പ്രതാപം തോറ്റു, പ്രണയത്തിനു വിലയിട്ടവനെതിരെ ഒറ്റയ്ക്കു പോരാടിയ പെണ്ണിന്റെ കഥ

rajagopal-jeevajyothi
SHARE

അന്ധവിശ്വാസം കീഴടക്കിയ ഒരു ജീവിതം ആശുപത്രി മുറിയിൽ അവസാനിച്ചപ്പോൾ ജയിച്ചത് ഒരു പെണ്ണിന്റെ ഒറ്റയ്ക്കുള്ള പോരാട്ടം കൂടിയാണ്. ഒപ്പം നിൽക്കേണ്ടവർ പോലും കൂറുമാറിയപ്പോഴും ഒറ്റയ്ക്ക് പൊരുതിയവൾ തോൽപിച്ചത് പ്രതാപത്തിന്റെ ഹുങ്കിനെക്കൂടിയാണ്. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ശരവണഭവൻ ഉടമ ആശുപത്രിയിൽ അന്തരിച്ചപ്പോൾ ആളുകൾ വീണ്ടും ഓർക്കുന്നത് ആ പെൺകരുത്തിനെയാണ്. സ്വന്തം പ്രണയത്തിന് വിലയിടാൻ ശ്രമിച്ചയാളെ നിയമത്തിനു മുന്നിൽക്കൊണ്ടു വന്ന ധീരയായ പെൺകുട്ടിയെ.

എതിരാളിയുടെ പണത്തിനും പ്രതാപത്തിനുമൊന്നും അയാളെ രക്ഷിക്കാൻ കഴിയില്ലെന്ന് തന്റെ പോരാട്ടം കൊണ്ട് ഓരോ നിമിഷവും അയാളെ ഓർമ്മിപ്പിച്ച സ്ത്രീ. അന്ധവിശ്വാസത്തിന്റെ പേരിൽ ഭർത്താവിനെക്കൊന്ന് തന്നെ സ്വന്തമാക്കാൻ ശ്രമിച്ച കുറ്റവാളിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ അവർ തെല്ലൊന്നുമല്ല കഷ്ടപ്പെട്ടത്. കേസ് മുന്നോട്ടു പോകുന്തോറും ഒപ്പം നിന്ന ബന്ധുക്കൾ പോലും വഴക്കിട്ടു പിന്മാറി. സാക്ഷികളായിരുന്ന ഭർത്താവിന്റെ ബന്ധുക്കൾ വരെ കൂറുമാറി. എന്നിട്ടും അവർ പിന്മാറിയില്ല. തളരാതെ നിശ്ചയ ദാർഢ്യത്തോടെ മുന്നോട്ടുപോയി.

കൊലക്കേസിൽ രാജഗോപാൽ അറസ്റ്റിലാകുന്നതുവരെ അവർ പോരാട്ടം തുടർന്നു. ഹോട്ടൽ ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാനായി ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലാണ് പി.രാജഗോപാൽ അറസ്റ്റിലായത്. ആരോഗ്യ സ്ഥിതി മോശമാണെന്നും ജീവപര്യന്ത്യം തടവു ശിക്ഷ നീട്ടണമെന്നും രാജഗോപാൽ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. അതു നിരസിക്കപ്പെട്ടിരുന്നു.അതിനെത്തുടർന്ന് കീഴടങ്ങിയ രാജഗോപാലിനെ പരിശോധനയ്ക്കായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മകന്റെ അഭ്യർഥനയെത്തുടർന്ന് സ്വാകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍ എന്നിവ രാജഗോപാലിനുണ്ടായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം ഉണ്ടായി.

ജീവജ്യോതി സൗഭാഗ്യം കൊണ്ടുവരും ജ്യോതിഷന്റെ വാക്കുകൾ

ജീവജ്യോതിയെ ഭാര്യയായി ലഭിച്ചാല്‍ രാജഗോപാലിന് ബിസിനസ് വച്ചടിവച്ചടി കയറ്റമായിരിക്കും. ജ്യോതിഷിയുടെ ഈ വാക്കുകൾ ശരവണഭവൻ ഉടമയുടെ ജീവിതത്തിലുണ്ടാക്കിയത് ദൂരവ്യാപക മാറ്റങ്ങളാണ്. ഇതിനകം രണ്ടു ഭാര്യമാർ ഉണ്ടായിരുന്ന ബിസിനസ് രാജാവിന് ഇരുപത് വയസുകാരിയായിരുന്ന ജീവജ്യോതിയുടെ സൗന്ദര്യം മാത്രമായിരുന്നില്ല ലക്ഷ്യം, അവളിലൂടെ തനിക്കും ബിസിനസിനും വന്നുചേരാവുന്ന സൗഭാഗ്യം കൂടിയായിരുന്നു. പ്രണയം പോലെ അടങ്ങാത്ത ആസക്തിക്കും കണ്ണും കാതുമില്ലെന്നു തെളിയിക്കുന്നതാണ് ശരവണ ഭവന്‍ ഹോട്ടലുകളുടെ ഉടമ പി.രാജഗോപാലിന്റെ ജീവിതകഥ.

