കിടപ്പുമുറിയിൽ ക്യാമറ; ഭർത്താവിനെതിരെ ഭാര്യയുടെ പരാതി; വിചിത്ര മറുപടി

house-cctv-19
SHARE

കിടപ്പുമുറിയിൽ ഭർത്താവ് ക്യാമറ സ്ഥാപിച്ചുവെന്ന് യുവതിയുടെ പരാതി. ത്രിപുര സ്വദേശിയായ യുവതിയാണ് വനിതാ കമ്മീഷന് നേരിട്ട് പരാതി നല്‍കിയത്. പരാതിയെത്തുടർന്ന് വിളിച്ചുവരുത്തിയ ഭര്‍ത്താവ് നല്‍കിയ മറുപടി കേട്ട് കമ്മീഷൻ അന്തംവിട്ടു. 

സ്വന്തം സുരക്ഷക്ക് വേണ്ടിയാണ് ക്യാമറ വെച്ചതെന്നാണ് ഭർത്താവ് നല്‍കിയ വിശദീകരണം. ഒരേ മുറിയിലാണെങ്കിലും രണ്ടുപേരും രണ്ട് കട്ടിലിലാണ് കിടക്കുന്നത്. താൻ കിടക്കുന്ന ഭാഗത്താണ് ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നതെന്നും ഭർത്താവ് കമ്മീഷനെ അറിയിച്ചു. 

സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്നും യുവതി കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് താനറിഞ്ഞ ശേഷമാണ് മുറിയിൽ ക്യാമറ വെച്ചതെന്നും യുവതി പറയുന്നു. നാല് മുറികളുള്ള വീട്ടിൽ അഞ്ച് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. 

ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളിലാണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. കിടപ്പുമുറിക്ക് പുറമെ വീടിലേക്ക് കയറുന്നതും ഇറങ്ങുന്നതും അടക്കമുള്ള എല്ലായിടത്തും ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിന്‍റെ മോണിറ്റര്‍ ഭര്‍ത്താവിന്‍റെ അമ്മയുടെമുറിയിലാണെന്നും യുവതി പറയുന്നു. 

അതേസമയം ആരോപണങ്ങളെല്ലാം യുവാവ് നിഷേധിച്ചു. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്നും തന്‍റെ നിരപരാധിത്വം തെളിയിക്കാനാണ് ക്യാമറ വച്ചതെന്നും ഇയാള് വാദിച്ചു. രണ്ടുപേരുടെയും വാദങ്ങള്‍ കേട്ട ശേഷം പിരിയുന്നത് സംബന്ധിച്ച് പുന:പരിശോധിക്കാന്‍  പരാതിക്കാരി രത്ന പൊദ്ദറിനും ഭര്‍ത്താവ് ചന്ദന്‍ കാന്തി ധറിനും 45ദിവസത്തെ സമയം അനുവദിച്ചിരിക്കുകയാണ് വനിതാ കമ്മീഷന്‍.

MORE IN INDIA
SHOW MORE
Loading...
Loading...