‘അവഞ്ചേർസി’ന് ചെലവ് 2,443 കോടി; നമ്മുടെ ചന്ദ്രയാൻ 2ന് 978 കോടി; അഭിമാനക്കുതിപ്പ്

avengers-chandrayan-money
SHARE

ഇനി രാജ്യത്തിന്റെ അഭിമാനം ഭ്രമണപഥത്തിൽ നിന്നും ചന്ദ്രനിലേക്ക് ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ഭൂമിയിലുള്ളവർ. ചരിത്രദൗത്യമായ ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം ആദ്യംഘട്ടം വിജയകരമായതിന്റെ ആഘോഷവും ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞു. ലോകരാജ്യങ്ങൾ തന്നെ ഇന്ത്യയിലേക്ക് നോക്കിയിരുന്ന നിമിഷമായിരുന്നു ഇന്ന് 2.43 എന്നത്. ഇതിനൊപ്പം ചർച്ച ചെയ്യുന്ന കൗതുകങ്ങളും പ്രത്യേകതകളും ഏറെയാണ്. ചന്ദ്രയാൻ 2 ന് വേണ്ടി മുടക്കിയ തുകയാണ് ആദ്യ സവിശേഷത. 978 കോടിരൂപയാണ് ചന്ദ്രയാൻ 2ന് വേണ്ടി ഐഎസ്ആർഒ ചെലവഴിച്ചത്. ഇൗ തുകയെ സൈബർ ഇടങ്ങളിൽ താരതമ്യം ചെയ്യുന്നത് ചില സിനിമകളുടെ നിർമാണചെലവിനോട് തട്ടിച്ചാണ്. 

ലോകത്തെ ഏറ്റവും വലിയ പണം വാരി ചിത്രം എന്ന റെക്കോർഡ് ഇപ്പോൾ സ്വന്തമാക്കിയ അവഞ്ചേർസ്: എൻഡ് ഗെയിം നിർമിച്ചത് 2,443 കോടിരൂപ മുടക്കിയാണ്. ഇൗ ലോകസിനിമയുടെ ഇൗ മുടക്ക് മുതലിനോട് തട്ടിച്ചുനോക്കുമ്പോൾ 978 കോടി രൂപയ്ക്ക് ഇന്ത്യ ചന്ദ്രയാൻ 2 സാധ്യമാക്കി എന്നത് രാജ്യത്തിന്റെയും ശാസ്ത്രഞ്ജരുടെയും മികവിന്റെ ഉദാഹരണമായി ഉയർത്തി കാട്ടുകയാണ്. നമ്മുടെ ബാഹുബലി സീരീസിന്റെ നിർമാണ തുക 450 കോടിയാണ്. ബാഹുബലി ഒരു സീരീസുകൂടി പുറത്തിറക്കാന്‍ വേണ്ടി വരുന്ന പണമേ  ഐഎസ്ആർഒ ഇൗ ചരിത്രനേട്ടത്തിന് ചെലവാക്കിയിട്ടുള്ളൂ എന്നത് എക്കാലത്തും അഭിമാനിക്കാൻ വക നൽകുന്നതാണ്. 

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ‌നിന്ന് ഉച്ചയ്ക്ക്  2.43നാണ് വിക്ഷേപിച്ചത്. ചന്ദ്രയാൻ 2 വഹിച്ചുയരുന്ന ജിഎസ്എൽവിയുടെ മാർക്ക് 3 /എം1 റോക്കറ്റിന്റെ ലോഞ്ച് റിഹേഴ്സൽ ജൂലൈ 20ന് പൂർത്തിയായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബർ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

വിക്ഷേപണം കാണാനെത്തിയിരുന്നത് 7500–ഓളം പേർ. പൊതുജനങ്ങൾക്ക് ഓൺലൈൻ റജിസ്ട്രേഷൻ വഴി വിക്ഷേപണം കാണാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ റജിസ്ട്രേഷൻ ആരംഭിച്ച് രണ്ടു മണിക്കൂറിനകം ഗാലറിയിൽ ഉൾക്കൊള്ളാവുന്ന 7500 പേരും തികഞ്ഞതോടെ നിർത്തിവച്ചു. ജൂലൈ 15ന് അർധരാത്രിയായിരുന്നു നേരത്തേ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയാണു 2008 ഒക്ടോബറിൽ ചന്ദ്രയാൻ–1 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്. 11 വർഷത്തിനു ശേഷം, ഏകദേശം 978 കോടി രൂപ ചെലവിലാണു ചന്ദ്രയാന്റെ രണ്ടാം പതിപ്പ് യാത്രയായത്. ഒന്നാം ദൗത്യത്തിൽനിന്നു വ്യത്യസ്തമായി രാജ്യത്തിന്റെ ആദ്യ റോവറും ഈ ദൗത്യത്തിനൊപ്പം യാത്ര തിരിച്ചു, പ്രഗ്യാൻ.

MORE IN INDIA
SHOW MORE
Loading...
Loading...