നായിഡുവിനെ ‘പൊളിച്ചടുക്കി’ ജഗന്‍; നടുങ്ങി ആന്ധ്ര; ഇത് പകയോ ജനനന്‍മയോ?

jagan-anidu-2
SHARE

ദേശീയ രാഷ്ട്രീയം മുഴുവന്‍ ഇപ്പോള്‍ കണ്ണുനട്ടിരിക്കുന്നത് കന്നഡനാട്ടില്‍‌ അരങ്ങേറിയ നാടകത്തിന്‍റെ ക്ലൈമാക്സ് കാണാനാണ്. തൊട്ടടുത്ത് ആന്ധ്രയില്‍ കുറച്ചുകൂടി സിനിമാറ്റിക് ആണ് കാര്യങ്ങള്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസ്–ജെഡിയു സര്‍ക്കാര്‍ വീഴുമോ എന്ന ആശങ്കയില്‍ നില്‍ക്കുമ്പോള്‍ ആന്ധ്രയില്‍ പലതും വീണുകഴിഞ്ഞു. കര്‍ണാടകയില്‍ ഇളക്കം തട്ടിയ മുഖ്യമന്ത്രിക്കസേരയിലാണ് കുമാരസ്വാമിയുടെ ഇരിപ്പെങ്കില്‍ ആന്ധ്രയില്‍ ഉറപ്പുള്ള മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാതെ സംസ്ഥാനം പൊളിച്ചടുക്കാന്‍ ഓടി നടക്കുകയാണ് ജഗന്‍മോഹന്‍ റെഡ്ഡി.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡി ഇങ്ങനെ പറഞ്ഞു. "എനിക്കാരോടും ദേഷ്യമില്ല. എല്ലാവരെയും സ്നേഹിക്കാനാണ് ബൈബിള്‍ പഠിപ്പിച്ചത്. ദൈവം വിധിക്കുന്ന പോലെ എല്ലാം സംഭവിക്കുന്നു". തിരഞ്ഞെടുപ്പിന് ശേഷം സംഭവിച്ചത് പക്ഷേ മറ്റൊന്നാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പകയുടെ കനലുകള്‍ കെടാതെ സൂക്ഷിച്ച ജഗനെക്കണ്ട് ഞെട്ടിയിരിക്കുകയാണ് ആന്ധ്ര. 2009ല്‍  ജഗന്‍റെ പിതാവ് വൈഎസ്് രാജശേഖരറെഡ്ഡിയെ ‘അഴിമതി രാജാവ് ’എന്ന് പേരിട്ടുവിളിച്ച് ക്യാംപയിന്‍ നടത്തിയ ചന്ദ്രബാബു നായിഡുവാണ് ജഗന്‍റെ ലക്ഷ്യം. ‘അഴിമതിയുടെ ചക്രവര്‍ത്തി’ എന്ന് നായിഡുവിനെ വിശേഷിപ്പിച്ച് വൈഎസ്ആര്‍പി പുതിയ ക്യാംപയിന്‍ തുടങ്ങിക്കഴിഞ്ഞു. പിതാവിന്‍റെ മരണശേഷം മുഖ്യമന്ത്രി പദം നിരാകരിച്ച കോണ്‍ഗ്രസിനെ സംസ്ഥാനത്ത് തീര്‍ത്തെടുത്തയാളാണ് ജഗന്‍. അതുകൊണ്ട് ജഗനെ നിസാരമായി തള്ളിക്കളയാനാകില്ല നായിഡുവിന്. ഒരുദിവസമെങ്കില്‍ ഒരുദിവസം നായിഡുവിനെ അഴിയെണ്ണിക്കണമെന്ന ജഗന്‍റെ ആഗ്രഹം വിശ്വസ്തര്‍ തന്നെയാണ് തുറന്നുപറഞ്ഞത്.

പുതിയ മുഖ്യമന്ത്രി അധികാരമേറ്റയുടന്‍ ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മുന്‍സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളിലെ അഴിമതി അന്വേഷണം മാത്രമാണ് ലക്ഷ്യം. സമിതി തേങ്ങയുടച്ച് തുടങ്ങിയത് നായിഡുവിന്‍റെ  വീട്ടുപടിക്കലാണ്. കൃഷ്ണാനദീ തീരത്തെ ബംഗ്ലാവിലേക്കുള്ള റോ‍‍ഡ് നൈസായങ്ങ് പൊളിച്ചു. അനധികൃത നിര്‍മാണമായതിനാല്‍ താമസമൊഴിയണം എന്ന് നോട്ടീസും പതിച്ചു. ആന്ധ്രയുടെ മുന്‍മുഖ്യമന്ത്രി  താമസിക്കാന്‍ പുതിയ സ്ഥലം അന്വേഷിച്ചിറങ്ങുന്നതിനിടെ അടുത്ത പ്രഹരമെത്തി. നായിഡുവിന്‍റെ സ്വപ്നമായിരുന്ന ഓഫിസ് മന്ദിരം ‘പ്രജാവേദിക’ ആയിരുന്നു അടുത്ത വേദി. കോടികള്‍ മുടക്കിയ കെട്ടിടം പ്രതിപക്ഷനേതാവിന്‍റെ ഓഫിസ് ആയി അനുവദിക്കണം എന്നാവശ്യപ്പെട്ട് നായിഡു സര്‍ക്കാരിന് കത്തെഴുതി. പിറ്റേന്ന് ഉറക്കമുണര്‍ന്നപ്പോള്‍ ‘പ്രജാവേദിക’ നിന്നയിടം ശൂന്യം. എട്ടുകോടി മുടക്കിയ കെട്ടിടം ചീട്ടുകൊട്ടാരം പോലെ തകര്‍ത്തുതരിപ്പണമാക്കി.

