ബെല്‍ച്ചില്‍ ആനപ്പുറത്തേറി ഇന്ദിര, സോന്‍ഭദ്രയില്‍ ഇരുട്ടത്തിരുന്ന് പ്രിയങ്ക

priyanka-indira
SHARE

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ പ്രിയങ്കഗാന്ധിയുടെ കുത്തിയിരിപ്പ് സമരം ഓര്‍മകളിലേക്ക് കൊണ്ടുവരുന്നത് 42 വര്‍ഷങ്ങള്‍ക്കപ്പുറം ഇന്ദിര ഗാന്ധി നടത്തിയ ഐതിഹാസിക യാത്രയാണ്. സോന്‍ഭദ്രയിലെ ഖൊരാവല്‍ ഗ്രാമത്തില്‍ ഭൂമിക്ക് വേണ്ടിയുള്ള സമരത്തില്‍ മുന്നാക്ക ജാതിക്കാരനായ ഗ്രാമമുഖ്യന്‍റെയും കൂട്ടാളികളുടെയും വെടിയേറ്റ് മരിച്ച ആദിവാസികളുടെ ബന്ധുക്കളെ കാണാനാണ് പ്രിയങ്ക ഗാന്ധിയെത്തിയതെങ്കില്‍ ബിഹാറിലെ ബെല്‍ച്ചില്‍ മുന്നാക്ക ജാതിക്കാര്‍ കൊലചെയ്ത ദലിത് സമൂഹത്തിന് വേണ്ടിയായിരുന്നു ഇന്ദിര പടനയിച്ചത്. രണ്ട് സംഭവങ്ങളും അരങ്ങേറിയ രാഷ്ട്രീയ പശ്ചാത്തലത്തിനും സമാനതകള്‍ ഏറെ. 

indira-story

അടിയന്തരാവസ്ഥക്ക് ശേഷം പരമ്പരാഗത സീറ്റായ റായ്ബറേലിയില്‍ പോലും തോറ്റ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ദിരയുടെയും കോണ്‍ഗ്രസിന്‍റെയും ഭാവിയെന്തെന്ന ചോദ്യം ഉയരുന്നതിനിടെയാണ് 1977 മേയ് 27ന് ബെല്‍ച്ചില്‍ 11 ദലിതര്‍ കൊലചെയ്യപ്പെട്ടത്. വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയുന്ന പാതയോ, മറ്റ് യാത്രാ സൗകര്യങ്ങളോ ഇല്ലാത്ത ഗ്രാമത്തിലേക്ക്, ഭരണ–പ്രതിപക്ഷ പാര്‍ട്ടികളിലെ ഒരു രാഷ്ട്രീയ നേതാവും ചിന്തിക്കുന്നതിന് മുമ്പ് ഇന്ദിര പുറപ്പെട്ടു. കനത്ത മഴയും, കരകവിഞ്ഞൊഴുകുന്ന നദികളും, ചതുപ്പ് നിലങ്ങളും താണ്ടിയുള്ള യാത്ര അപകടകരമാണെന്ന മുന്നറിയിപ്പുകളെ അറുപതുകാരിയായ ഇന്ദിര തള്ളിക്കളഞ്ഞു. പട്ന വരെ ട്രെയിനിലായിരുന്നു യാത്ര. അവിടുന്ന് ജീപ്പില്‍ ബെല്‍ച്ചിലേക്ക്. ചളിയും വെള്ളവും നിറഞ്ഞ പാതകളില്‍ ജീപ്പ് യാത്ര മുടങ്ങി. പിന്നെ ട്രക്കിലായി യാത്ര. അതും മുടങ്ങിയതോടെ കാല്‍നടയായി. ചതുപ്പ് നിറഞ്ഞ വഴികളിലൂടെ നടത്തം ദുഷ്കരമായപ്പോള്‍ ഗ്രാമവാസികളിലൊരാള്‍ ആനയുമായെത്തി. അറുപതിന്‍റെ അവശതകളില്ലാതെ  ആനപ്പുറത്തേറി ഇന്ദിര യാത്ര തുടര്‍ന്നു. ഒടുവില്‍ രാത്രിയോടെ ബെല്‍ച്ചിലെത്തിയപ്പോള്‍ ചരിത്രത്തിലെ കനത്ത പരാജയത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പായി അത്. 

പ്രതീകാത്മകത രാഷ്ട്രീയത്തിലെ തലവര മാറ്റിമാറിക്കുന്നതിന്‍റെ ക്ലാസിക് ഉദാഹരണമായി ഇന്ദിരയുടെ ആനപ്പുറത്തേറിയുള്ള യാത്രയുടെ ചിത്രം ചരിത്രത്തില്‍ ഇടം പിടിച്ചു. ബെല്‍ച്ചിയെന്ന കൊച്ചു ഗ്രാമത്തിലെ മാത്രമല്ല, രാജ്യമെമ്പാടുമുള്ള അവശ ജനവിഭാഗങ്ങളില്‍ ഒരിക്കല്‍ കൂടി ഇന്ദിരയെ പുന:പ്രതിഷ്ഠിച്ചു ആ ചിത്രം. അഹങ്കാരിയായ ഏകാധിപതിയില്‍ നിന്ന് 'പിന്നാക്ക ജനവിഭാഗങ്ങളുടെ രക്ഷകയെന്ന' പ്രതിച്ഛായയിലേക്ക് മാറാന്‍ ഇന്ദിര പ്രിയദര്‍ശിനിക്ക് മറ്റൊന്നും ചെയ്യേണ്ടി വന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 1980ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍. 

