‘ചത്തത് കുമാരസ്വാമിയെങ്കില്‍ കൊന്നത് സിദ്ധരാമയ്യ അല്ല’; ആരുമറിയാത്ത കഥ

karnataka-inside-story
SHARE

കര്‍ണാടകയില്‍ കോണ്‍ഗ്രസ്–ദള്‍ സര്‍ക്കാര്‍ വീഴുമെന്നുറപ്പായതോടെ എല്ലാവരും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ നോക്കി നെറ്റി ചുളിക്കുകയാണ്. വിമതനീക്കത്തിന് ചുക്കാന്‍ പിടിച്ചത് അദ്ദേഹമാണെന്നാണ് ആരോപണം. ഈ ആരോപണം ആവര്‍ത്തിച്ച് ഉന്നയിച്ചത് ബിജെപിയാണ്. സിദ്ധരാമയ്യും കുമാരസ്വാമിയും തമ്മിലുള്ള ശത്രുത എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ  ചത്തത് കുമാരസ്വാമിയെങ്കില്‍ കൊന്നത് സിദ്ധരാമയ്യ തന്നെ എന്ന് എല്ലാവരും ഉറപ്പിച്ചു. 

എന്നാല്‍ ഇത്തവണ കര്‍ണാടക കോണ്‍ഗ്രസില്‍ കലാപമുയര്‍ന്നതിന് പിന്നില്‍ അത്രയാരും പറയാത്ത മറ്റൊരു കഥയുണ്ട്. ആ കലാപം രാമലിംഗറെഡ്ഡി എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും തമ്മിലുള്ളതാണ്. ബെംഗളൂരു വികസന വകുപ്പ് ഉപ മുഖ്യമന്ത്രി ജി.പരമേശ്വയ്ക്കാണ്. അധികാരമേറ്റയുടന്‍ പരമേശ്വര ബിബിഎംപി അഥവാ  'ബ്രഹത് ബംഗളൂരു മഹാനഗരപാലികെ'യില്‍ പിടിമുറുക്കി. റെഡ്ഡിയുടെ അടുപ്പക്കാരനായ ബെംഗളൂരു മേയര്‍ ജി.മല്ലികാര്‍ജുനന്‍റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കി.

ഉദാഹരണത്തിന്, 140 കോടി രൂപ വരെ സ്വന്തമായി മേയര്‍ക്ക് ചിലവഴിക്കാവുന്നത് 40 കോടിയാക്കി ചുരുക്കി. ഇതോടെ ബെംഗളൂരൂ നഗരത്തിലെ വിവിധ വികസന പദ്ധതികള്‍ മുടങ്ങി. ഇതിനെതിരെ മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ രാമലിംഗറെഡ്ഡി രംഗത്തിറങ്ങി. എസ്.ടി.സോമശേഖര്‍, ബി.എ.ബസവരാജു, എന്‍.മുനിരത്ന എന്നിവരും അദ്ദേഹത്തെ പിന്തുണച്ചു.  രാമലിംഗ റെഡ്ഡിയുടെ മണ്ഡലമായ ബിടിഎം ലെ ഔട്ട്, സോമശേഖറുടെ യശ്വന്തപുര(ബാംഗ്ലൂര്‍ അര്‍ബന്‍), ബസവരാജുവിന്‍റെ കെ.ആര്‍ പുര, മുനിരത്നയുടെ ആര്‍.ആര്‍ നഗര്‍ എന്നിവയാണ് 'പരമേശ്വരയുടെ പരിഷ്കാരങ്ങള്‍ ' ബാധിച്ചത്.  

പരമേശ്വരയുടെ ഇഷ്ടക്കാരനായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.മഞ്ജുളയെ ബി.ബി.എം.പിയില്‍ നിയമിക്കുക കൂടി ചെയ്തതോടെ ചേരിപ്പോര് മുറുകി.   അസ്വസ്ഥതകള്‍ വിമതനീക്കത്തിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് കരുതിയില്ല. ഡി.കെ.ശിവകുമാറും രമേശ് ജര്‍ഖിഹോളിയുമായുള്ള തൊഴുത്തില്‍ക്കുത്ത് വിമതനീക്കങ്ങള്‍ക്ക് ആക്കം കൂട്ടി. പുര കത്തിത്തുടങ്ങി എന്ന് മനസിലായയുടന്‍ ചാടാന്‍ തയാറായി നിന്ന രമേശ് ജാര്‍ഖിഹോളിയും കൂട്ടരും വാഴവെട്ടിക്കൊണ്ട് മറുകണ്ടം ചാടി. 