നായിഡുവിന്‍റെ പോളാര്‍വട്ടം പദ്ധതി പ്രദേശത്തെത്തിയ ജഗന്‍ അപാകതകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടി. തലസ്ഥാനമായ അമരാവതിക്കായി കര്‍ഷകരില്‍ നിന്ന് ലാന്‍ഡ് പൂളിങ് നടത്തിയതുമുതല്‍ കൊതുകുനിവാരണത്തിലെ അപാകതകളില്‍ വരെ അന്വേഷണം നടക്കുന്നു. വിശാഖപട്ടണത്തെ തെലുങ്കുദേശം പാര്‍ട്ടി ഓഫിസിനു മുന്നിലും പതിച്ചു ഒരു നോട്ടീസ്. നിയമപരമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ അതും പൊളിക്കുമെന്നാണ് മുന്നറിയിപ്പ്.  നായിഡുവിന്‍റെ നരവരിപ്പള്ളിയിലെ വീടിനുണ്ടായിരുന്ന സുരക്ഷയും ഒഴിവാക്കി. തിരുപ്പതിയില്‍ മാവോയിസ്റ്റ് ആക്രമണം നേരിട്ടതുമുതല്‍ ഇസഡ് കാറ്റഗറി സുരക്ഷയുണ്ടായിരുന്നു നായിഡുവിന് ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന സ്റ്റാഫേയുള്ളൂ.  എല്ലാം വെട്ടിനിരത്തി.

മുന്‍സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളിലും അഴിമതി ആരോപിച്ച ജഗന്‍ അടുത്തമാസം പകുതിയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപസമിതിയോടാവശ്യപ്പെട്ടു. ആ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ആന്ധ്രയുടെ ഐടി മാന്‍ സ്വന്തം ഭാവി തീരുമാനിക്കേണ്ടത്.  ഇതിനെല്ലാം പുറമെയാണ് ടിഡിപിയില്‍ നിന്ന് വൈഎസ്ആര്‍പിയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക്.  അമരാവതി എന്ന സ്വപ്നം കോടികളുടെ അഴിമതിയാരോപണങ്ങളുടെ ഭാരവുമായി  നായിഡുവിന്‍റെ ഉറക്കം നഷ്ടപ്പെടുത്തിത്തുടങ്ങി.

പറയുമ്പോള്‍‌ പക്ഷേ എല്ലാം പറയണം. രാജ്യത്തെ അതിസമ്പന്നനായ, കള്ളപ്പണവിനിമയത്തില്‍ ജയിലി‍ല്‍ കിടന്ന, മുപ്പതിലേറെ കടലാസുകമ്പനികളുടെ ഉടമയായ ജഗന്‍മോഹന്‍ റെഡ്ഡിക്ക് ഇപ്പോള്‍ നല്ല മാറ്റമുണ്ട് എന്ന് പറയും മുന്‍പ് ഇതുകൂടി കാണണം. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ 3000 കിലോമീറ്റര്‍ പദയാത്ര നടത്തിയ നേതാവ് അധികാരത്തിലെത്തിയപ്പോള്‍ കോണ്‍വോയ് ആയി ഹെലികോപ്റ്ററുകളുമായാണ് യാത്ര. കനത്ത സുരക്ഷയില്‍ ജനങ്ങളെ കാണാനെത്തുന്ന മുഖ്യമന്ത്രി. ഗുണ്ടൂരില്‍ ജഗന്‍റെ ക്യാംപ് ഓഫിസില്‍  ഹെലിപാഡ് തീര്‍ക്കാന്‍ 1.89 കോടി രൂപ ചെലവിട്ടു കഴിഞ്ഞു. സെക്യൂരിറ്റി പൊസ്റ്റുകളും പൊലീസ് ബാരക്കും സുരക്ഷാ സംവിധാനങ്ങളുമെല്ലാം ഇതിനോട് അനുബന്ധമായി സ്ഥാപിക്കും. ഇതിനെല്ലാമുള്ള കോടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു.

ആന്ധ്രയില്‍ ജഗനും നായിഡുവും അല്ലാതെ വേറെ കുറച്ചാളുകള്‍ കൂടിയുണ്ട്.  വോട്ടര്‍മാര്‍. സര്‍ക്കാരിന് വികസനത്തിനായി ഭൂമി നല്‍കിയവര്‍, വരള്‍ച്ചയില്‍ കൃഷി നഷ്ടപ്പെട്ടവര്‍, കുടിവെള്ളം കിട്ടാത്തവര്‍... അങ്ങനെയെങ്ങനെ. അവരെല്ലാം കാത്തിരിക്കുകയാണ്. ഇതിനിടയില്‍ എപ്പോഴെങ്കിലും പഴയ മോഹനവാഗ്ദാനങ്ങളില്‍ ഒന്നെങ്കിലും യാഥാര്‍ഥ്യമാകുമെന്ന കാത്തിരിപ്പ്.

MORE IN INDIA
SHOW MORE
Loading...
Loading...