വിമതരുടെ കൊടുംചതിയെന്ന് ഡി.കെ; ഇനി അവര്‍ക്ക് രാഷ്ട്രീയ സമാധി: സിദ്ധരാമയ്യ

karnataka-floor-test-end
SHARE

ഭരണത്തിലേറിയപ്പോഴും ഭരണം വീണപ്പോഴും സിനിമയെ വെല്ലുന്ന നാടകീയതയ്ക്കാണ് കന്നട മണ്ണും രാജ്യവും സാക്ഷിയായത്. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കാഴ്ചകളുടെ നിലമായിരുന്നു കർണാടക. കോൺഗ്രസ്–ജെഡിഎസ് സഖ്യസർക്കാർ എത്രനാൾ എന്ന ചോദ്യത്തിന് ഉത്തരമായി. ഒടുവിൽ വീണു. നാലുദിവസം പ്രസംഗിച്ച് നീട്ടിയ വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പരാജയപ്പെട്ടു. നിമയസഭയിൽ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ല. 99 പേർ വിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 105 പേർ സർക്കാരിനെ എതിർത്തു. ഒടുവിൽ പോരാട്ടം അവസാനിപ്പിച്ച് കോൺഗ്രസ് സഖ്യം തോൽവി സമ്മതിച്ചു. ഇനി ബിജെപി സർക്കാർ കന്നട മണ്ണിൽ അധികാരത്തിലേറും.

വിമതരുടെ കൊടുംചതിയെന്ന് നേതാക്കൾ

വിമതർക്ക് ഇനി രാഷ്ട്രീയ സമാധി മാത്രമാകുമെന്നും ആരെയും വെറുതെ വിടിെല്ലന്നും അവരെ അയോഗ്യരാക്കുമെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ സഭയിൽ വ്യക്തമാക്കി. എംഎൽഎമാരുടെ ഹോൾസെയിൽ വിൽപ്പനയാണ് കർണാടകത്തിൽ നടക്കുന്നത്. ഭരണം വരും, പോകും. നിലനി‌ൽക്കേണ്ടത് ഭരണഘടനയാണെന്നും സിദ്ധരാമയ്യ വിശദീകരിച്ചു. എംഎൽഎമാർക്ക് നൽകിയ വിപ്പിനെച്ചൊല്ലി സിദ്ധരാമയ്യയും യെഡിയൂരപ്പയും തമ്മിൽ സഭയിൽ വാക്പോരുണ്ടായി. വിമതരുടെ കത്ത് കീറിയെറിഞ്ഞെന്നും രാജി വയ്ക്കരുതെന്ന് പറഞ്ഞതായും നിയമസഭയിലെ ചർച്ചയിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ സമ്മതിച്ചു. വിമതർ ചതിക്കുകയായിരുന്നെന്നും ചർച്ചയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

‘തട്ടിക്കൊണ്ടുപോയതാണെന്ന് മുംബൈയിലെ ഹോട്ടലിൽ കണ്ട പല വിമതരും പറഞ്ഞു. മുംബൈയിൽ ബിജെപി ഇപ്പോൾ എംഎൽഎമാരെ പൂട്ടിയിട്ട പോലെ ഞങ്ങൾ വിമതരെ പൂട്ടിയിട്ടില്ല. കൂടെ നിൽക്കുമെന്ന് പറഞ്ഞ പലരും വീണ്ടും മുംബൈയ്ക്ക് പോയി. ഇതെല്ലാം ഭീഷണി മൂലമാണ്.’ – ശിവകുമാർ വിശദീകരിച്ചു. വിമത എംഎൽഎമാർ പിന്നിൽ നിന്ന് കുത്തുകയായിരുന്നു. ബിജെപി ഇത് ഓർത്തിരിക്കണമെന്നും ശിവകുമാർ പറഞ്ഞു. സർക്കാർ രൂപീകരിക്കാനും അത് നിലനിർത്താനും ഏറ്റവും വലിയ പോരാട്ടം നടത്തിയ ഡികെയുടെ ശ്രമങ്ങൾ കൂടിയാണ് ഇന്ന് വിഫലമാകുന്നത്. 

അന്ന് തലകുനിച്ച യെഡിയൂരപ്പ, ഇന്ന് കുമാരസ്വാമി

നാണംകെട്ട ഒരു ചരിത്രം എഴുതി ചേർത്താണ് അന്ന് യെഡിയൂരപ്പ പടയിറങ്ങിയത്. അന്നുതന്നെ അദ്ദേഹം ഉറപ്പിച്ചിരുന്നു വൈകാതെ ഒരു തിരിച്ചുവരവ്. അതിന് മാസങ്ങൾ മാത്രമേ ബിജെപി ക്യാംപിന് കാത്തിരിക്കേണ്ടി വന്നു എന്നുള്ളത് സഖ്യ സർക്കാരിൽ തന്നെയുള്ള തമ്മിൽ തല്ലിന്റെ കൂടി ഫലമാണ്. അന്ന് ഹീറോ പരിവേഷം ചാര്‍ത്താന്‍ ഒരുങ്ങിയ പ്രവര്‍ത്തകുടെ മുന്നില്‍, ആഘോഷത്തിന് അരങ്ങൊരുക്കാന്‍ പറഞ്ഞ് വിധാന്‍സൗധയിലേക്ക് കയറിപോയ യെഡിയൂരപ്പ തലകുനിച്ച് ഇറങ്ങിവരേണ്ടിവന്നു. വെറും മൂന്നുനാള്‍ മാത്രം കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിയായി എന്ന നാണക്കേട് ചുമന്നത് മൂന്നുതവണ കന്നടമണ്ണ് ഭരിച്ച വ്യക്തിയാണ്. 

കോണ്‍ഗ്രസിന്റെ ചടുലനീക്കം വിജയം കണ്ടതോടെ ദക്ഷിണേന്ത്യയിലെ കവാടം വീണ്ടും ബിജെപിക്ക് മുന്നില്‍ അന്ന് കൊട്ടിയടച്ചു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ ബിജെപി കരുത്ത് തെളിയിച്ചു. സഖ്യസർക്കാരിന് വേണ്ടത്ര വിജയം കാണാൻ കഴിഞ്ഞില്ല. ഇൗ കരുത്തിൽ ബിജെപി സഖ്യസർക്കാരിന്റെ പെട്ടിയിലിലേക്കുള്ള അവസാനആണി കൂടി അടിക്കാൻ തുടങ്ങി.

MORE IN INDIA
SHOW MORE
Loading...
Loading...