പ്രതിസന്ധിഘട്ടത്തിൽ ഇനിയെന്ത്? ഡി രാജയെ കാത്തിരിക്കുന്നത് ചരിത്രദൗത്യം

d-raja-profile
SHARE

സിപിെഎ ജനറല്‍ സെക്രട്ടറി പദത്തിലേയ്ക്ക് ഡി.രാജയെന്ന ദലിത് വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവെത്തുമ്പോള്‍ അതൊരു തെറ്റുതിരുത്തലാണ്. ദേശീയ രാഷ്ട്രീയത്തിലും രാജ്യം ശ്രദ്ധിച്ച പോരാട്ടവേദികളിലും നിറഞ്ഞുനില്‍ക്കുന്ന കമ്യൂണിസ്റ്റ് ശബ്ദമാണ് ഡി.രാജയുടേത്. രാജ്യസഭാംഗത്വം 24ന് തീരാനിരിക്കെയാണ് പാര്‍‍ട്ടിയുടെ അമരക്കാരനാകുന്നത്.

ലാല്‍ സലാമിനൊപ്പം നീല്‍ സലാമും വിളിക്കേണ്ടതിന്‍റെ പ്രസക്തി നേരത്തെ തിരിച്ചറിഞ്ഞ മുന്‍നിര കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ആദ്യ പേരുകാരനാണ് ദുരൈസ്വാമി രാജയെന്ന ഡി.രാജ. ബി.ആര്‍ അംബേദ്ക്കറിനെ ആദ്യകാല കമ്യൂണിസം എതിരാളികളുടെ പട്ടികയിലാണ് പെടുത്തിയത്. എന്നാല്‍ ബാബാ സാഹിബ് മുന്നോട്ടുവെച്ച സമൂഹിക നീതി കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടൊപ്പം ചേര്‍ത്തുപിടിക്കേണ്ടതിന്‍റെ ആവശ്യകത ഡി.രാജ എക്കാലത്തും വാക്കിലൂടെയും എഴുത്തിലൂടെയും അടിവരയിട്ടു. 

തമിഴ്നാട്ടിലെ വെല്ലൂരില്‍ ദുരൈസ്വാമി–നായകം ദമ്പതികളുടെ മകനായി 1949ല്‍ ജനനം. ജാതി വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പോരാട്ടത്തിന്‍റെ വഴിതിരഞ്ഞെടുത്തു. 1970കളില്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയും 80കളില്‍ യുവജന പ്രസ്ഥാനത്തിലൂടെയും പയറ്റിതെളിഞ്ഞു. യൂത്ത് ഫെഡറേഷന്‍റെ തമിഴ്നാട് സെക്രട്ടറിയായി. തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന മുദ്രാവാക്യം ഏറ്റെടുത്ത് സമരരംഗത്ത് നിറഞ്ഞു. ബിഎസ്.സി ബിരുദം നേടി. 1994 മുതല്‍ സിപിെഎ ദേശീയ സെക്രട്ടേറിയറ്റ് അംഗം. 2007ല്‍ തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍. 2013ല്‍ വീണ്ടും എം.പിയായി. ഇടത് പക്ഷത്തിന്‍റെ ഇടം സമകാലിക ദേശീയ രാഷ്ട്രീയത്തില്‍ ശോഷിച്ചുവരുമ്പോഴും ഡി രാജ അവഗണിക്കപ്പെടാന്‍ കഴിയാത്ത സാന്നിധ്യമായി നിറഞ്ഞുനില്‍ക്കുന്നു. സിപിെഎ ദേശീയ കൗണ്‍സില്‍ അംഗവും മലയാളിയുമായ ആനി രാജയാണ് ഭാര്യ. 

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലാദ്യമായി പാര്‍ട്ടിയുടെ അമരത്തേയക്ക് എത്തുന്ന ദലിത് വിഭാഗത്തില്‍ നിന്നുള്ള നേതാവ്. നിലവില്‍‌  പാര്‍ലമെന്‍ററി അംഗബലത്തില്‍ കാര്യമായൊന്നും അവകാശപ്പെടാനില്ലാത്ത, പ്രൗഢമായ പാരമ്പര്യം മാത്രമുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വലിയ പ്രതിസന്ധികളില്‍ നിന്ന് മുന്നോട്ടുകൊണ്ടുപോവുകയെന്ന ചരിത്ര ദൗത്യമാണ് രാജയ്ക്കുള്ളത്. 

MORE IN INDIA
SHOW MORE
Loading...
Loading...