ഉറങ്ങാത്ത മനുഷ്യൻ എന്ന് വിളിപ്പേര്; സർക്കാർ സ്കൂളിൽ പഠനം, കർഷകന്റെ മകൻ; ശിവൻ എന്ന അധ്വാനി

sivan-isro-life
SHARE

മണ്ണിൽ ചവിട്ടി നിന്ന് രാജ്യത്തിന്റെ അഭിമാനം ചന്ദ്രനിലേക്ക് കുതിക്കുന്നത് കണ്ട് ഒാരോ ഭാരതീയനും ആരവം മുഴക്കി. ആർപ്പുവിളികൾക്കൊപ്പം ലോകരാജ്യങ്ങളുടെ പ്രശംസകളും വന്നുനിറഞ്ഞു. ഇതിനെല്ലാം നേതൃത്വം നൽകിയ ‘ഉറങ്ങാത്ത മനുഷ്യൻ’ ദൈവത്തോട് നന്ദി പറയുന്ന തിരക്കിലായിരുന്നു. സർക്കാർ സ്കൂളിൽ പഠിച്ചു വളർന്ന, കർഷകന്റെ മകനാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചെയർമാൻ ഡോ. കെ.ശിവൻ. ഇന്ത്യ സ്വന്തമായി നിർമിച്ച ക്രയോജനിക് എൻജിൻ ഉപയോഗിച്ച് ഒരേസമയം 104 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചതിന്റെ പിന്നിലെ ബുദ്ധിയും അധ്വാനവും ഇൗ മനുഷ്യന്റേതായിരുന്നു. തൊട്ടുപിന്നാലെ ഇന്നലെ ചന്ദ്രയാൻ–2. അഭിമാനം തൊട്ട പട്ടിക ഇങ്ങനെ പോകുന്നു.

1982ൽ ആണ് ശിവന്‍ ഐഎസ്ആർഒയിൽ പിഎസ്എൽവി പ്രോജക്ടിൽ ചേർന്നത്. പടിപടിയായി ഉയർച്ച. വൈകാതെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറായി. 2014 ജൂലൈ മുതൽ 2015 മേയ് വരെ എൽപിഎസ്‌സി ഡയക്ടറായിരുന്നു. ആ വർഷം തന്നെ ജൂണിൽ വിഎസ്എസ്‌സി ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. 2016 വരെ രാജ്യത്തെ സ്പേസ് കമ്മിഷൻ അംഗമായിരുന്നു. 2018 ജനുവരിയിൽ ഐഎസ്ആർഒ അധ്യക്ഷനായി. സത്യഭാമ സർവകലാശാലയുടെ ഡോക്ടർ ഓഫ് സയൻസ്, വിക്രം സാരാഭായ് റിസർച് അവാർഡ് ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചു.

തികഞ്ഞ ഇൗശ്വരവിശ്വാസി

കേരളത്തോട് ചേർന്ന് കന്യാകുമാരിയിലെ തരക്കൻവിളയിൽ ജനിച്ച ശിവൻ, സ്വന്തം ഗ്രാമത്തിലെ തമിഴ് മീഡിയം സ്കൂളിലാണു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നാഗർകോവിൽ ഹിന്ദു കോളജിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കി കുടുംബത്തിലെ ആദ്യ ബിരുദധാരിയായി. ട്യൂഷനോ മറ്റു കോച്ചിങ് ക്ലാസുകൾക്കോ പോകാതെ സ്വന്തം നിലയ്ക്കായിരുന്നു പഠനം. മദ്രാസ് ഐഐടിയിൽനിന്ന് 1980ൽ എയ്റോനോട്ടിക്കൽ എൻജിനീയറിങ് ബിരുദവും ബെംഗളൂരു ഐഐഎസ്‍സിയിൽ നിന്ന് 1982ൽ എയ്റോസ്പേസ് എൻജിനീയറിങ് ബിരുദാനന്തര ബിരുദവും ബോംബെ ഐഐടിയിൽ നിന്ന് 2006ൽ പിഎച്ച്ഡിയും സ്വന്തമാക്കി. 

ശാസ്ത്രം ഇത്ര വികസിച്ചിട്ടും നമുക്ക് അറിയാത്ത എത്രയോ കാര്യങ്ങൾ പ്രപഞ്ചത്തിൽ നടക്കുന്നില്ലേ? അതു നടത്തുന്ന ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു, ആ ശക്തിയെ ബഹുമാനിക്കുന്നു’– ഇസ്രോ ചെയര്‍മാനായ ശേഷം നല്‍കിയ അഭിമുഖത്തില്‍ ശിവൻ പറഞ്ഞു

ഉറക്കമില്ലാത്ത ശാസ്ത്രജ്ഞൻ

‘ഉറക്കമില്ലാത്ത ശാസ്ത്രജ്ഞൻ’ എന്നാണ് ഐഎസ്ആർഒയിലെ സഹപ്രവർത്തകർ കെ.ശിവനെ ബഹുമാനപൂർവം വിശേഷിപ്പിക്കുന്നത്. പകൽ മുഴുവൻ ജോലിചെയ്തു സഹപ്രവർത്തകർ മടങ്ങിയാലും വിക്രം സാരാഭായി സ്പേസ് സെന്ററിലെ ഡയറക്ടറുടെ ഓഫിസിൽ കെ.ശിവൻ ഉണ്ടാകുമെന്നു സഹപ്രവർത്തകർ ഓർമിക്കുന്നു. പാതിരാത്രിയോടടുത്താണ് അദ്ദേഹം ജോലിതീർത്തു മടങ്ങുക. വലിയ ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുത്താൽ സമയം പിന്നെയും നീളും. ഈ സമയത്തു നാലു മണിക്കൂറൊക്കെയാണു പരമാവധി ഉറക്കം. ഐഎസ്ആർഒ ചെയർമാനായപ്പോഴും ആ ശീലങ്ങളൊന്നും വലുതായി മാറിയില്ല. 

ജനനം തമിഴ്നാട്ടിലാണെങ്കിലും മൂന്നു പതിറ്റാണ്ടിലേറെ തനി മലയാളിയായാണു ശിവൻ ജീവിച്ചത്. 1983ൽ ഐഎസ്ആർഒയിൽ ജോലി ലഭിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം തിരുവനന്തപുരത്തായി. കരമന തളിയൽ ഹരിശ്രീ റസിഡന്റ്സ് അസോസിയേഷനിലായിരുന്നു അന്നത്തെ വീട്. മാലതിയാണു ഭാര്യ. സുശാന്ത്, സിദ്ധാർഥ് എന്നിവരാണു മക്കൾ. 

MORE IN INDIA
SHOW MORE
Loading...
Loading...