രാജഗോപാലിന്റെ തകർച്ചയുടെ കഥ, ജീവജ്യോതിയുടെ പ്രണയത്തിന്റെയും

ഉയരങ്ങളില്‍നിന്നുള്ള രാജഗോപാലിന്റെ തകര്‍ച്ചയുടെയും തടവറയിലേക്കു നീളുന്ന ജീവിതത്തിന്റെയും കഥ ജീവജ്യോതി എന്ന യുവതിയുടെ പ്രണയത്തിന്റെ കഥ കൂടിയാണ്. ജീവജ്യോതി എന്ന ഇരുപതുകാരിയില്‍ രാജഗോപാലിന്റെ കണ്ണുടക്കുന്നത് രാമസ്വാമിയിലൂടെ. ജീവജ്യോതിയുടെ അച്ഛനാണ് രാമസ്വാമി. 1999 ന് മുമ്പാണ് അദ്ദേഹവും കുടുംബവും മികച്ചൊരു ജീവിതം കരുപ്പിടിപ്പിക്കാന്‍ ചെന്നൈയിലെത്തുന്നത്.

ശരവണ ഭവന്‍ ഹോട്ടലില്‍ ജോലി കിട്ടിയതോടെ രാമസ്വാമിയുടെ വളര്‍ച്ചയും തുടങ്ങുന്നു. അസിസ്റ്റന്റ് മാനേജര്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ തസ്തിക. ജീവജ്യോതിക്കു പുറമെ അദ്ദേഹത്തിന് ഒരു മകനുമുണ്ട്. മകന് ട്യൂഷനെടുക്കാന്‍ ശാന്തകുമാര്‍ എന്ന യുവാവിനെ കണ്ടുപിടിച്ചതോടെയാണ് അദ്ദേഹത്തിന്റെ ജീവിത കഥയില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. ഇക്കാലത്ത് രാമസ്വാമി ചെന്നൈയില്‍നിന്ന് മലേഷ്യയിലേക്കു പോയി. ജീവജ്യോതിയാകട്ടെ ശാന്തകുമാറുമായി പ്രണയത്തിലുമായി.

രാജ്ഞിയാക്കാം, മോഹവലവിരിച്ച് രാജഗോപാൽ

ശാന്തകുമാറും ജീവജ്യോതിയും വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരായതിനാല്‍ രാമസ്വാമി വിവാഹത്തെ എതിര്‍ത്തു. അച്ഛന്റെ എതിര്‍പ്പ് വകവയ്ക്കാതെ അവര്‍ 1999-ഏപ്രിലില്‍ വിവാഹം റജിസ്റ്റര്‍ ചെയ്തു. പെട്ടെന്നു വിവാഹിതനായതോടെ ശാന്തകുമാറിന് ജോലിയില്ലാതായി. അദ്ദേഹം ജീവജ്യോതിക്കൊപ്പം ശരവണഭവന്‍ ഉടമ രാജഗോപാലിനെ സമീപിച്ചു- ഒരു ട്രാവല്‍ ഏജന്‍സി തുടങ്ങാന്‍ സഹായിക്കണം എന്ന അപേക്ഷയുമായി. അപ്പോള്‍ തന്നെ രണ്ടു വിവാഹം കഴിച്ചിരുന്ന രാജഗോപാല്‍ ഇത് ഒരവസരമായി കണ്ട് തന്റെ മോഹത്തിന്റെ വല വിരിക്കാന്‍ തുടങ്ങി.

വിലയേറിയ സമ്മാനങ്ങള്‍ കൊടുത്ത് ജീവജ്യോതിയെ പാട്ടിലാക്കാനായി അദ്ദേഹത്തിന്റെ ശ്രമം. ദാരിദ്ര്യവും കഷ്ടപ്പാടുമുള്ളതിനാല്‍ ജീവജ്യോതി തന്റെ വലയില്‍വീഴുമെന്നുതന്നെ അദ്ദേഹം വ്യാമോഹിച്ചു. ജ്യോതിക്ക് അദ്ദേഹം ഒരു ഫോണ്‍ സമ്മാനമായി കൊടുത്തു. പതിവായി യുവതിയെ വിളിക്കാന്‍ തുടങ്ങിയ രാജഗോപാല്‍ പുതിയ നിര്‍ദേശം വച്ചു: എല്ലാ സഹായവും ചെയ്യാം. ഭാവി ജീവിതം മുഴുവന്‍ ഒരു രാജ്ഞിയെപ്പോലെ ജീവിക്കാം. എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കാം. ഒരേയൊരു വ്യവസ്ഥ മാത്രം- അദ്ദേഹത്തെ വിവാഹം കഴിക്കുക. അതായത് മൂന്നാമത്തെ ഭാര്യയാകുക.