42 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയങ്ക സോന്‍ഭദ്രയിലേക്ക് പുറപ്പെടുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ് . ലോക്സഭ തിരഞ്ഞെുപ്പിലെ നാണംകെട്ട തോല്‍വി. ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച് രാഹുല്‍ മാറി നിന്നതോടെ പകരക്കാരനെ കണ്ടെത്താനാകാതെ പകച്ചുനില്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസം അമ്പത് കഴിഞ്ഞു. അധികാരത്തിലുള്ള ഏതാനും സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെ നാളുകള്‍ എണ്ണപ്പെട്ട് തുടങ്ങി. കൂറുമാറ്റവും കൂട്ടരാജിയും വാര്‍ത്തകള്‍ പോലുമല്ലാത്ത സാഹചര്യം. അവിടെ നിന്നാണ് ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനെ വാര്‍ത്തകളുടെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ആദ്യത്തെ രാഷ്ട്രീയ സമരത്തിന് പ്രിയങ്ക തുടക്കം കുറിക്കുന്നത്. സോന്‍ഭദ്രയില്‍ കൊലചെയ്യപ്പെട്ട ആദിവാസികളുടെ ബന്ധുക്കളെ കാണാന്‍ അനുവദിക്കില്ലെന്ന അധികൃതരുടെ തിട്ടൂരത്തിന് വഴങ്ങാതെ പ്രിയങ്ക കുത്തിയിരിപ്പ് സമരം തുടങ്ങിയിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. മിര്‍സാപൂരിലെ ചുനാര്‍ കോട്ടയിലെ ഇരുട്ടില്‍ ഒരു രാത്രി മുഴുവന്‍ പ്രിയങ്ക കുത്തിയിരുന്നപ്പോള്‍ ബെല്‍ച്ചിലേക്കുള്ള യാത്രയില്‍ ഇന്ദിരാഗാന്ധി പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യത്തിന്‍റെ മിന്നുവെട്ടങ്ങള്‍ കാണാം. ഉത്തര്‍പ്രദേശിലെ മുഖ്യപ്രതിപക്ഷമായ മായാവതിയും അഖിലേഷ് യാദവും സോന്‍ഭദ്രയിലെ ഇരകളെക്കുറിച്ച് ചിന്തിക്കും മുമ്പാണ് പ്രിയങ്ക അവിടെയെത്തിയതെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയത്തിലെ ഓദ്യോഗിക പ്രവേശനം കനത്ത പരാജയമായിരുന്നെങ്കിലും എളുപ്പം വിട്ടുകളയുന്ന പ്രകൃതമല്ല തന്‍റേതെന്ന് ഉറപ്പിക്കുകയാണ് ഇന്ദിരയുടെ കൊച്ചുമകള്‍. 

1977ല്‍ കോണ്‍ഗ്രസിന്‍റെയും ഇന്ദിരയുടെയും പുനര്‍ജനനത്തിന് വഴിവെച്ച ബെല്‍ച്ച്, സോന്‍ഭദ്രയില്‍ ആവര്‍ത്തിക്കുമെന്ന് തീര്‍ത്ത് പറയാനാകില്ല. ഇന്ദിരയല്ല പ്രിയങ്ക. അന്നത്തെ കോണ്‍ഗ്രസല്ല ഇന്നത്തെ കോണ്‍ഗ്രസ്. തമ്മിലെ താരതമ്യം പോലും യുക്തിരഹിതമാണ്. പക്ഷെ, പോരാട്ടത്തിന്‍റെ ഒരു കനല്‍ത്തരിയെങ്കിലും ബാക്കിയുണ്ടെന്ന പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട് പ്രിയങ്കയുടെ ഈ ചെറുത്തുനില്‍പ്പ്. വരും ദിവസങ്ങളില്‍, ക്യാമറ കണ്ണുകള്‍ തിരിയുമ്പോള്‍ ഈ സമരത്തിന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമോ... ?  അതല്ല ഒരു ദിസത്തെ ഫോട്ടോ ഓപ്പായി ഇതവസാനിക്കുമോ..? രാഷ്ട്രീയത്തില്‍ സ്ഥിരതയുടെ അര്‍ഥവും പ്രാധാന്യവും മറ്റാരെക്കാളും പ്രിയങ്കയെങ്കിലും തിരിച്ചറിയുമോ...? ഇവയെ ആശ്രയിച്ചായിരിക്കും പ്രിയങ്കയുടെ ഉത്തര്‍പ്രദേശ് ദൗത്യത്തിന്‍റെ ഭാവി.

MORE IN INDIA
SHOW MORE
Loading...
Loading...