6 മണിക്കൂര്‍ മഴയില്‍ നനഞ്ഞു കുളിച്ച് ഡികെ; ബലപ്രയോഗം, കസ്റ്റഡി, സംഘര്‍ഷം

shivakumar-congress
SHARE

6 മണിക്കൂറിലേറെ നീണ്ട രാഷ്ട്രീയ നാടകത്തിനൊടുവിൽ വിമതരെ കാണാൻ പോലുമാകാതെ ‘പ്രശ്ന പരിഹാരകൻ’ ഡി.കെ. ശിവകുമാറിന്റെ മടക്കം. പവയിലെ റിനൈസൻസ് പഞ്ചനക്ഷത്ര ഹോട്ടലിനു മുന്നിൽ കനത്ത മഴയത്തു നനഞ്ഞുകുളിച്ച് 6 മണിക്കൂർ കാത്തുനിന്ന അദ്ദേഹത്തെ ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുത്തത് സംഘർഷത്തിന് ഇടയാക്കി.

മഴ നനഞ്ഞു ക്ഷീണിതനായ ശിവകുമാർ മുംബൈയിൽനിന്നു മടങ്ങിയത് രാത്രിയോടെ. പുറത്ത് നാടകം നീളുമ്പോൾ, വിമതർ ക്ലൈമാക്സ് കാത്ത് ഹോട്ടൽ മുറിയിൽ വിശ്രമത്തിലായിരുന്നു. 

നാടകീയ രംഗങ്ങൾ ഇങ്ങനെ

രാവിലെ 7.30: ശിവകുമാർ മുംബൈയിൽ വിമാനമിറങ്ങുന്നു. വിവരമറിഞ്ഞ് റിനൈസൻസ് ഹോട്ടലിനു മുന്നിേലക്കു വിമത എംഎൽഎമാരെ പിന്തുണയ്ക്കുന്നവരുടെയും ബിജെപി പ്രവർത്തകരുടെയും ഒഴുക്ക്.

8.20: ശിവകുമാറിന്റെ വാഹനം ഹോട്ടലിനു മുന്നിൽ തടഞ്ഞ് പൊലീസ്. ചുറ്റും ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങൾ. മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും സുഹൃത്തുക്കളായ എംഎൽഎമാരെ കാണാനാണു വന്നതെന്നും ഡികെഎസ്. ഭീഷണിയുണ്ടെന്നും കാണേണ്ടെന്നും വിമതരുടെ കത്ത് പൊലീസിന്. ശിവകുമാറിന്റെ ബുക്കിങ് അടിയന്തര കാരണങ്ങളാൽ റദ്ദാക്കിയെന്നു ഹോട്ടലുകാരുടെ അറിയിപ്പ്. ഇന്ത്യൻ പൗരനും ജനപ്രതിനിധിയുമാണെന്നു ശിവകുമാർ; സഹപ്രവർത്തകരെ കാണാതെ മടങ്ങില്ലെന്നും. ഹോട്ടലിനു മുന്നിൽ 3 മണിക്കൂറോളം നിൽപ്. ഇതിനിടെ, മാധ്യമ അഭിമുഖങ്ങൾ.

11.30: ഹോട്ടലിൽ നിന്നെത്തിച്ച കസേരകളിൽ ശിവകുമാറും മറ്റ് 3 പേരും ഇരിപ്പായി. ഇതിനിടെ, ശക്തമായ മഴയും കാറ്റും. ശിവകുമാർ മുംബൈയിൽ വന്നത് പ്രശസ്തിക്കു വേണ്ടിയാണെന്നു വിമത എംഎൽഎ രമേഷ് ജാർക്കിഹോളി. ബിസിനസ് നടക്കുന്നില്ലെന്നും അതിഥികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും ഹോട്ടലിന്റെ പരാതി പൊലീസിന്. മാധ്യമപ്രവർത്തകർക്ക് ഹോട്ടൽ അധികൃതർ തയാറാക്കിയ ഭക്ഷണം വിതരണം ചെയ്ത് പൊലീസ്. കൂടുതൽ ആളുകൾ എത്തുകയും ശിവകുമാർ പിൻമാറാതിരിക്കുകയും ചെയ്തതോടെ പവയിൽ നിരോധനാജ്ഞ പ്രഖ്യാപനം. 4 പേർ മാത്രമേയുള്ളൂവെന്നും നിരോധനാജ്ഞ ലംഘിച്ചിട്ടില്ലെന്നും ശിവകുമാർ. ഇതോടെ, പൊലീസ് വീണ്ടും പ്രതിരോധത്തിൽ. 

1.15: മുൻ കേന്ദ്രമന്ത്രിയും മുംബൈ റീജനൽ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനുമായ മിലിന്ദ് ദേവ്റ, മഹാരാഷ്ട്ര എംഎല്‍എനസീം ഖാൻ, മുൻ എംപി സഞ്ജയ് നിരുപം തുടങ്ങിയ കൂടുതൽ കോൺഗ്രസ് നേതാക്കൾ എത്തുന്നു. 8 പൊലീസ് ബസുകൾ കൂടി ഹോട്ടൽ പരിസരത്തേക്ക്. 

2.25: ആളുകൾ കൂടിയെന്നാരെോപിച്ച് ശിവകുമാർ, ദേവ്റ എന്നിവരടക്കമുള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുന്നു.

മുംബൈ സർവകലാശാലയുടെ കലീന ക്യാംപസ് റെസ്റ്റ് ഹൗസിലേക്ക്. രക്തസമ്മർദത്തിലെ വ്യതിയാനത്തെത്തുടർന്ന് ശിവകുമാറിന് വൈദ്യപരിശോധന. 

6.15: നേതാക്കളെ വിട്ടയയ്ക്കുന്നു. ബെംഗുളുരുവിലേക്കു മടങ്ങണമെന്നും മുംബൈ വിമാനത്താവളം വരെ സുരക്ഷാ സംഘം ഒപ്പമുണ്ടാകുമെന്നും ശിവകുമാറിനോട് പൊലീസ്. കോൺഗ്രസ്- ജനതാദൾ(എസ്) സർക്കാർ സുരക്ഷിതമായിരിക്കുമെന്നു പ്രതികരിച്ച് ശിവകുമാറിന്റെ മടക്കം. മുംബൈ പൊലീസിനു രൂക്ഷവിമർശനവും. 

MORE IN INDIA
SHOW MORE
Loading...
Loading...