അധ്യാപകരെ വാഴ്ത്തി ഹൃത്വിക് റോഷൻ; ഹാപ്പിമോന്‍ പട്ടികയിലെ മലയാളി: അഭിമാനം

rasmi-web-story
SHARE

അധ്യാപകരെ പ്രശംസിച്ച് ബോളിവുഡ് താരം  ഹൃത്വിക് റോഷന്‍. രാജ്യത്തെ മികച്ച അധ്യപകരെ പേരെടുത്ത് പറഞ്ഞ് ട്വിറ്ററിലിട്ട കുറിപ്പിലാണ് അധ്യാപനത്തിന്റെ മഹത്വത്തെക്കുറിച്ച് താരം വാചാലനാകുന്നത്. മലയാളിയും, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അധ്യാപകനുമായ ഹാപ്പിമോന്‍ ജേക്കബും ഹൃത്വിക്കിന്റെ പട്ടികയിലിടം പിടിച്ചു. പുതിയ ചിത്രമായ സൂപ്പര്‍ 30–യില്‍ ഗണിതശാസ്ത്ര അധ്യാപകന്റെ വേഷത്തിലാണ് ഹൃത്വിക് റോഷന്‍ എത്തുന്നത്. പ്രശസ്ത ഗണിത ശാസ്ത്രാധ്യാപകനായിരുന്ന ആനന്ദ്കുമാറിന്റെ ജീവിതമാണ് സിനിമയാകുന്നത്. ചിത്രം തന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.

നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്കാണുള്ളതെന്നാണ് ഹൃത്വിക്കിന്റെ നിരീക്ഷണം. ട്വിറ്ററില്‍ താരം രാജ്യത്തെ മികച്ച അധ്യാപകരുടെ പട്ടിക പ്രസിദ്ധികരിച്ചതോടെയാണ് ഹാപ്പിമോന്‍ ജേക്കബിനെ എല്ലാവരും തിരയുന്നത്.  ഇന്ത്യ പാക് വിഷയമുള്‍പ്പെടെ വിദേശകാര്യ വിഷയങ്ങളില്‍ വിദഗ്ധനാണ് ഇദ്ദേഹം, രാജ്യാന്തര മാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ ഹാപ്പിമോന്‍ ജേക്കബ് വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകന്‍ കൂടിയാണ്. യുവനേതാവ് കനയ്യ കുമാറുള്‍പ്പെടെയുള്ള വിപുലമായ ശിഷ്യസമ്പത്തിനുടമയാണ് ഇദ്ദേഹം.

കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശകന്‍ എന്ന നിലയിലും ഹാപ്പിമോന്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ്. ടെലിവിഷന്‍ ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പലഘട്ടങ്ങളിലും തുറന്ന വിമര്‍ശനമാണ് ഇദ്ദേഹം ഉന്നയിച്ചത്. ലൈന്‍ ഒാഫ് ഫയര്‍, ലൈൻ ഒാഫ് കണ്‍ട്രോള്‍, തുടങ്ങിയ ശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് ഹാപ്പിമോന്‍. 

രാജ്യത്തെ മികച്ച നടന്മാരിലൊരാളായ ഹൃത്വിക് റോഷന്‍ തന്നെ പേരെടുത്ത് പരാമര്‍ശിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹാപ്പിമോന്‍ ജേക്കബ് പ്രതികരിച്ചു. വിദ്യാര്‍ഥികള്‍ക്കിത് പ്രചോദനമാകും, അധ്യാപനം ഏറെ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ഇത്തരം പരാമര്‍ശങ്ങള്‍ സമൂഹത്തിന് വലിയ സന്ദേശം നൽകുമെന്നും  അദ്ദേഹം മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. പ്രശസ്തരായ വ്യക്തിത്വങ്ങള്‍ കുട്ടികളെ വല്ലാതെ സ്വാധീനിക്കും, ഈ അഭിനന്ദനം കൂടുതല്‍ ഉത്തരവാദിത്തം നൽകുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

MORE IN INDIA
SHOW MORE
Loading...
Loading...