്തിന്റെ അഭിമാനമായ സ്ഥാപനത്തെയാണ് കള്ളപ്പരാതിയിലൂടെ നിങ്ങൾ തകർക്കാൻ ശ്രമിക്കുന്നതെന്നായിരുന്നു റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞത്. തന്റെ അച്ഛൻ റെയിൽവേ ഡിവിഷണൽ മാനേജർ ആയിരുന്നുവെന്ന് ഉടനെത്തി പാലിന്റെ അവകാശവാദം. എന്നാൽ നിങ്ങൾ നാണം കെടുത്തിയത് സ്വന്തം കുടുംബത്തെ തന്നെയാണ്. വീട്ടിൽ നിന്നും മോഷ്ടിച്ചത് പോലെയാണ് ഇതെന്ന് ഉദ്യോഗസ്ഥനും തിരിച്ചടിച്ചു.

ഒടുവിൽ ഭക്ഷണം സൗജന്യമാക്കാൻ താൻ തന്നെ പല്ലിയെ പിടിച്ചിട്ടതാണെന്ന് പാൽ തുറന്ന് പറയുന്ന വിഡിയോ റെയിൽവേ ചിത്രീകരിച്ച ശേഷം താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു. ‌ എഴുപത് വയസിലേറെ പ്രായമുണ്ട് സുരേന്ദർ പാലിന്.

ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം 7,500 ലേറെ പരാതികളാണ് മോശം ഭക്ഷണം ട്രെയിനിൽ വിതരണം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി റെയിൽവേയ്ക്ക് ലഭിച്ചത്. ഇതേത്തുടർന്ന് ഒന്നരക്കോടി രൂപയോളം ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ കരാർ ഏറ്റെടുത്തവരിൽ നിന്നും ഈടാക്കിയിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...