ജീവജ്യോതിയെ ഭാര്യയായി ലഭിക്കുകയാണെങ്കില്‍ രാജഗോപാലിന്റെ ബിസിനസ് വച്ചടിവച്ചടി കയറും. അതുംകൂടെ കേട്ടപ്പോൾ ആ വ്യവസായ പ്രമുഖന്‍ ജീവജ്യോതിയെ സ്വന്തമാക്കാന്‍ സകല അടവും പുറത്തെടുക്കാന്‍ തുടങ്ങി

ആസക്തി ആളിക്കത്തിച്ചത് ആ പ്രവചനം

ഇക്കാലത്ത് ഒരു ജ്യോതിഷി നടത്തിയെന്നു പറയപ്പെടുന്ന പ്രവചനവും രാജഗോപാലിന്റെ ആസക്തി ആളിക്കത്തിച്ചു. ജീവജ്യോതിയെ ഭാര്യയായി ലഭിക്കുകയാണെങ്കില്‍ രാജഗോപാലിന്റെ ബിസിനസ് വച്ചടിവച്ചടി കയറും. അതുംകൂടെ കേട്ടപ്പോൾ ആ വ്യവസായ പ്രമുഖന്‍ ജീവജ്യോതിയെ സ്വന്തമാക്കാന്‍ സകല അടവും പുറത്തെടുക്കാന്‍ തുടങ്ങി. ഒരു ഡോക്ടറെക്കൊണ്ട് അവരെ വിളിപ്പിച്ച് ശാന്തകുമാറിന് എച്ച്ഐവി ടെസ്റ്റ് നടത്തണമെന്നു പറഞ്ഞു. അതോടെ രാജഗോപാലിന്റെ ഹീനശ്രമങ്ങള്‍ മനസ്സിലാക്കിയ ജ്യോതി പൊലീസിനെ സമീപിക്കുമെന്നും തന്നെ വെറുതെവിടണമെന്നും അപേക്ഷിച്ചു.

ഭീഷണി, മർദ്ദനം ഒടുവിൽ കൊലപാതകം

അതോടെ രാജഗോപാല്‍ ശാന്തകുമാറിനെതന്നെ സമീപിച്ചു- ഭാര്യയെ തനിക്കു വിട്ടുതരണമെന്ന് ഭീഷണിപ്പെടുത്തി. ചെന്നൈയില്‍ ജീവിക്കുന്നത് അപകടകരമാണെന്നു മനസ്സിലായതോടെ ശാന്തകുമാറും ജീവജ്യോതിയും മറ്റെവിടെയെങ്കിലും ജീവിക്കാനായി പുറപ്പെട്ടു. പക്ഷേ, രാജഗോപാല്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ അവരെ തടയുകയും ശാന്തകുമാറിനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്തു

2001 ഒക്ടോബറില്‍ രാജഗോപാലിന്റെ ഗുണ്ടകള്‍ വീണ്ടും ദമ്പതികളെ അപകടപ്പെടുത്തി. ശാന്തകുമാറിനെ കൈകളും കാലുകളും ബന്ധിച്ച് റെയില്‍വേ ട്രാക്കില്‍ തള്ളിയ അവര്‍ ജീവജ്യോതിയെ വിദൂരമായ ഒരു ഗ്രാമത്തില്‍കൊണ്ടുപോയി ദുര്‍മന്ത്രവാദത്തിലൂടെ മനസ്സു മാറ്റിയെടുക്കാന്‍ ശ്രമിച്ചു. പക്ഷേ ഭാഗ്യം കൊണ്ട് ശാന്തകുമാര്‍ രക്ഷപ്പെട്ടു. ദമ്പതികള്‍ വീണ്ടും ഒരുമിച്ചു. അവരൊരുമിച്ച് രാജഗോപാലിനെ കണ്ട് അവസാനമായി ഒരപേക്ഷ കൂടി നടത്തി. വെറുതെവിടണമെന്ന്. തങ്ങള്‍ എവിടെയെങ്കിലും പോയി ജീവിച്ചുകൊള്ളാമെന്ന്.

