ആ ചാന്ദ്രസ്പർശത്തിന് 50 വർഷം; ചരിത്രത്തിലെ സാഹസികയാത്ര

SHARE
moon1

മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയിട്ട് 50 വര്‍ഷം. 1969 ജൂലൈ 20 അമേരിക്കന്‍ സമയം രാത്രി 8.17 അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി നീല്‍ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങി. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ചാന്ദ്രസ്പര്‍ശം എന്ന അധ്യായം കുറിക്കപ്പെടുകയായിരുന്നു അവിടെ. 

മ‌നുഷ്യന്‍റെ ഒരു ചെറിയ കാല്‍വയ്പ് മനുഷ്യരാശിക്കൊരു വലിയ കുതിച്ചാട്ടം. നീല്‍ ആംസ്ട്രോങിന്‍റെ ഈ വാക്കുകള്‍ പിന്നീട് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കുകളായി മാറി. ശീതയുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ നടത്തിയ ബഹിരാകാശ ഗവേഷണ യുദ്ധമാണ് മനുഷ്യനെ ചന്ദ്രനിലെത്തിച്ചത് എന്ന് പറയാം. ആദ്യ ഉപഗ്രഹവും ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയും ചെയ്ത് സോവിയറ്റ് യൂണിയന്‍ ചരിത്രം കുറിച്ചപ്പോള്‍ അമേരിക്ക നിരാശയിലാണ്ടു. ഈ നിരാശയ്ക്കൊടുവില്‍ നടത്തിയ വന്‍ പരിശ്രമങ്ങളാണ് അമേരിക്കന്‍ പതാക ചന്ദ്രനിലെത്തിച്ചത്. 1967 ലെ അപ്പോളോ 1 ദൗത്യത്തിന്‍റെ പരാജയത്തില്‍ മൂന്നു ബഹിരാകാശ സഞ്ചാരികള്‍ വെന്തുമരിച്ചു. പക്ഷേ ഇതിന് ശേഷം നടത്തിയ ദൗത്യങ്ങളില്‍ ഏറെയും വിജയമായി. ഇതിനെത്തുടര്‍ന്നാണ്. 1969 ജൂലൈ 16 ന് ഫ്ളോറിഡയിലെ കേപ് കാനവര്‍ വിക്ഷേപണത്തറയില്‍ നിന്ന് സാറ്റേണ്‍ 5 റോക്കറ്റ് ലൂണാര്‍ മൊഡ്യൂളിനെയും വഹിച്ച് കൊണ്ട് ഉയര്‍ന്നത്. നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ബസ് ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവര്‍ക്കായിരുന്നു ആ ഭാഗ്യദൗത്യത്തിന്‍റെ ചുമതല. ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയ ശേഷം കൊളംബിയ എന്ന കമാന്‍ഡ് മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട് ഈഗിള്‍ എന്ന ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങി. 

മനുഷ്യന്‍റെ അന്നോളമുള്ള നേട്ടങ്ങള്‍ക്ക് മീതെ തിളക്കമാര്‍ന്ന മറ്റൊന്ന് കടന്നുവന്നു. മനുഷ്യന്‍റെ കഥകളിലും കവിതകളിലും വിശ്വാസങ്ങളും നിറഞ്ഞു നിന്ന ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍കുത്തി. 1969 ജൂലൈ 20 അമേരിക്കന്‍ സമയം രാത്രി 8.17 ആയിരുന്നു അപ്പോള്‍. ഇന്ത്യയില്‍ ജൂലൈ 21 പുലര്‍ച്ചെ 1.47 ഉം. ചന്ദ്രനിലിറങ്ങിയ നീല്‍ ആംസ്ട്രോങ്ങും ബസ് ആല്‍ഡ്രിനും പരീക്ഷങ്ങള്‍ നടത്തുമ്പോള്‍ മൈക്കിള്‍ കോളിന്‍സ് കമാന്‍ഡ് മൊഡ്യൂളില്‍ ചന്ദ്രനെ ചുറ്റി. ചന്ദ്രനില്‍ നിന്ന് 22 കിലോഗ്രാം മണ്ണും പാറയും ശേഖരിച്ചു. പിന്നെ ഈഗിളിനെ കമാന്‍ഡ് മൊഡ്യൂളുമായി ബന്ധിപ്പിച്ചു. നാല് ദിവസം കൊണ്ട് ഭൂമിയുടെ അന്തരീക്ഷത്തിലെത്തിയ അവര്‍ തിരിച്ചെത്തി. ചന്ദ്രനില്‍ മനുഷ്യന്‍ ചരിത്രം കുറിച്ചതിന്‍റെ അന്‍പതാണ്ടിന്‍റെ ആഘോഷം അവസാനിക്കും മുമ്പ് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ പുറപ്പെടുന്നുമുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...