രാമലിംഗറെഡ്ഡിയെപ്പൊലൊരു മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിടില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതേസമയം റെഡ്ഡിക്കും കൂട്ടര്‍ക്കും സിദ്ധരാമയ്യയുടെ നിശബ്ദ പിന്തുണ ഉണ്ടായിരുന്നു താനും. ഒരിക്കലും ചേരാത്ത  സിദ്ധരാമയ്യയെയും കുമാരസ്വാമിയെയും നിര്‍ബന്ധിച്ച് കൂട്ടിയോജിപ്പിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡായിരുന്നു. 78 സീറ്റ് നേടിയ കോണ്‍ഗ്രസ് 37 സീറ്റുകൾ മാത്രം ലഭിച്ച ദളിനു മുഖ്യമന്ത്രി പദം വച്ചുനീട്ടിയത് സിദ്ധരാമയ്യക്ക് മാത്രമല്ല, കര്‍ണാടകയിലെ കോണ്‍ഗ്രസ് അണികള്‍ക്കും ദഹിക്കുന്ന തീരുമാനമായിരുന്നില്ല. 

ബദ്ധവൈരിയായ കുമാരസ്വാമി മുഖ്യമന്ത്രിക്കസേരയിലിരുന്ന നിമിഷം ഉറക്കം നഷ്ടപ്പെട്ടതാണ് സിദ്ധരാമയ്യക്ക്. കാളകൂട വിഷം കഴിച്ച ശിവനെപ്പോലെ ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി പദമെന്ന് പറഞ്ഞ് വിങ്ങിക്കരയുന്ന കുമാരസ്വാമിയെയാണ് പിന്നീട് കര്‍ണാടക കണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയത്തോടെ പോര് പാരമ്യത്തിലെത്തി. നേതാക്കള്‍ക്കിടയില്‍ മാത്രമല്ല അണികള്‍ക്കിടയിലും ചേരിപ്പോര് ശക്തമായി.  ഫലം ലോക്സഭാ തിരഞ്ഞെടുപ്പിൽ  കോൺഗ്ര‌സ് കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിലേക്ക് പോയി . മൽസരിച്ച 21 സീറ്റിൽ ഒരിടത്തു മാത്രമാണ് ജയിക്കാനായത്.  

karnataka-crises-mub-to-goa

ഇരുപക്ഷത്തെയും വമ്പന്‍മാര്‍ തകര്‍ന്നടിഞ്ഞു. ദൾ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ, കൊച്ചുമകനും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽഗൗഡ, മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖർഗെ, വീരപ്പമൊയ്‌ലി, കർണാടക പിസിസി വർക്കിങ് പ്രസി‍ഡന്റ് ഈശ്വർ ഖൺഡ്രെ, മന്ത്രി കൃഷ്ണബൈരെഗൗഡ എന്നിവരെല്ലാം തോൽവിയുടെ കയ്പുനീർ കുടിച്ചു. രാഹുല്‍ഗാന്ധി പലതവണ ഇരുപക്ഷത്തെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുറഞ്ഞത് 3 ലക്ഷം വോട്ടിന് വിജയിക്കേണ്ടിയിരുന്ന തുമക്കൂരുവിൽ എച്ച്.ഡി ദേവെഗൗഡ തോറ്റത് 13,339 വോട്ടിനാണ്. കോണ്‍ഗ്രസിന്‍റെ  സീറ്റ് തട്ടിയെടുത്തെന്ന് ആരോപിച്ച് പ്രാദേശിക നേതൃത്വമാണ് ഗൗഡയെ കാലുവാരിയത്. 

മുഖ്യമന്ത്രിമോഹവുമായി കഴിയുന്ന ബിജെപി നേതാവ് ബി.എസ്.യഡിയൂരപ്പയുടെ സ്വപ്നങ്ങള്‍ക്ക് ഇതോടെ വീണ്ടും ചിറകുമുളച്ചു. സഖ്യം തുടരാനാവില്ലെന്ന റിപ്പോര്‍ട്ടുമായി സിദ്ധരാമയ്യ രാഹുല്‍ഗാന്ധിയെ വീണ്ടും കണ്ടെങ്കിലും മന്ത്രിസഭ നിലനിര്‍ത്തണമെന്നായിരുന്നു നിര്‍ദേശം.  പണവും അധികാരമോഹവും കൊടികുത്തിവാഴുന്ന കര്‍ണാടക രാഷ്ട്രീയത്തില്‍ ഇനിയുമേറെ നാടകങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...