ഭർത്താവിന്റെ മരണം, നിയമപ്പോരാട്ടം

ഒക്ടോബറില്‍ ചെന്നൈ ജീവിതം മതിയാക്കി അവര്‍ തിരുച്ചെണ്ടൂരിലേക്കു തിരിച്ചു. സമാധാനത്തോടെ ജീവിക്കാമെന്ന ആഗ്രഹവുമായി. ആ യാത്രയില്‍ ശാന്തകുമാറിനെ രാജഗോപാലിന്റെ ഗുണ്ടകള്‍ വീണ്ടും തട്ടിയെടുത്തു. പിന്നീട് കൊടൈക്കനാലിനു സമീപമുള്ള കാട്ടില്‍നിന്നു കിട്ടിയത് ശാന്തകുമാറിന്റെ മൃതദേഹം. അന്നുമുതല്‍ തുടങ്ങി ജീവജ്യോതി എന്ന യുവതിയുടെ നിയമപ്പോരാട്ടം. കേസ് മുന്നോട്ടുപോകവേ നാടകീയമായ പല സംഭവങ്ങളുമുണ്ടായി. ശാന്തകുമാറിന്റെ സ്വന്തം സഹോദരന്‍ പോലും കൂറുമാറുകയും മൃതദേഹം താന്‍ തിരിച്ചറിഞ്ഞില്ലെന്നുവരെ മൊഴിനല്‍കുകയും ചെയ്തു

തന്റെ കണ്ണുടക്കിയ യുവതിയെ സ്വന്തമാക്കാന്‍ നടത്തിയ പോരാട്ടത്തിനൊടുവില്‍ ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന ഹോട്ടല്‍ വ്യവസായിക്ക് നഷ്ടമായത് ഒരു ബിസിനസ് സാമ്രാജ്യം.പക്ഷേ, തന്റെ പ്രിയപ്പെട്ടവനെ പിന്തുടര്‍ന്നു കൊലപ്പെടുത്തിയ പൈശാചിക ശക്തികള്‍ക്കെതിരെ ജീവജ്യോതി ഉറച്ചുനിന്നു. സെഷന്‍സ് കോടതിയും മദ്രാസ് ഹൈക്കോടതിയും കടന്ന് ഒടുവില്‍ പരമോന്നത കോടതിയില്‍നിന്ന് ജീവജ്യോതിക്ക് ഇപ്പോള്‍ വൈകിയെങ്കിലും ലഭിച്ചിരിക്കുന്നത് നീതി. നിസ്സഹായയായ ഒരു യുവതിയുടെ കണ്ണീരിന്റെ വില മനസ്സിലാക്കിയിരിക്കുന്നു കോടതികള്‍. പണവും പ്രതാപവും സ്വാധീനവും എപ്പോഴും അന്തിമ വിജയം വരിക്കുകയില്ലെന്നും.

നഷ്ടമായത് ഒരു ബിസിനസ് സാമ്രാജ്യം, കുടുംബം, സമാധാനം

ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ക്കും ചെവികൊടുക്കാതെ, തന്റെ കണ്ണുടക്കിയ യുവതിയെ സ്വന്തമാക്കാന്‍ നടത്തിയ പോരാട്ടത്തിനൊടുവില്‍ ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന ഹോട്ടല്‍ വ്യവസായിക്ക് നഷ്ടമായത് ഒരു ബിസിനസ് സാമ്രാജ്യം, കുടുംബം, സമാധാനം. അവസാനകാലത്ത് അപമാനവും തീരാത്ത ഏകാന്തത്തടവും. രാജ്യത്തെ പരമോന്നത കോടതി രാജഗോപാലിനെ കുറ്റക്കാരനായി വിധിച്ച് കാരാഗൃഹത്തിന്റെ വാതില്‍ കാണിച്ചുകൊടുക്കുമ്പോള്‍ ഒരു യുവതി നടത്തിയ നിയമപ്പോരാട്ടത്തിന്റെ വിജയം കൂടിയാണത്. പ്രണയിച്ച പുരുഷനൊപ്പം ജീവിക്കാന്‍ കൊതിച്ചതു തടയാന്‍ ശ്രമിച്ച പ്രതാപത്തിനെതിരെ ഒറ്റയ്ക്കു നടത്തിയ പോരാട്ടത്തിന്റെ വിജയം. പണത്തിന്റെ ഹുങ്കില്‍ ഹൃദയങ്ങള്‍പോലും സ്വന്തമാക്കാമെന്നു വ്യാമോഹിച്ച സ്വാധീനശേഷിയെ മുട്ടുകുത്തിച്ച ഇച്ഛാശക്തിയുടെ വിജയം.

MORE IN INDIA
SHOW MORE
Loading...
Loading...