16 വർഷം മുൻപ് കലാമിന്റെ ചോദ്യം; ഇന്ന് രാജ്യം നൽകിയ ഉത്തരം ചന്ദ്രയാൻ 2; സ്വപ്നസാഫല്യം

abj-abdul-kalam-chandrayan
SHARE

രാജ്യത്തെയും ഇവിടുത്തെ യുവാക്കളെയും സ്വപ്നം കാണാൻ പഠിപ്പിച്ച ഒരു മനുഷ്യന്റെ സ്വപ്നം കൂടിയാണ് ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ‌നിന്ന് പറന്നുയർന്ന് അഭിമാനം തൊട്ടത്. പതിറ്റാണ്ടിന് മുൻപ് പിജെ അബ്ദുൾ കലാം പറഞ്ഞ വാക്കുകളുടെ പൂർണതയാണ് ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിലൂടെ ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുന്നത്. 16 വര്‍ഷങ്ങൾക്കു മുൻപ് ചന്ദ്രനിലേക്കൊരു ദൗത്യത്തെക്കുറിച്ചുള്ള ഇന്ത്യ ചിന്തിച്ചു തുടങ്ങിയുന്നതെ ഉണ്ടായിരുന്നുള്ളൂ. എന്നെങ്കിലും ആ സ്വപ്നനേട്ടം കൈവരിക്കാൻ ഇന്ത്യക്ക് കഴിയുമെങ്കിൽ അതിൽപ്പരം വലിയൊരു അഭിമാനം മറ്റൊന്നുമുണ്ടാകില്ലെന്നാണ് എപിജെ അബ്ദുൾ കലാം അന്ന് അതേക്കുറിച്ച് പ്രതികരിച്ചത്. 

‘ചന്ദ്രന്റെ പര്യവേക്ഷണം രാജ്യത്തിനാകെ, പ്രത്യേകിച്ച് യുവ ശാസ്ത്രജ്ഞര്‍ക്കും കുട്ടികൾക്കും അളവില്ലാത്ത ഊർജ്ജവും ആത്മവിശ്വാവുമായിരിക്കും സമ്മാനിക്കുക.’ ചന്ദ്ര പര്യവേക്ഷണത്തെക്കുറിച്ച് ഐഎസ്ആർഒ ആലോചിക്കുന്നുണ്ടെന്ന് 2003ൽ അറിയിച്ചപ്പോൾ കലാം ഇത്തരത്തിലാണ് പ്രതികരിച്ചത്. മറ്റു ഗ്രഹ പര്യവേക്ഷണങ്ങൾക്കു ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഒരു തുടക്കം മാത്രമായിരിക്കും ചന്ദ്ര ദൗത്യമെന്ന ആത്മവിശ്വാസവും കലാം അന്ന് പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും വിദൂര സംവേദനാത്മക ഉപഗ്രഹമായ റിസോർസെസാറ്റ് -1 വിക്ഷേപിക്കാൻ തയ്യാറായിരുന്ന പി‌എസ്‌എൽ‌വി-സി 5 ന്റെ അന്തിമ തയ്യാറെടുപ്പുകൾ പരിശോധിച്ച ശേഷം ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയായിരുന്നു അന്നത്തെ രാഷ്ട്രപതിയായിരുന്ന കലാം.

ഒരു വർഷത്തിനുശേഷം ചന്ദ്രയാൻ –1നെ കുറിച്ചു വിശദീകരിക്കാൻ ചെന്ന ഐഎസ്ആർഒ സംഘത്തോട് കലാം ചോദിച്ചത് എന്തുകൊണ്ട് ചന്ദ്രനിലിറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല എന്നാണ്. ഉപഗ്രഹം ഏതായാലും ചന്ദ്രനിലെത്തുന്നുണ്ടല്ലോ പിന്നെ എന്തുകൊണ്ടാണ് അവിടെ ഇറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാത്തതെന്നാണ് കലാം ചോദിച്ചതെന്ന് ചന്ദ്രയാൻ–1ന്റെ പ്രൊജക്റ്റ് ഡയറക്ടറായിരുന്ന എം അണ്ണാദുരൈ പിന്നീട് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ‌നിന്ന് ഉച്ചയ്ക്ക്  2.43നാണ് വിക്ഷേപിച്ചത്. ചന്ദ്രയാൻ 2 വഹിച്ചുയരുന്ന ജിഎസ്എൽവിയുടെ മാർക്ക് 3 /എം1 റോക്കറ്റിന്റെ ലോഞ്ച് റിഹേഴ്സൽ ജൂലൈ 20ന് പൂർത്തിയായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബർ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയാണു 2008 ഒക്ടോബറിൽ ചന്ദ്രയാൻ–1 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്. 11 വർഷത്തിനു ശേഷം, ഏകദേശം 978 കോടി രൂപ ചെലവിലാണു ചന്ദ്രയാന്റെ രണ്ടാം പതിപ്പ് യാത്രയായത്. ഒന്നാം ദൗത്യത്തിൽനിന്നു വ്യത്യസ്തമായി രാജ്യത്തിന്റെ ആദ്യ റോവറും ഈ ദൗത്യത്തിനൊപ്പം യാത്ര തിരിച്ചു, പ്രഗ്യാൻ.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...